നോർക്ക, പ്രവാസി ക്ഷേമനിധി ഹെല്പ് ഡസ്ക് ഓഫീസ് ഉദ്ഘാടനം ചെയ്തു
Monday, December 4, 2017 3:44 PM IST
ദോഹ: പ്രവാസി ക്ഷേമനിധി, നോർക്ക ഐഡി കാർഡ് എന്നിവയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് സംസ്കൃതി ആരംഭിച്ച ഹെൽപ് ഡസ്കിന്‍റെ ഓഫീസിന്‍റെ ഉദ്ഘാടനം കേരള പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നിർവഹിച്ചു.

കേരളത്തിലെ വികസന ചർച്ചകളിൽ പ്രധാന പങ്ക് പ്രവാസി മലയാളികൾക്കുണ്ട്. പ്രവാസികളുടെ സ്പന്ദനം അറിയാവുന്ന ഒരു മുഖ്യമന്ത്രിയും സർക്കാരുമാണ് കേരളം ഭരിക്കുന്നതെന്നും അതുകൊണ്ടുതന്നെ കൂടുതൽ പരിഗണന പ്രവാസികൾക്ക് വരും കാലങ്ങളിൽ പ്രതീക്ഷിക്കാമെന്നും ജി. സുധാകരൻ പറഞ്ഞു. ലക്ഷക്കണക്കിന് പ്രവാസികൾ അധിവസിക്കുന്ന ഖത്തറിൽ ഈ രാജ്യം പ്രവാസികലോടു കാണിക്കുന്ന സ്നേഹം മന്ത്രി എടുത്തു പറഞ്ഞു.

സ്കിൽസ് ഡവലപ്മെന്‍റ് സെന്‍ററിൽ നടന്ന ചടങ്ങിൽ സംസ്കൃതി പ്രസിഡന്‍റ് എ.കെ ജലീൽ അധ്യക്ഷത വഹിച്ചു. സംസ്കൃതി ജനറൽ സെക്രട്ടറി കെ.കെ ശങ്കരൻ ഇ.എം. സുധീർ എന്നിവർ പ്രസംഗിച്ചു. പി.എൻ. ബാബുരാജൻ മന്ത്രിയെ ബൊക്കെ നൽകി സ്വീകരിച്ചു. നോർക്ക ഡയരക്ടർ സി.വി റപ്പായി ഉൾപ്പെടെ നിരവധി പ്രമുഖർ സംബന്ധിച്ചു.