യൂണിവേഴ്സൽ ഹോസ്പിറ്റൽ ആരോഗ്യ ബോധവൽക്കരണം
Tuesday, October 3, 2017 10:19 AM IST
അബുദാബി: അബുദാബി യൂണിവേഴ്സൽ ആശുപത്രിയിൽ ഹൃദയ ബോധവൽക്കരണ മാസവും 'നിങ്ങളുടെ നന്പർ അറിയുക' എന്ന പേരിൽ പ്രത്യേക ആരോഗ്യ കാന്പയിനും തുടക്കമിട്ടു. സെപ്റ്റംബർ ആരംഭിച്ച കാന്പയിനിൽ ഹൃദ്രോഗവും പ്രമേഹവുംമൂലം പ്രയാസമനുഭവിക്കുന്നവർക്കുള്ള ബോധവൽക്കരണമാണ് ലക്ഷ്യം. ജീവിതത്തിൽ അറിഞ്ഞിരിക്കേ ചില നന്പറുകൾക്ക് ആരോഗ്യവുമായുള്ള ബന്ധമെന്തെന്ന് പഠിപ്പിക്കുന്നതിനൊപ്പം പ്രമേഹവും അറിയാതെ പോകുന്ന ഹൃദ്രോഗവും എങ്ങനെ തിരിച്ചറിയാമെന്നും രോഗികളെ ധരിപ്പിക്കും.

ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ട ഘടകങ്ങളെക്കുറിച്ചു ബോധവൽക്കരിക്കുകയും ആരോഗ്യ പരിശോധനയുടെ ആവശ്യകത ഉണർത്തുകയും വഴി ഹൃദ്രോഗബാധിതരുടെയും പ്രമേഹ രോഗികളുടെയും എണ്ണം കുറയ്ക്കുകയാണ് നിങ്ങളുടെ നന്പർ അറിയുക എന്ന ക്യാന്പയിൻ ലക്ഷ്യമിട്ടത്. ഇതിനായി രോഗികൾക്ക് അവരുടെ ഡോക്ടർമാരെ കണ്ട് പ്രാഥമിക പരിശോധനകൾക്ക് വിധേയമാകാൻ യൂണിവേഴ്സൽ സൗകര്യമൊരുക്കുന്നു. കൂടാതെ വിവിധ സ്കൂളുകൾ, സ്വകാര്യ സ്ഥാപനങ്ങൾ, അബുദാബി, അൽഐൻ എന്നിവിടങ്ങളിൽ നടത്തുന്ന ക്യാന്പുകൾ എന്നിവയിലും പ്രത്യേക പരിശോധനയ്ക്ക് സൗകര്യങ്ങളുണ്ടാകും.

യുഎഇയിലെ ജനങ്ങളുടെ ഏറ്റവും വലിയ ആരോഗ്യപ്രശ്നമായി കണക്കാക്കപ്പെടുന്ന ഹൃദ്രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധവുണ്ടാക്കാനാണ് ഇത്തരം ക്യാന്പുകളെന്ന് യൂണിവേഴ്സൽ ഹോസ്പിറ്റൽ മാനേജിംഗ് ഡയറക്ടർ ഡോ. ഷബീർ നെല്ലിക്കോട് പറഞ്ഞു. കോർപറേറ്റ് കന്പനികൾ, വിവിധ സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവരുമായി സഹകരിച്ചു ഹൃദ്രോഗത്തെക്കുറിച്ചു ബോധവൽക്കരിക്കുകയും രോഗനിർണയം നടത്തി ഏറ്റവും വേഗത്തിൽ കൃത്യമായ ചികിത്സ ലഭ്യമാക്കുകയും ചെയ്യുകയെന്നതാണ് ലക്ഷ്യം. ആരോഗ്യകരമായ ഭക്ഷണത്തിലൂടെയും നല്ല ജീവിതത്തിലൂടെയും ഈ രോഗങ്ങൾ എങ്ങനെ ഒഴിവാക്കാം എന്ന അവബോധമുണ്ടാക്കുകയാണ് യൂണിവേഴ്സൽ ലക്ഷ്യമിടുന്നതെന്ന് ഡോ. ഷബീർ നെല്ലിക്കോട് വ്യക്തമാക്കി.

റിപ്പോർട്ട്: അനിൽ സി. ഇടിക്കുള