മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ മാക് കുവൈറ്റ് ബിഗ്‌ബോയ്സ്‌ എഫ്‌സിയേയും സോക്കര്‍ ലീഗ് ഫൈനലില്‍ സിൽവർ സ്റ്റാർ എഫ്‌സി ചാപ്യൻസ് എഫ്‌സിയേയും നേരിടും
Monday, January 24, 2022 1:46 PM IST
കുവൈറ്റ് സിറ്റി : കേഫാക് സോക്കര്‍ ലീഗ് ഫൈനലില്‍ സിൽവർ സ്റ്റാർ എഫ്‌സി ചാന്പ്യൻസ് എഫ്‌സിയെ നേരിടും. കഴിഞ്ഞ ദിവസം നടന്ന ആദ്യ സെമിയിൽ ട്രിവാൻഡ്രം സ്‌ട്രൈക്കേഴ്‌സ് എഫ്‌സിയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി സിൽവർസ്റ്റാർ എഫ്‌സി ഫൈനലിൽ കടന്നു.

സിൽവർ സ്റ്റാർസ് എഫ്‌സിക്കുവേണ്ടി അനസ് ,വസീം എന്നിവർ ഇരട്ട ഗോൾ നേടിയപ്പോൾ ക്യാപ്റ്റൻ മുനീര്‍ ഒരു ഗോൾ നേടി.

തുല്യ ശക്തികള്‍ ഏറ്റുമുട്ടിയ രണ്ടാം സെമിയിൽ ചാമ്പ്യൻസ് എഫ്‌സി ഏകപക്ഷിയമായ ഒരു ഗോളിന് യംഗ് ഷൂട്ടേർസ് അബാസിയയെ പരാജയപ്പെടുത്തി തുടര്‍ച്ചയായ മുന്നാം തവണയും ചാമ്പ്യൻസ് എഫ്‌ സി സോക്കര്‍ ലീഗ് ഫൈനലില്‍ ഇടം നേടി.

ആക്രമണ ഫുട്ബോളിന്‍റെ വശ്യത മുഴുവന്‍ ആവാഹിച്ച കളിയില്‍ രണ്ടാം പകുതിയിൽ ലഭിച്ച പെനാൽറ്റിയിലൂടെ നേടിയ ഗോളിലാണ് ചാമ്പ്യൻസ് എഫ്‌ സി ഫൈനല്‍ ബര്‍ത്ത് ഉറപ്പാക്കിയത്. കടുത്ത തണുപ്പിനെ അവഗണിച്ചും നൂറുക്കണക്കിന് ഫുട്ബോള്‍ പ്രേമികളാണ് മത്സരങ്ങള്‍ കാണുവാന്‍ മിശ്രിഫ് സ്റ്റേഡിയത്തില്‍ എത്തിയത്.

പഴയകാല ഫുട്ബാൾ താരങ്ങൾ അണിനിരന്ന മാസ്റ്റേഴ്സ് ലീഗ് സെമി ഫൈനലും വാശിയേറിയ പോരാട്ടങ്ങള്‍ക്കാണ് വേദിയായത്. നിലവിലെ ലീഗ് ചാമ്പ്യന്മാരായ സിയസ്കോ കുവൈത്തിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ബിഗ്‌ബോയ്സ്‌ എഫ്‌ സി ഫൈനലിൽ സ്ഥാനമുറപ്പിച്ചു. ആദ്യ പകുതിയിൽ സിദ്ദിഖ് നേടിയ ഗോളിലാണ് ബിഗ്‌ബോയ്സിന്‍റെ വിജയം സ്വന്തമാക്കിയത്.

രണ്ടാം സെമിയിൽ മാക് കുവൈറ്റ് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് ബ്രദേഴ്‌സ് കേരളയെ പരാജയപ്പെടുത്തി . ഷിഹാബാണ് രണ്ടു ഗോളുകളും നേടിയത്. വെള്ളിയാഴ്ച നടക്കുന്ന മാസ്റ്റേഴ്സ് ലീഗ് ഫൈനലിൽ മാക് കുവൈറ്റ് ബിഗ്‌ബോയ്സ്‌ എഫ്‌സിയേയും സോക്കര്‍ ലീഗ് ഫൈനലില്‍ സിൽവർ സ്റ്റാർ എഫ്‌സി ചാപ്യൻസ് എഫ്‌സിയേയും നേരിടും.

സലിം കോട്ടയിൽ