കുവൈറ്റ് ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റിക്ക് മാരുതി സുസുക്കിയില്‍ ഓഹരി പങ്കാളിത്തം
Thursday, January 27, 2022 4:36 PM IST
കുവൈറ്റ് സിറ്റി : ലോകത്തിലെ ഏറ്റവും പഴക്കമുള്ള സോവറിൻ വെൽത്ത് ഫണ്ടുകളിലൊന്നായ കുവൈറ്റ് ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി ഇന്ത്യയിലെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കിയിൽ നിക്ഷേപമിറക്കുന്നു.

മാരുതി സുസുക്കിയുടെ 1.02 ശതമാനം ഓഹരികളാണ് കുവൈറ്റ് ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി സ്വന്തമാക്കുന്നത്. വിദേശ പോർട്ട്‌ഫോളിയോ നിക്ഷേപകർ മാരുതി സുസുക്കിയിലെ തങ്ങളുടെ ഓഹരി പങ്കാളിത്തം സാമ്പത്തിക വർഷത്തിലെ മുന്നാം പാദത്തില്‍ 22.52 ശതമാനത്തിൽ നിന്ന് 23.6 ശതമാനമായി വര്‍ധിപ്പിച്ചതായി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് റിപ്പോര്‍ട്ട് ചെയ്തു.

കുവൈറ്റിലെ ഏറ്റവും വലിയ സോവറിൻ വെൽത്ത് ഫണ്ടായ ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റിക്ക് കാര്‍ ട്രേഡ് ടെക്, സണ്‍ ടെക് റിയാലിറ്റി, പിവിആര്‍ ലിമിറ്റഡ്, പിഎന്‍സി ഇന്‍ഫ്രാടെക് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളിലും ഓഹരി പങ്കാളിത്തമുണ്ട്.

ഭാവിയിലേക്ക് രാജ്യം കരുതിവയ്ക്കുന്ന നിധിയാണ് കുവൈത്ത് ഇൻ‌വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ മേൽനോട്ടത്തിലേത്. വാർഷിക വരുമാനത്തിന്‍റെ പത്തു ശതമാനം വർഷംതോറും ഈ നിധിയിലേക്ക് മാറ്റിവയ്ക്കുന്നു.

1976ൽ അമീർ ഷെയ്ഖ് ജാബർ അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഇതു സംബന്ധിച്ച ഉത്തരവിട്ടത്. സുസ്ഥിര വികസനം ലക്ഷ്യമിട്ട് സാമ്പത്തിക വൈവിധ്യവൽക്കരണവും ആസൂത്രണവും കുവൈറ്റ് ഇൻ‌വെസ്റ്റ്മെന്‍റ് അതോറിറ്റിയുടെ മേൽനോട്ടത്തിലാണ് നടക്കുന്നത്.

വിവിധ രാജ്യങ്ങളിലായി ഐടി, എണ്ണ, പ്രകൃതിവാതകം, നിർമാണം, ആരോഗ്യം, ഊർജം തുടങ്ങിയ മേഖലകളിലാണ് കുവൈറ്റ് ഇൻവെസ്റ്റ്‌മെന്‍റ് അതോറിറ്റി നിക്ഷേപം നടത്തിയിട്ടുള്ളത്.

സലിം കോട്ടയിൽ