ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനു വിട
Friday, May 13, 2022 8:27 PM IST
അനിൽ സി. ഇടിക്കുള
അബുദാബി : യുഎ ഇയുടെ സാരഥി ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാനു (75) വിട. മേയ് 13 നു (വെള്ളി) ഉച്ചകഴിഞ്ഞാണ് രാജ്യത്തെ സങ്കടകടലിൽ ആഴ്ത്തിയ ആ മരണ വാർത്ത എത്തിയത്. പ്രവാസലോകം കടുത്ത ദുഃഖത്തോടെയാണ് വാർത്ത ശ്രവിച്ചത്.

കഴിഞ്ഞ 18 കൊല്ലമായി യുഎഇ യുടെ സാരഥിയും അബുദാബിയുടെ ഭരണാധികാരിയുമായിരുന്ന ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ യു എ ഇ എന്ന പോറ്റമ്മ നാടിനെ ഹൃദയം കൊണ്ട് സ്വീകരിച്ചിരിക്കുന്ന ഓരോ പ്രവാസിയുടെയും ഹൃദയത്തിൽ ഇടം നേടിയ ഭരണാധികാരിയായിരുന്നു. യുഎഇയുടെ രൂപീകരണത്തിനു ശേഷമുള്ള രണ്ടാമത്തെ പ്രസിഡന്‍റാണ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ.

1948 ല്‍ ജനിച്ച ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ 2004 നവംബര്‍ മൂന്നിനാണ് യുഎഇയുടെ രണ്ടാമത്തെ പ്രസിഡന്‍റും അബുദാബിയുടെ 16 മത് ഭരണാധികാരിയുമായി സ്ഥാനമേൽക്കുന്നത്.

രാഷ്‍ട്ര പിതാവ് ഷെയ്ഖ് സായിദിന്‍റെ മൂത്ത മകനായിരുന്നു ഷെയ്ഖ് ഖലീഫ. ഭരണമേറ്റെടുത്ത ശേഷം യുഎഇ ഫെഡറല്‍ ഭരണകൂടത്തിലും അബുദാബി എമിറേറ്റിലും ഒട്ടേറെ ഭരണപരമായ മാറ്റങ്ങള്‍ക്ക് ഖലീഫ നേതൃത്വം നല്‍കി. യുഎഇ എന്ന രാജ്യത്തെ വന്‍ വികസന കുതിപ്പിലേക്ക് നയിച്ച ഷെയ്ഖ് ഖലീഫ, ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് ജനങ്ങള്‍ക്ക് തങ്ങളുടെ സ്വന്തം വീടുപോലെ ഈ രാജ്യത്തെ കരുതാനും ജോലിചെയ്യാനുമുള്ള സൗകര്യങ്ങൾ അനുവദിച്ച ജനപ്രിയ ഭരണാധികാരി കൂടിയായിരുന്നു.

രാജ്യത്തെ എണ്ണ, വാതക രംഗത്തെ വന്‍ വികസനത്തിനും വ്യവസായ മുന്നേറ്റത്തിനും , ആധുനികവൽക്കരണത്തിനും നേതൃത്വം നല്‍കി. യുഎഇ ഫെഡറല്‍ നാഷണല്‍ കൗണ്‍സിലേക്ക് അംഗങ്ങളെ നേരിട്ട് തെരഞ്ഞെടുക്കുന്ന രീതിയും കൊണ്ടുവന്നത് ഷെയ്ഖ് ഖലീഫയുടെ നേതൃത്വത്തിലാണ്. അധികാരമേറ്റ ഉടൻ 2004 നവംബറിൽ തന്നെ മന്ത്രിസഭയിൽ വനിതാ മന്ത്രിക്കു അവസരം നൽകി. സർക്കാരിലെ ഉന്നതപദവികളിൽ സ്‌ത്രീകൾക്കു 30% പ്രാതിനിധ്യം നൽകി. എണ്ണ വരുമാനത്തെ മാത്രം ആശ്രയിക്കാതെ എണ്ണ ഇതര മേഖലകളുടെ വികസനത്തിലൂടെ ലോക രാജ്യങ്ങളുടെ മുൻപിലേക്ക് യു എ ഇ എന്ന രാജ്യത്തെ നയിച്ച ധീഷണാശാലിയായ നേതാവിനെയാണ് യു എ ഇ ക്ക് നഷ്ടപ്പെട്ടിരിക്കുന്നത്‌ . കേരളത്തോടും , മലയാളികളായ പ്രവാസികളോടും അദമ്യമായ ബന്ധം സൂക്ഷിച്ചിരുന്ന വ്യക്തിത്വത്തിന്‍റെ ഉടമ കൂടിയായിരുന്നു ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാൻ.