ഉമ്മൻചാണ്ടിക്ക് റിയാദിൽ സ്വീകരണം
Friday, May 19, 2017 6:33 AM IST
റിയാദ് : മൂന്നു ദിവസത്തെ സൗദി സന്ദർശനത്തിന്‍റെ ഭാഗമായി റിയാദിലെത്തിയ കോണ്‍ഗ്രസ് നേതാവും മുൻമുഖ്യമന്ത്രിയുമായ ഉമ്മൻ ചാണ്ടിക്ക് ഒഐസിസി പ്രവർത്തകരും അഭ്യുദയകാംക്ഷികളും ചേർന്ന് വൻസ്വീകരണം ഒരുക്കി. മുൻമന്ത്രി കെ.സി ജോസഫിനോടൊപ്പം വ്യാഴാഴ്ച രാവിലെ 5.30 നു റിയാദ് കിംഗ് ഖാലിദ് ഇന്‍റർനാഷണൽ വിമാനത്താവളത്തിലെത്തിയ ഉമ്മൻചാണ്ടിയെ സ്വീകരിക്കാൻ നിരവധി കോണ്‍ഗ്രസ് പ്രവർത്തകർ പ്രസിഡന്‍റ് കുഞ്ഞി കുന്പളയുടെ നേതൃത്വത്തിൽ വിമാനത്താവളത്തിലെത്തിയിരുന്നു.

സ്വീകരണസമിതി ജനറൽ കണ്‍വീനർ ഷാജി കുന്നിക്കോട്, കണ്‍വീനർ ഇസ്മായിൽ എരുമേലി ഒഐസിസി നേതാക്കളായ മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുംപാടം, അബ്ദുല്ല വല്ലാഞ്ചിറ, ഷാജി സോണ, സലിം കളക്കര, സജി കായംകുളം, രഘുനാഥ് പറശ്ശിനിക്കടവ്, സത്താർ കായംകുളം, ഷഫീഖ് കിനാലൂർ, ശിഹാബ് കൊട്ടുകാട്, പ്രമോദ് പൂപ്പാല തുടങ്ങിയവർ ഉമ്മൻചാണ്ടിക്ക് ബൊക്കെ നൽകി.

റിയാദിലെ ചില ലേബർ ക്യാന്പുകളും ഇന്ത്യൻ എംബസിയും സന്ദർശിച്ച അദ്ദേഹം അംബാസഡറുമായി പൊതുമാപ്പ് വിഷയത്തിൽ കൈകൊണ്ട നടപടികളെ കുറിച്ച് ചർച്ച നടത്തി. വ്യാഴാഴ്ച വൈകുന്നേരം റിയാദ് പാലസ് ഹോട്ടലിൽ കൈരളി ആർട്സ് & സ്പോർട്സ് ക്ലബ്ബിന്‍റെ പരിപാടിയിൽ ഇരുവരും പങ്കെടുത്ത ശേഷം ഒഐസിസി ഒരുക്കിയ സ്വീകരണ പരിപാടിയിൽ അദ്ദേഹം പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍