"വിശ്വാസികൾ മുസ് ലിം വിരുദ്ധ അജണ്ടകളെ വിവേകത്തോടെ നേരിടണം'
Wednesday, January 12, 2022 12:51 PM IST
ജിദ്ദ: സമൂഹത്തിൽ ഇന്ന് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്നത് ദളിത് മുസ് ലിം ന്യൂനപക്ഷ വിഭാഗമാണെന്നും അതിനെ നേരിടേണ്ടത് നിസംഗമായ നിലപാട് സ്വീകരിച്ചുകൊണ്ടോ വൈകാരികമായ പ്രതിപ്രവർത്തനങ്ങളിലൂടെയോ അല്ല, മറിച്ച് ഇത്തരം സന്ദർഭങ്ങളിൽ പ്രവാചകൻ കൈകൊണ്ട പ്രായോഗികവും ബുദ്ധിപരവുമായ സമീപനത്തിലൂടെ യുമായിരിക്കണമെന്ന് മൗലവി ഹംസ നെല്ലായ.

ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്‍ററിൽ വരാന്ത്യ ഓൺലൈൻ ക്ലാസിൽ ഇസ് ലാം വിരുദ്ധതയും മുസ് ലിമിന്‍റെ നിലപാടും എന്ന വിഷയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുസ് ലിം സമൂഹം അതിന്‍റെ ആരംഭ കാലം മുതലേ പലവിധ ആക്രമണങ്ങൾക്കും പീഡനങ്ങൾക്കും വിധേയരായിട്ടുണ്ട്. നിങ്ങൾ ആക്രമണങ്ങൾക്ക് വിധേയരാകുമെന്ന് ഖുർആൻ നേരെത്തെ മുന്നറിയിപ്പു നൽകിയിട്ടുമുണ്ട്.

സമൂഹം നേരിടുന്ന മറ്റൊരു ഭീഷണിയാണ് പള്ളികളുടെയും വഖഫ്സ്വത്തിന്റെയും സംരക്ഷണ ചുമതല. ഇവിടെയും ന്യൂനപക്ഷം അപര വൽക്കരിക്കപ്പെടുന്നു. ഇതിനെ പ്രതിരോധിക്കുകയും മുസ്ലിം സമൂഹത്തെ അനുകൂലിക്കുകയും ചെയ്യുന്ന സമാനചിന്താഗതിക്കാരായ രാഷ്ട്രീയക്കാരുമായി ഒത്തുചേർന്ന് ഇതിനെ ശക്തമായി നേരിടുകയും അവകാശങ്ങൾ നേടിയെടുക്കുവാനുമാണ് മുസ്ലിം നേതൃത്വം ഒറ്റക്കെട്ടായി പരിശ്രമിക്കേണ്ടത്.

സ്കൂൾ യൂണിഫോമിന്‍റെ പേരിലുള്ള വിവാദം ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഇവിടെയും പ്രകടമാവുന്നത് മുസ് ലിം വിരുദ്ധത തന്നെയാണ്. മറ്റു സമുദായങ്ങളെ ഇത് ബാധിക്കുന്നില്ല. ഇസ്ലാമിൽ സ്ത്രീ പുരുഷ വേഷം ധരിക്കുന്നതും പുരുഷൻ സ്ത്രീയുടെ വേഷം കെട്ടുന്നതും നിരോധിച്ച കാര്യമാണ്.

മുസ് ലിം സമൂഹത്തിനു നേരെ നിരന്തരമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രലോഭനങ്ങളെയും പ്രകോപനങ്ങളെയും മതം അനുശാസിച്ച ശക്തമായ ആയുധമായ ക്ഷമ കൊണ്ടും വിവേകപൂർണമായ തീരുമാനങ്ങൾ കൈക്കൊണ്ടുമാണ് നേരിടേണ്ടതെന്ന് ഹംസ മൗലവി സദസ്യരെ ഉദ്ബോധിപ്പിച്ചു.

സെന്‍റർ സെക്രട്ടറി ശിഹാബ് സലഫി സ്വാഗതം ആശംസിച്ചു. അബാസ് ചെമ്പൻ നന്ദിയും പറഞ്ഞു

കെ.ടി. മുസ്തഫ പെരുവള്ളൂർ