മിഡിൽ ഈസ്റ്റ് റെയിൽ: അബുദാബിയിൽ സമ്മേളനവും പ്രദർശനവും
Wednesday, May 11, 2022 9:03 PM IST
അനിൽ സി. ഇടിക്കുള
അബുദാബി: വികസന സാധ്യതകളെ കുറിച്ചുള്ള ചർച്ചകളും ആധുനിക സാങ്കേതിക വിദ്യകളുടെ പ്രദർശനവുമായി മിഡിൽ ഈസ്റ്റ് റെയിൽ അബുദാബിയിൽ നടക്കും. മേയ് 17 ,18 തീയതികളിൽ അബുദാബി എക്സിബിഷൻ സെന്‍ററിലാണ് പരിപാടി.

മധ്യപൂർവ രാജ്യങ്ങളിലെ റയിൽവേ വികസന സാദ്ധ്യതകൾ ചർച്ച ചെയ്യുന്ന ദ്വിദിന മിഡിൽ ഈസ്റ്റ് റെയിൽ കോൺഫറൻസിന് അബുദാബിയിൽ തുടക്കമാകുന്നു. 250 പ്രദർശകർ എത്തുന്ന സമ്മേളനത്തിൽ 200 പ്രഭാഷകരും ആറായിരം സന്ദർശകരും എത്തുമെന്നാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്.

യു എ ഇ കാത്തിരിക്കുന്ന എത്തിഹാദ് റെയിലിന്‍റെ പാസഞ്ചർ ട്രെയിൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ സമ്മേളന കാലയളവിൽ പുറത്തു വിടുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അബുദാബിയിൽ നിന്നും ഫുജൈറയിലേക്കു ഒരു മണിക്കൂർ കൊണ്ട് ഓടിയെത്തുന്ന പാസഞ്ചർ ട്രെയിനാണ് എത്തിഹാദ് റെയിൽ പ്രഖ്യാപിക്കുക എന്നാണ് റിപ്പോർട്ട്.

യു എ ഇ യിൽ നിന്നും സൗദിയിലേക്കും മറ്റു ജി സി സി രാജ്യങ്ങളിലേക്കുമുള്ള ട്രെയിൻ ഗതാഗതം സംബന്ധിച്ച തീരുമാനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. ട്രെയിൻ ഗതാഗത രംഗത്തെ അത്യാധുനിക സാങ്കേതിക വിദ്യകളുടെയും , ഡിജിറ്റൽ സിഗ്നലിംഗ്, ടണലിംഗ് , ടിക്കറ്റിംഗ് അടക്കമുള്ള പുതുതലമുറ മാറ്റങ്ങളും പ്രദർശനത്തിൽ മുഖ്യ ആകര്ഷണമാകും.

പുതിയ സാങ്കേതിക വിദ്യകൾ സംബന്ധിച്ച് 100 വിഷയാവതരണങ്ങളും പാനൽ ചർച്ചകളും നടക്കുന്നുണ്ട്. ഊർജ - അടിസ്ഥാന സൗകര്യ വികസന മന്ത്രാലയത്തിന്‍റെയും വിനോദ സഞ്ചാര - സാംസ്ക്കാരിക മന്ത്രാലയത്തിന്‍റേയും സഹകരണത്തോടെ എത്തിഹാദ് റെയിൽ ആണ് സമ്മേളനത്തിന് ആതിഥേയത്വം വഹിക്കുന്നത്. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്കാകും പ്രവേശനം.