റിയാദിൽ വസന്തോത്സവമൊരുക്കി കേളി
Saturday, May 14, 2022 8:05 AM IST
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ അന്യം നിന്നുപോകുന്ന നാടൻ കളികളും കലകളും ഉൾപ്പെടുത്തി "വസന്തം 2022' എന്ന പേരിൽ മുഴുദിന പരിപാടി അരങ്ങേറി.

അൽഹയറിലെ അൽ ഒവൈദ ഗ്രൗഡിലും ഓഡിറ്റോറിയത്തിലുമായി നടന്ന പരിപാടി രാവിലെ ഒന്പതു മുതൽ രാത്രി എട്ടു വരെ നീണ്ടു നിന്നു.

കുട്ടികൾക്കായി മിട്ടായി പെറുക്കൽ, ലെമൺ ഗാതറിംഗ്, താവളച്ചാട്ടം, ബിസ്കറ്റ് ബൈറ്റിംഗ്, കുല കുല മുന്തിരി എന്നീ മത്സരപരിപാടികളും, വനിതകൾക്കായി കൊത്തങ്കല്ലുകളി, കക്കുകളി, കലം പൊട്ടിക്കൽ, ഗ്ലാസ് അറൈഞ്ചിംഗ്, ആപ്പിൾ ബൈറ്റിങ്, പുരുഷന്മാർക്കായി ചാക്കിലോട്ടം, തലയണയടി, കുട്ടിയും കോലും, വട്ടംകറങ്ങിയോട്ടം, ഫുട്ബോൾ ഷൂട് ഔട്ട്, കാരിക്കേച്ചർ എന്നിവയും പരിപാടിയുടെ ഭാഗമായി നടന്നു.

പൂരക്കളി, പരുന്താട്ടം, തെയ്യം നാടോടിനൃത്തം, വിപ്ലവഗാനങ്ങൾ, വടിപ്പയറ്റ്, തനത് കലാരൂപങ്ങൾ എന്നീ കലാപരിപാടികളും അരങ്ങേറി. കേളിയുടെ 12 ഏരിയകളും കുടുംബ വേദിയും ത‌യാറാക്കിയ വിവിധ കലാരൂപങ്ങളും ചെണ്ട മേളവും തെയ്യവും പരുന്താട്ടവും ബദിയ ഏരിയ നിർമിച്ച ആനയും വെഞ്ചാമരവും മുത്തുകുടകളും എന്നിങ്ങനെ ഒട്ടനവധി നിശ്ചല ദൃശ്യങ്ങൾ അടങ്ങിയ സാംസ്കാരിക ഘോഷയാത്രയും അരങ്ങേറി.

പരിപാടിയോടനുബന്ധിച്ചു നടന്ന സാംസകാരിക സമ്മേളനത്തിന്‍റെ ഉദ്‌ഘാടനം സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലൻ ഓൺലൈനിൽ നിർവഹിച്ചു. കേളി ആക്ടിംഗ് സെക്രട്ടറി ടി.ആ.ർ സുബ്രഹ്മണ്യൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം.സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ഫിറോസ് തയ്യിൽ വിവരണം നൽകി. ദമാം നവോദയ രക്ഷാധികാരി സമിതി അംഗം രഞ്ജിത് വടകര മുഖ്യ പ്രഭാഷണം നടത്തി. സുരേഷ് കണ്ണപുരം നന്ദി പറഞ്ഞു. തുടർന്നു മത്സര വിജയികൾക്കുള്ള സമ്മാനദാനവും കുട്ടികൾക്കുള്ള പ്രോത്സാഹന സമ്മാന വിതരണവും നടന്നു.

സംഘാടക സമിതി കൺവീനർ സുരേഷ് കണ്ണപുരം, ചെയർമാൻ ജോഷി പെരിഞ്ഞനം, പ്രോഗ്രാം കൺവീനർ സതീഷ് കുമാർ വളവിൽ, വോളണ്ടിയർ ക്യാപ്റ്റൻ ഹുസൈൻ മണക്കാട്, കുടുംബവേദി സെക്രട്ടറി സീബ കൂവോട്, പ്രസിഡന്റ് പ്രിയ വിനോദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.