മത്സരയോട്ടം: ബസുകൾക്കെതിരെ നടപടിയുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ടുമെന്‍റ്
Saturday, January 29, 2022 9:01 AM IST
കുവൈറ്റ് സിറ്റി: മത്സരം ഓട്ടം നടത്തുന്ന ബസുകൾക്കെതിരെ നടപടിയുമായി കുവൈറ്റ് ട്രാഫിക് ഡിപ്പാർട്ടുമെന്‍റ് രംഗത്തുവന്നു. ബോധപൂർവം ഗതാഗതം തടസപ്പെടുത്തുകയും ട്രാഫിക് ലൈനുകൾ പാലിക്കാതിരിക്കുകയും ചെയ്ത ബസാണ് ജനറൽ ട്രാഫിക് ഡിപ്പാർട്ടുമെന്‍റ് പിടിച്ചെടുത്തത്.

അപകടകരമായ രീതിയില്‍ ഓടിക്കുകയും ഗതാഗതം തടസപ്പെടുത്തുന്നതിന്‍റെ വീഡിയോവും നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. വിഡിയോ ശ്രദ്ധയില്‍പ്പെട്ട ട്രാഫിക് പോലീസ് ഉടൻതന്നെ ബസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. വാഹനം ഓടിച്ച ഡ്രൈവർക്കെതിരെ കേസുടുത്തതായും ബസ് ഗാരേജിലേക്ക് മാറ്റുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.

കുവൈറ്റിൽ ട്രാൻസ്പോർട്ട് ബസുകള്‍ തമ്മിലുള്ള മത്സരയോട്ടത്തെക്കുറിച്ച് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. നിയന്ത്രിത വേഗതയും മറികടന്നാണ് പലരും മത്സരയോട്ടം നടത്തുന്നത്. ഇത് കൂടുതലായും ബാധിക്കുന്നത് യാത്രക്കാരെയാണ് . നിരത്തിലൂടെ ഓടുന്ന മറ്റു ചെറിയ വാഹനങ്ങള്‍ക്കും സ്വകാര്യ കാറുകൾക്കും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായും പരാതിയുണ്ട്.

സലിം കോട്ടയിൽ