മലങ്കര സഭാ തർക്കം: കുവൈറ്റ് സോണൽ യുവജന പ്രസ്ഥാനം പ്രതിഷേധ യോഗം സംഘടിപ്പിച്ചു
Wednesday, March 15, 2023 8:33 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : മലങ്കര സഭാ തർക്കത്തിൽ സുപ്രീം കോടതിയിൽ നിന്നും ലഭിച്ച അന്തിമ വിധി അട്ടിമറിക്കുവാനും, ഇന്ത്യൻ ജൂഡിഷറിയുടെ നിലനിൽപിനെ തന്നെ ചോദ്യം ചെയ്തുകൊണ്ടുമുള്ള ഇടതു മുന്നണി സർക്കാരിന്‍റെ നിയമ നിർമ്മാണ ശ്രമത്തിനെതിരെ മലങ്കരയിൽ ആഞ്ഞടിക്കുന്ന പ്രതിഷേധങ്ങളിൽ കുവൈറ്റ് ഓർത്തഡോക്സ് യുവജനങ്ങളും ഭാഗമായി.

സെന്‍റ് ബേസിൽ ദേവാലയത്തിൽ നടന്ന പ്രതിഷേധ യോഗത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ കൽക്കട്ട ഭദ്രാസനത്തിലെ കുവൈറ്റ് സോണൽ യുവജന പ്രസ്ഥാനം ശക്തമായി പ്രതിഷേധിച്ചു . പ്രതിഷേധ പ്രമേയം സോണൽ സെക്രട്ടറി സോജി വർഗീസ് അവതരിപ്പിക്കുകയും എല്ലാ ഇടവക യൂണിറ്റുകളിൽ നിന്നും പങ്കെടുത്ത യുവജന പ്രസ്ഥാനാംഗങ്ങൾ ശക്തമായി പിന്തുണയ്ക്കുകയുമുണ്ടായി.

യോഗത്തിൽ സോണൽ പ്രസിഡന്‍റും സെന്‍റ് തോമസ് ഇടവക വികാരിയുമായിരിക്കുന്ന ഫാ. എബ്രഹാം പി ജെ അദ്ധ്യക്ഷത വഹിച്ചു. സെന്‍റ് സ്റ്റീഫൻസ് ഇടവക വികാരി ഫാ.ജോണ് ജേക്കബ്, സെന്റ് ബേസിൽ ഇടവക വികാരി ഫാ. മാത്യു എം. മാത്യു. കേന്ദ്ര കമ്മറ്റിയംഗം ദീപ് ജോണ്, കൽക്കട്ട ഭദ്രാസന ജോയിന്റ് സെക്രട്ടറി ഷൈജു വർഗീസ്, കുവൈറ്റിലെ യുവജന പ്രസ്ഥാനം യൂണിറ്റുകളായ സെന്റ് ഗ്രീഗോറിയോസ് മഹാ ഇടവക യുവജന പ്രസ്ഥാനം, സെന്റ് തോമസ് പഴയ പള്ളി യുവജന പ്രസ്ഥാനം, സെന്റ് ബേസിൽ യുവജന പ്രസ്ഥാനം, സെന്‍റ് സ്റ്റീഫൻസ് യുവജന പ്രസ്ഥാനം എന്നിവിടങ്ങളിൽ നിന്നുള്ള ഭാരവാഹികൾ , സെന്റ് ബേസിൽ ഇടവക കൈക്കാരൻ എം. സി വർഗീസ്, ഇടവക സെക്രട്ടറി ബിനീഷ് കുര്യൻ, യുവജന പ്രസ്ഥാനംഗങ്ങൾ എന്നിവർ യോഗത്തിൽ സന്നിഹിതരായിരുന്നു.