വിദ്യാകിരണം പദ്ധതിക്കായി കേളിയുടെ പായസ ചലഞ്ച്
Sunday, January 23, 2022 12:37 PM IST
റിയാദ് : പൊതു വിദ്യാഭ്യാസ സംരക്ഷണം ലക്ഷ്യം വെച്ച് കേരള സർക്കാർ ആവിഷ്കരിച്ച വിദ്യാകിരണം പദ്ധതിയിലേക്ക് സഹായമെത്തിക്കാൻ കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ വേറിട്ട പ്രവർത്തനം. പദ്ധതിയിലേക്ക് സഹായമെത്തിക്കാൻ കേളി ദിനത്തിൽ പായസ ചലഞ്ച് നടത്തിയാണ് കേളി പണം സ്വരൂപിച്ചത്.

നിർദ്ധന വിദ്യാർത്ഥികളെ പഠനത്തിൽ സഹായിക്കാൻ അവർക്ക് ഡിജിറ്റൽ പഠനോപകരണങ്ങളും ആവശ്യമുള്ളവർക്ക് സാമ്പത്തിക സഹായവും എത്തിക്കാൻ കേരളസർക്കാർ ആവിഷ്കരിച്ച പദ്ധതിയാണ് ‘വിദ്യാകിരണം’.

കേളിയുടെ ഇരുപത്തിയൊന്നാം വാർഷികാഘോഷമായ കേളിദിനം2022 ന്റെ ഭാഗമായി പൊതുജനങ്ങളെകൂടി പങ്കാളികളാക്കി കൊണ്ടാണ് പായസ ചലഞ്ച് നടത്തിയത്. കേളിദിനം 2022 നടന്ന ബഗ്ലാഫ് ആഡിറ്റോറിയം അങ്കണത്തിൽ വെച്ചാണ് പായസ ചലഞ്ച് സംഘടിപ്പിച്ചത്. കേളി രക്ഷാധികാരി സമിതി അംഗം സതീഷ്കുമാർ കുടുംബവേദി അംഗം സീന സെബിൻ, ബദിയ ഏരിയ രക്ഷാധികാരി സെക്രട്ടറി മധു ബാലുശ്ശേരി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വിദ്യാകിരണം പദ്ധതി സർക്കാർ ആവിഷ്ക്കരിച്ചപ്പോൾ തന്നെ കേളി പത്ത് ലക്ഷം രൂപ സംഭാവന നൽകിയിരുന്നു. വിദ്യാകിരണം പദ്ധതിയെക്കുറിച്ചും പദ്ധതിയുടെ ഗുണഭോക്താക്കൾ ആരെന്നതിനെ കുറിച്ചും തയ്യാറാക്കിയ ചെറു വീഡിയോയും വാർഷികാഘോഷ സദസ്സിൽ പ്രദർശിപ്പിച്ചു.