'ഫാനി ക്രോസ്ബി'യുടെ സംഗീത ദൃശ്യാവിഷ്ക്കാരം നവ്യാനുഭവമായി
Tuesday, October 3, 2017 10:17 AM IST
അബുദാബി : ക്രൈസ്തവ ഭക്തി ഗാനങ്ങളുടെ രാജകുമാരി 'ഫാനി ക്രോസ്ബി'യുടെ തീഷ്ണമായ ജീവിതമുഹൂർത്തങ്ങളെ കോർത്തിണക്കി അബുദാബി മാർത്തോമ്മാ ജൂനിയർ ഗായകസംഘത്തിന്‍റെ നേതൃത്വത്തിൽ യൂത്ത് ഫോറത്തിന്‍റെ സഹകരണത്തോടെ തയ്യാറാക്കി അവതരിപ്പിച്ച 'ദിസ് ഈസ് മൈ സ്റ്റോറി' എന്ന സംഗീത ദൃശ്യാവിഷ്ക്കാരം നവ്യാനുഭവമായി.

വിശ്വാസികൾ വർഷങ്ങളായി പാടുന്ന വിശ്വപ്രസിദ്ധ ഗാനങ്ങളുടെ രചനയിൽ ഫാനി ക്രോസ്ബി എന്ന അന്ധയായ ഗാനരചയിതാവ് അനുഭവിച്ച ജീവിതാനുഭവങ്ങളുടെ തീഷ്ണത കാഴ്ചക്കാരിലേക്കു പകർത്തുന്ന ദൃശ്യാവിഷ്ക്കാരവും ഗാനങ്ങളുടെ അവതരണവും ഏറെ ശ്രദ്ധേയമായിരുന്നു.

ജനനത്തിനു ശേഷം ആറാം മാസം അന്ധയായെങ്കിലും എണ്ണായിരത്തിലേറെ ഭക്തിഗാനങ്ങളും ആയിരത്തിലേറെ കവിതകളും രചിച്ച ഫാനി ക്രോസ്ബിയുടെ കീർത്തനങ്ങളുടെയും സ്തോത്രഗീതങ്ങളുടെയും നൂറു ദശലക്ഷം കോപ്പികളാണ് ലോകമെന്പാടും വിറ്റഴിഞ്ഞത്.

ഇടവക വികാരി റവ. ബാബു പി.കുലത്താക്കൽ അധ്യക്ഷത വഹിച്ചു. സഹ വികാരി റവ. ബിജു സി.പി , ക്വയർ ലീഡർ ഫിലിപ് മാത്യു, കണ്‍വീനർ കോശി വി ജോർജ്, സജി മാത്യു , യൂത്ത് ഫോറം പ്രതിനിധികളായ സ്റ്റാൻലി വി മാത്യു, ദീപ ഉമ്മൻ എന്നിവർ നേതൃത്വം നൽകി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള