"ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻ രാജ്യം പ്രതിജ്ഞാബദ്ധം'
Thursday, January 27, 2022 12:23 PM IST
മനാമ: ഇന്ത്യന്‍ ഭരണഘടന നിലവിൽ വന്നതിന്‍റെ ഓര്‍മ പുതുക്കി രാജ്യം ആസാദി കാ അമൃത് മഹോത്സവ് എന്ന പേരിൽ 73-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു. സോഷ്യലിസ്റ്റ്, മതേതര, ജനാധിപത്യ റിപ്പബ്ലിക് എന്ന ആശയത്തെയാണ് ഇന്ത്യൻ ഭരണഘടന മുന്നോട്ടുവയ്ക്കുന്നത്.

രാജ്യത്തെ മുഴുവൻ പൗരന്‍മാര്‍ക്കും വേര്‍തിരിവുകളും വിവേചനങ്ങളുമില്ലാതെ ജീവിക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും അവരവരുടെ സാമൂഹിക, സാംസ്‌കാരിക, മതമൂല്യങ്ങള്‍ മുറുകെ പിടിക്കാനും അവകാശം നല്‍കുന്നതാണ് ഇന്ത്യന്‍ ഭരണഘടന. ഈ പരമോന്നത നിയമസംഹിതയോടാണ് ഒരു സ്വതന്ത്ര പരമാധികാര രാഷ്ട്രമായി നിലനില്‍ക്കുന്നതില്‍ രാജ്യം കടപ്പെട്ടിരിക്കുന്നത്. അതിനെ സംരക്ഷിക്കേണ്ട കടമകളും ഉത്തരവാദിത്തങ്ങളും വിളിച്ചോതിയാണ് ഓരോ റിപ്പബ്ലിക് ദിനവും കടന്നു പോകുന്നത്.

രാജ്യത്തിന്‍റെ ജനാധിപത്യവും മതേതരത്വവും ആഗോളതലത്തില്‍ തന്നെ ശ്രദ്ധ നേടിയതാണ്. വിവിധ സംസ്കാരങ്ങളെ ഉള്‍ക്കൊള്ളുന്നതോടൊപ്പം ഇന്ത്യയുടെ മഹിത സംസ്കാരം നിലനിർത്തുന്നതിനും ജാതി, മത, വർഗ, വർണങ്ങൾക്കതീതമായി ഇന്ത്യക്കാരെന്ന ഒറ്റ മനസ് രൂപപ്പെടുത്താനും രാജ്യത്തിന്‍റെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കാനും റിപ്പബ്ലിക് ദിനത്തിന്‍റെ ഓരോ ഓർമ്മ പുതുക്കലും നമുക്ക് പ്രചോദനം ആകേണ്ടതുണ്ടെന്ന് സോഷ്യൽ വെൽഫെയർ അസോസിയേഷൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.