നിർബന്ധിത ക്വാറന്‍റൈൻ പിൻവലിക്കണം : ജിദ്ദ കെഎംസിസി
Monday, January 10, 2022 5:07 PM IST
ജിദ്ദ: മൂന്നു ഡോസ് വാക്‌സിനും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കട്ടുമായി നാട്ടിൽ വരുന്ന പ്രവാസികൾക്ക് കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയ നിർബന്ധിത ക്വാറന്‍റൈൻ പിൻവലിക്കണമെന്ന് ജിദ്ദ കെഎംസിസി സെൻട്രൽ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

ഇന്ത്യയിൽ കോവിഡ് കേസുകളുടെ എണ്ണം കൂടുന്നതിന്‍റെ പേരിൽ നാട്ടിലേക്ക് വരുന്ന പ്രവാസികളെ ദ്രോഹിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാർ നിലപാടിനെതിരെ യോഗം ശക്തമായ പ്രതിഷേധിച്ചു.

സംസ്ഥാന സർക്കാർ നടത്തുന്ന ഉദ്‌ഘാടന പരിപാടികളിൽ പോലും കോവിഡ് പ്രോട്ടോകോൾ പാലിക്കപ്പെടുന്നില്ലെന്നും ആയതിനാൽ ഈ നിയമം പ്രവാസികൾക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ധാർമിക്കവാകാശം സംസ്ഥാന സർക്കാരിനില്ലെന്നും യോഗം അഭിപ്രായപ്പെട്ടു. കോവിഡ് വ്യാപനം തടയാൻ പ്രവാസികളെ ദ്രോഹിക്കുകയല്ല, വാക്‌സിനേഷൻ ഉൾപ്പെടെ ഫലപ്രദമായ നടപടികൾ സ്വീകരിക്കുകയാണ് സർക്കാറുകൾ ചെയ്യേണ്ടതെന്നും യോഗം ആവശ്യപ്പെട്ടു.

പ്രസിഡന്‍റ് അഹമദ് പാളയാട്ട് അധ്യക്ഷത വഹിച്ച യോഗത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി ഷിഹാബ് താമരക്കുളം, വൈസ് പ്രസിഡൻറുമാരായ ഇസ്മായിൽ മുണ്ടക്കുളം, എ. കെ ബാവ വേങ്ങര, പി. സി. എ റഹ്‌മാൻ, അബ്ദുറഹ്മാൻ വെള്ളിമാട് കുന്ന്, സെക്രട്ടറിമാരായ ലത്തീഫ് മുസ്‌ലിയാരങ്ങാടി, നാസർ മച്ചിങ്ങൽ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു.

കെ.ടി. മുസ്തഫ പെരുവള്ളൂർ