"നബി(സ്വ)യുടെ ജനനത്തിൽ സന്തോഷം പ്രകടിപ്പിക്കൽ പുണ്യകരം'
Monday, December 4, 2017 12:04 PM IST
കുവൈത്ത് സിറ്റി: നബി (സ) യുടെ ജനനത്തിൽ സന്തോഷ പ്രകടനങ്ങൾ നടത്താൻ ജനിച്ച ദിവസം തന്നെ തെരഞ്ഞെടുക്കൽ പുണ്യമുള്ള കാര്യമാണെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്‍റ് സയിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ. കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സിൽ സംഘടിപ്പിച്ച മുഹബ്ബത്തെ റസൂൽ നബിദിന സമ്മേളനത്തിന്‍റെ സമാപന മഹാസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ഥല കാലങ്ങളിലെല്ലാം ചിലതു ആപേക്ഷികമായി മറ്റുള്ളതിനേക്കാൾ ശ്രേഷ്ഠമാണ്. മിഅറാജിന്‍റെ വേളയിൽ നബി(സ) ജിബ്രീലിനൊപ്പം പോകുന്ന സമയത്ത് ബത്ലഹേമിൽ എത്തിയപ്പോൾ അവിടെയിറങ്ങി രണ്ടു റക്അത് നിസ്കരിക്കാൻ ആവശ്യപ്പെട്ടു. കാരണമന്വേഷിച്ച നബി(സ) യോട് ജിബ്രീൽ പറഞ്ഞു, ഇതു ബത്ത്ലഹേമാണ് ഈസാ നബി (അ) ജനിച്ച സ്ഥലമാണിത് എന്നായിരുന്നു, തിങ്കളാഴ്ച നോന്പനുഷ്ഠിക്കാനുള്ള കാരണമായി തങ്ങൾ പറഞ്ഞത് അന്ന് എന്‍റെ ജ·ദിനമാണ് എന്നാണ്. നബി (സ) യുടെ ജനനത്തിൽ സന്തോഷ പ്രകടനങ്ങൾ നടത്തൽ പുണ്യമാണെന്നതിനു ഇതില്പരം തെളിവുകൾ എന്തിനാണ്- സയിദ് ജിഫ്രി മുത്തുക്കോയ തങ്ങൾ പറഞ്ഞു.

ഇസ്ലാമിക് കൗണ്‍സിൽ വൈസ് ചെയർമാൻ ഹംസ ബാഖവി അധ്യക്ഷത വഹിച്ചു. പാണക്കാട് സയിദ് ബഷീറലി ശിഹാബ് തങ്ങൾ, കെ എംസിസി പ്രതിനിധി ശറഫുദ്ദീൻ കണ്ണേത്ത്, കെ കഐംഎ പ്രതിനിധി ഇബ്രാഹിം കുന്നിൽ തുടങ്ങിയവർ പ്രസംഗിച്ചു. “പ്രകാശമാണ് തിരുനബി(സ്വ)” എന്ന പ്രമേയത്തിൽ പ്രമുഖ പണ്ഡിതനും പ്രഭാഷകനുമായ സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യ പ്രഭാഷണം നടത്തി. ഇസ്ലാമിക് കൗണ്‍സിൽ പ്രസിഡന്‍റ് ഷംസുദ്ദീൻ ഫൈസി, ട്രഷറർ നാസർ കോഡൂർ എന്നിവർ പ്രസംഗിച്ചു.

വ്യാഴാഴ്ച വൈകിട്ട് നടന്ന മജ്ലിസുന്നൂറും ജിഫ്രി മുത്തുക്കോയ തങ്ങൾക്കുള്ള സ്വീകരണവും പാണക്കാട് സയിദ് ബഷീറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ജിഫ്രി മുത്തുക്കോയ തങ്ങൾ അനുഗ്രഹ പ്രഭാഷണം നടത്തി. ഉസ്മാൻ ദാരിമി അധ്യക്ഷത വഹിച്ചു. ഇസ്മായിൽ ഹുദവി, അബ്ദുൽ ഗഫൂർ ഫൈസി എന്നിവർ പ്രസംഗിച്ചു.

വെള്ളിയാഴ്ച്ച ഉച്ചക്ക് നടന്ന മൗലിദ് സദസിന് ഉസ്മാൻ ദാരിമി, കുഞ്ഞഹമ്മദ് കുട്ടി ഫൈസി, അബ്ദു ഫൈസി, മുസ്തഫ ദാരിമി തുടങ്ങിയവർ നേതൃത്വം നൽകി. മുഹമ്മദലി ഫൈസിയുടെ അധ്യക്ഷത വഹിച്ച പ്രാസ്ഥാനിക സമ്മേളനത്തിൽ സലാഹുദ്ദീൻ ഫൈസി വിഷയാവതരണം നടത്തി. മുഹമ്മദലി പുതുപ്പറന്പ്, ഷംസുദ്ദീൻ മൗലവി എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ