പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന വിമാന നിരക്ക് വർധനവിൽ കല കുവൈറ്റ് പ്രതിഷേധിച്ചു
Sunday, April 2, 2023 1:33 AM IST
സലിം കോട്ടയിൽ
കുവൈറ്റ് സിറ്റി : വിമാന യാത്രാനിരക്ക് കുത്തനെ വർധിപ്പിച്ചു പ്രവാസികളെ പ്രതിസന്ധിയിലാക്കുന്ന എയർലൈൻ കമ്പനികളുടെ പ്രവാസി വിരുദ്ധ സമീപനത്തിനെതിരെ പ്രതിഷേധിക്കുന്നതായി കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റ് ഭാരവാഹികൾ പത്രക്കുറിപ്പിലൂടെ അറിയിച്ചു .

സ്‌കൂൾ അവധിക്കാലങ്ങളിലും, ആഘോഷങ്ങൾ നടക്കുന്ന ഈ സാഹചര്യത്തിലും അമിത നിരക്ക് ഈടാക്കുന്ന നടപടികൾക്കെതിരെ നിരന്തര പ്രതിഷേധമുണ്ടായിട്ടും സ്ഥിതി തുടരുകയാണ്, കഴിഞ്ഞ രണ്ടുമാസത്തിനിടയിൽ മൂന്നിരട്ടിയോളം വർധനവുണ്ടായ സാഹചര്യത്തിൽ ഗൾഫ് മേഖലയിൽ നിന്നുള്ള സാധാരണക്കാരായ പ്രവാസികൾക്ക് വളരെയേറെ ബുദ്ധിമുട്ട് സൃഷ്ടിച്ചിരിക്കുകയാണ് .

ഈ പ്രതിസന്ധി പരിഹരിക്കാൻ എയർലൈൻസ്‌ അധികൃതരുമായി കേന്ദ്ര സർക്കാർ ചർച്ച നടത്തണമെന്നും , പ്രവാസികളനുഭവിക്കുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിനായി കേരള സർക്കാർ നടപ്പിലാക്കുന്ന ചാർട്ടേർഡ് വിമാന സർവീസ് ഏർപെടുത്താനുള്ള തീരുമാനത്തോട് അനുഭാവപൂർവം പ്രതികരിക്കാനും സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന് നിർദേശം നൽകണമെന്നും കല കുവൈറ്റ് പ്രസിഡന്‍റ് ശൈമേഷ് കെ കെ ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ ആവശ്യപ്പെട്ടു .