ബിഎൽഎസ് ഔട്ട് സോഴ്‌സിംഗ് സെന്‍ററുകള്‍ പ്രവർത്തനം ആരംഭിച്ചു
Tuesday, January 11, 2022 7:06 PM IST
കുവൈറ്റ് സിറ്റി: ബിഎൽഎസ് ഔട്ട് സോഴ്‌സിംഗ് സെന്‍ററുകളുടെ ഉദ്ഘാടനം അംബാസഡർ സിബി ജോർജ് നിർവഹിച്ചു. ശർഖ് ഖാലിദ് ഇബ്നു വലീദ് സ്ട്രീറ്റിൽ ജവാഹറ ടവർ മൂന്നാം നില, ജലീബ് അൽ ശുയൂഖ് ഒലീവ് സൂപ്പർ മാർക്കറ്റ് ബിൽഡിംഗ്, ഫഹാഹീൽ മക്ക സ്ട്രീറ്റ് അൽ അനൂദ് ഷോപ്പിംഗ് കോംപ്ലക്സിന്‍റെ മെസനൈൻ ഫ്ലോർ എന്നിവിടങ്ങളിലാണ് പുതിയ ഓഫിസുകൾ.

ജനുവരി 10 നു ഉദ്ഘാടനം നിർവഹിച്ച മൂന്നു സെന്‍ററുകളുടെയും പ്രവർത്തനം ചൊവ്വാഴ്ച മുതലാണ് ആരംഭിക്കുക. കോൺസുലാർ, പാസ്പോർട്ട്, സേവനങ്ങളാണ് ഇവിടെനിന്നും ലഭിക്കുക.

ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ എട്ടു മുതൽ ഉച്ചയ്ക്ക് 12 വരെയും വൈകുന്നേരം നാലു മുതൽ രാത്രി എട്ടുവരെയും സേവനകേന്ദ്രങ്ങൾ പ്രവർത്തിക്കും. വെള്ളിയാഴ്ച വൈകീട്ട് മാത്രമായിരിക്കും പ്രവർത്തനം. പാസ്പോർട്ട്, വീസ സേവനങ്ങൾക്ക് പുറമെ ബന്ധപ്പെട്ട അറ്റസ്റ്റേഷൻ സേവനങ്ങളും ചൊവ്വാഴ്ച മുതൽ ബിഎൽഎസ് സെന്‍ററുകൾ വഴിയാണ് ലഭ്യമാകുക. മരണ രജിസ്ട്രേഷൻ എംബസിയിൽ തന്നെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.

സലിം കോട്ടയിൽ