പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണം : റിയാദ് കേളി
Thursday, March 30, 2023 2:38 AM IST
റിയാദ് : വിമാനയാത്രാ നിരക്ക് നാലിരട്ടിയോളം വർധിപ്പിച്ച് ഗൾഫ് പ്രവാസികളെ കൊള്ളയടിക്കുന്ന വിമാന കമ്പനികളെ നിയന്ത്രിക്കാൻ കേന്ദ്രസർക്കാർ ഇടപെടണമെന്ന് കേളി കലാസാംസ്കാരിക വേദി ആവശ്യപ്പെട്ടു.

വിമാന ഇന്ധന വില വളരെ താഴ്ന്ന നിലയിൽ ആണെങ്കിലും അതൊന്നും കാര്യമാക്കാതെ ഗൾഫ് പ്രവാസികൾക്കുള്ള യാത്രാനിരക്ക് എല്ലാ അവധി കാലങ്ങളിലും വർധിപ്പിക്കാൻ വിമാന കമ്പനികൾ തമ്മിൽ മത്സരമാണ്. ഗൾഫ് പ്രവാസികളിൽ ഭൂരിപക്ഷവും ഇടത്തരം വരുമാനത്തിൽ തൊഴിൽ ചെയ്ത് ജീവിതം തള്ളി നീക്കുന്നവരാണ്. അതിൽ കുടുംബവുമൊത്ത് താമസിക്കുന്ന വർ വളരെ പരിമിതവും. വർഷത്തിലൊരിക്കലെങ്കിലും തങ്ങളുടെ ഉറ്റവരെയും ഉടയവരെയും സന്ദർശിക്കുന്നത് നാട്ടിലെയും ഗൾഫിലെയും സ്കൂൾ അവധി സമയങ്ങളിലാണ്. അങ്ങനെയുള്ള അവസരങ്ങളിലാണ് വിമാന കമ്പനികൾ പ്രവാസികളെ പിഴിയുന്നതിന് യാതൊരു അടിസ്ഥാനവുമില്ലാതെ വലിയ തോതിൽ നിരക്ക് വർധിപ്പിക്കുന്നത്.

എയർ ഇന്ത്യയെ സ്വകാര്യവൽക്കരിച്ചതും കോർപ്പറേറ്റുകളോടുള്ള കേന്ദ്രസർക്കാരിന്‍റെ മൃദു സമീപനവുമാണ് തോന്നിയപോലെ നിരക്ക് വർധിപ്പിക്കാൻ വിമാന കമ്പനികളെ പ്രേരിപ്പിക്കുന്നത്. ഗൾഫ് പ്രവാസികളെയും അവരുടെ ന്യായമായ ആവശ്യങ്ങൾ പോലും തീർത്തും അവഗണിക്കുന്ന നിലപാടാണ് കേന്ദ്രസർക്കാർ സ്വീകരിച്ചു വരുന്നത്. വിമാനക്കമ്പനികളോടുള്ള മൃദുസമീപനം അവസാനിപ്പിച്ച് ഗൾഫ് പ്രവാസികളെ സഹായിക്കാൻ വിമാന നിരക്ക് വർധന നിയന്ത്രിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്ന് കേളി സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.