യാത്രയയപ്പു നല്‍കി
Friday, October 22, 2021 4:31 PM IST
കുവൈറ്റ് സിറ്റി: ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി (മീഡിയ) ഫഹദ് അഹമ്മദ് ഖാന്‍ സൂരിക്ക് യാത്രയയപ്പു നല്‍കി.

ഇന്ത്യന്‍ പ്രഫണൽ നെറ്റ്‌വർക്ക് , ഇന്ത്യന്‍ ബിസിനസ് നെറ്റ്‌വർക്ക് എന്നീ സംഘടകൾ ചേർന്ന് എംബസി ഓഡിറ്റോറിയത്തില്‍ നടത്തിയ യാത്രയയപ്പു ചടങ്ങ് അംബാസഡര്‍ സിബി ജോര്‍ജ് ഉദ്ഘാടനം ചെയ്തു.

കഴിഞ്ഞ മൂന്നു വർഷമായി കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ സേവനമനുഷ്ഠിച്ച ഫഹദ് കുവൈറ്റിലെ നിയമനം പൂർത്തിയാക്കി ഡൽഹിയിലേക്കാണ് മടങ്ങുന്നത്.

എംബസിയുടെ ഏതൊരു പ്രവര്‍ത്തനത്തിനും മുൻപന്തിയലായിരുന്നു ഫഹദ് സൂരിയെന്നും രാവേന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏതൊരു കാര്യത്തിനും ആശ്രയിക്കാവുന്ന ഏറ്റവും മികച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹമെന്നും സിബി ജോർജ് പറഞ്ഞു.

ചാൻസറി ഹെഡ് എന്ന നിലയിലും എംബസിയുടെ വക്താവ് എന്ന നിലയിലും മികച്ച സേവനമാണ് അദ്ദേഹം നല്‍കിയത്. കോവിഡ് മഹാമാരിക്കിടയിലും വന്ദേഭാരത്‌ ദൗത്യത്തിന് കുവൈറ്റിൽ നിന്നും ചുക്കാന്‍ പിടിച്ചത് ഫഹദ് സൂരിയായിരുന്നു. വന്ദേഭാരത് മിഷന്‍ തുടങ്ങിയവ വഴി ഒന്നര ലക്ഷത്തോളം ഇന്ത്യക്കാരെയാണ് നാട്ടിലെത്തിച്ചത്.

ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം ആഞ്ഞടിച്ചപ്പോള്‍ കുവൈറ്റില്‍ നിന്ന് ഇന്ത്യയിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്നതിൽ പ്രധാന പങ്കാണ് ഫഹദ് വഹിച്ചത്. ഓപ്പണ്‍ഹൗസില്‍ നിറഞ്ഞ സാന്നിധ്യമായ ഫഹദ്, ഇരു രാജ്യങ്ങളിലെ രാഷ്ട്രീയ, സാമ്പത്തിക മേഖലകളിലും മികച്ച സേവനമാണ് കാഴ്ചവച്ചത്. ഏതു വെല്ലുവിളി നിറഞ്ഞ സാഹചര്യത്തിനും പ്രായോഗിക പരിഹാരവുമായി എത്തുന്ന ഫഹദിന്‍റെ സ്ഥാന ചലനം തീരാനഷ്ടമാണെന്നും അദ്ദേഹത്തിനും കുടുംബത്തിനും എല്ലാവിധ നന്മയും ആശംസയും നേരുന്നതായും സിബി ജോര്‍ജ് കൂട്ടിചേർത്തു.

ചടങ്ങില്‍ നിരവധി സാമുഹ്യ സാംസ്കാരിക ബിസിനസ് രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. കുവൈറ്റിലെ ഇന്ത്യന്‍ സമൂഹത്തിന്‍റെ നിരവധി പ്രശ്നങ്ങളിൽ ഇടപെട്ട ഫഹദ് സൂരിയെ അഭിനന്ദിച്ച കമ്യൂണിറ്റി നേതാക്കാള്‍ അദ്ദേഹത്തിന്‍റെ ഭാവി ഉദ്യമത്തിൽ എല്ലാ വിജയങ്ങളും ആശംസിക്കുകയും ചെയ്തു.

മറുപടി പ്രസംഗത്തിൽ കുവൈറ്റിൽ തനിക്കു നൽകിയ പിന്തുണയ്ക്കും സഹായങ്ങൾക്കും ഫഹദ് സൂരി നന്ദി പറഞ്ഞു.

സലിം കോട്ടയിൽ