മസ്കറ്റിൽ കൂട്ട നടത്തം സംഘടിപ്പിച്ചു
Monday, December 4, 2017 3:46 PM IST
മസ്കറ്റ്: പ്രമേഹത്തിനെതിരെയുള്ള ബോധവത്കരണവുമായി ഒമാനിലെ ആരോഗ്യ മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ കൂട്ട നടത്തം സംഘടിപ്പിച്ചു. മസ്കറ്റിലെ ഖുറം റോസ് ഗാർഡനിൽ സംഘടിപ്പിച്ച കൂട്ട നടത്തം ഒമാൻ ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് മുഹമ്മദ് അൽ സയിദി ഉദ്ഘാടനം ചെയ്തു.

ലോകത്തെന്പാടുമായി അന്പതു കോടിയിലതികം ആളുകൾ ഈ രോഗത്തിന്‍റെ പിടിയിൽ അമർന്നു കഴിഞ്ഞ സാഹചര്യത്തിൽ അതിന്‍റെ വ്യാപ്തി രാജ്യത്തു വർധിക്കുന്നത് പ്രതിരോധിക്കുന്നതിൽ സർക്കാർ കൂടുതൽ പ്രാധാന്യം നൽകുമെന്ന് മന്ത്രി പറഞ്ഞു.

ഒമാൻ ആരോഗ്യ മന്ത്രാലയവും ഡയബറ്റിക് അസോസിയേഷനും സംയുക്തമായി നടത്തിയ രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള കൂട്ട നടത്തത്തിൽ സ്വദേശികളും വിദേശികളുമടക്കം ആയിരങ്ങൾ പങ്കെടുത്തു.

രാജ്യത്തെ ജനങ്ങൾക്കിടയിൽ പ്രമേഹ രോഗത്തെ കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നതായിരുന്നു കൂട്ട നടത്തത്തിലൂടെ തങ്ങൾ ലക്ഷ്യം വച്ചതെന്ന് ഡയബറ്റിക് എഡ്യൂക്കേറ്റർ മുഹമ്മദ് അബ്ദുൾ കരീം പറഞ്ഞു.

റിപ്പോർട്ട്: സേവ്യർ കാവാലം