ഖത്തറിലെ പ്രഫഷണല്‍ ബിസിനസ് ഗ്രൂപ്പും നിലമ്പൂര്‍ അമല്‍ കോളേജും തമ്മില്‍ ഇന്‍റേണ്‍ഷിപ്പ് ധാരണ
Friday, November 26, 2021 11:41 AM IST
ദോഹ: ഖത്തറിലെ പ്രമുഖ വ്യവസായ ശൃംഖലയായ പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് നിലമ്പൂര്‍ അമല്‍ കോളേജ് ഓഫ് അഡ്വാന്‍സ് സ്റ്റഡീസുമായി, സംരഭകത്വ പരിശീലനം, മെന്‍ററിങ് പരിപാടികള്‍ എന്നിവയില്‍ ഇന്‍റേണ്‍ഷിപ്പ് ധാരണാ പത്രം ഒപ്പിട്ടു. കഴിഞ്ഞ ദിവസം അമല്‍ കോളേജില്‍ നടന്ന ചടങ്ങിലാണ് ധാരണാപത്രം ഒപ്പുവെച്ചത്.

2021-22 അക്കാദമിക വര്‍ഷത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രൊഫഷണല്‍ ഗ്രൂപ്പ് പ്രത്യേകപരിശീലന പരിപാടികളും ഇന്റര്‍നാഷണല്‍ ഇന്റേണ്‍ഷിപ്പും ഒരുക്കും. ഇതിലൂടെ ഖത്തറില്‍ മികച്ച ജോലിയവസരങ്ങള്‍ സൃഷ്ടിക്കുകയാണ് പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പിന്‍റെ ലക്ഷ്യം.

ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ അലിഹസന്‍ പദ്ധതിയുടെ ചീഫ് മെന്‍ററും ജനറല്‍ മാനേജര്‍ ഹസനലി പഞ്ച്വാനി ചീഫ് കോര്‍ഡിനേറ്ററുമാകും. അമല്‍ കോളേജ് അസിസ്റ്റന്‍റ് പ്രഫസര്‍ നിഷ എസ്. പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പദവി വഹിക്കും.

നിലമ്പൂര്‍ അമല്‍ കോളേജില്‍ നടന്ന ചടങ്ങ് പ്രിന്‍സിപ്പൽ ഡോ. സകരിയ ടി.വി ഉദ്ഘാടനം ചെയ്തു. ഡോ. അബ്ബാസ് വട്ടോളി അധ്യക്ഷത വഹിച്ചു. പ്രൊഫഷണല്‍ ബിസിനസ് ഗ്രൂപ്പ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ അലിഹസന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ശിഹാബുദ്ദീന്‍, ഡോ ശമീര്‍ ബാബു, ഡോ. ധന്യ കെ.എ, അനീസ് കെ.എ, അഹ്മദ് സാലിം, ഫില്‍സ ഹോളിഡേയ്‌സ് ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. എന്റപ്രനര്‍ഷിപ്പ് ഡെവലപെപ്മെന്റ് ക്ലബ്ബ് കോര്‍ഡിനേറ്റര്‍ നിഷ എസ്. സ്വാഗതവും ഡോ. ഫാത്തിമ അദീല ബീവി നന്ദിയും പറഞ്ഞു.

ഡോ. അമാനുല്ല വടക്കാങ്ങര