കുവൈറ്റിൽ കോവിഡ് വ്യാപനം രൂക്ഷം: ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്
Monday, January 24, 2022 4:40 PM IST
കുവൈറ്റ് സിറ്റി : രാജ്യത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുകയാണെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമവും സമൂഹത്തിന്‍റെ പിന്തുണയും ഉണ്ടെങ്കിൽ മാത്രമേ കോവിഡ് തരംഗത്തെ അതിജീവിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും ആരോഗ്യമന്ത്രി ഡോ. ഖാലിദ് അൽ സയീദ്. അൽ സബാഹിയ വെസ്റ്റേൺ ഹെൽത്ത് സെന്‍റർ ഉദ്ഘാടനം ചെയ്ത ശേഷം മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൂട്ടായ പരിശ്രമമാണ് ഈ ഘട്ടത്തില്‍ ആവശ്യം. ആരോഗ്യ പ്രവര്‍ത്തകരുമായി എല്ലാവരും സഹകരിക്കണം ഡോ. ഖാലിദ് അൽ സയീദ് പറഞ്ഞു.

ദിനംപ്രതി 5,000 ത്തോളം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. പ്രതിരോധ നടപടികള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ പൂര്‍ണമായും പാലിക്കണമെന്നും ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.


ആരോഗ്യ രംഗത്തെ വികസനത്തിന്‍റെ ഭാഗമായാണ് പുതിയ ഹെൽത്ത് സെന്‍ററുകൾ ആരംഭിക്കുന്നത്. അഹമ്മദി ഗവര്‍ണറേറ്റില്‍ 31 ആരോഗ്യ കേന്ദ്രങ്ങളുണ്ടെന്നും എല്ലാ കേന്ദ്രങ്ങളും അൽ-അദാൻ ആശുപത്രിയുമായി ബന്ധിപ്പിച്ചിരിക്കുകയാണെന്നും അഹമ്മദി ഹെൽത്ത് ഡിസ്ട്രിക്ട് ഡയറക്ടർ ഡോ. അഹ്മദ് അൽ ഷാത്തി പറഞ്ഞു.

സലിം കോട്ടയിൽ