എസ്എംസിഎ കുവൈറ്റിന് സോണൽ ഓഫീസ്
Tuesday, December 5, 2017 2:20 PM IST
കുവൈത്ത്: എസ്എംസിഎ കുവൈറ്റ് സോണൽ ഓഫീസിന്‍റെ ഒൗദ്യോഗിക ഉദ്ഘാടനം കുവൈറ്റ് മലയാളം മിഷൻ ചാപ്റ്റർ കോഓർഡിനേറ്റർ ജെ. സജി നിർവഹിച്ചു. മലയാളം മിഷൻ കുവൈറ്റ് ചാപ്റ്ററിന്‍റെ എസ്എംസിഎ പ്രതിനിധിയായ് തോമസ് കുരുവിള നരിതൂക്കിലിനെ ഉൾപ്പെടുത്തിയതായി ജെ സജി അറിയിച്ചു. തോമസ് കുരുവിള മലയാളം മിഷൻ നൽകുന്ന കോഴ്സുകളെ കുറിച്ച് വിവരിച്ചു. നമ്മുടെ കുഞ്ഞുങ്ങൾക്ക് മലയാളം മിഷനുമായി ചേർന്നു നില്ക്കുന്പോൾ പ്രായോഗിക തലത്തിലുള്ള നേട്ടങ്ങൾ, പരീക്ഷാ രീതികൾ, സമയക്രമങ്ങൾ, പരീക്ഷാനിർണയം മലയാളം മിഷൻ നൽകുന്ന വിവിധ ഇനം സർട്ടിഫിക്കറ്റുകളുടെ ഗ്രേഡുകൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു. കണിക്കൊന്ന, സൂര്യ കാന്തി, ആന്പൽ, നീലക്കുറിഞ്ഞി എന്നിങ്ങനെയാണ് പാഠ്യഭാഗങ്ങളെ തരം തിരിച്ചിരിക്കുന്നത്.

നീലക്കുറിഞ്ഞി പഠനം പൂർത്തിയാക്കുന്നവർക്ക് പത്താം ക്ലാസ് നിരവാരമുള്ള സർട്ടിഫിക്കറ്റാണ് നൽകുക. അതുകൊണ്ട് നമ്മുടെ കുട്ടികൾ മലയാളം പഠിക്കുന്നതോടൊപ്പം ഭാവിയിൽ കേരളത്തിൽ ജോലി കിട്ടാൻ ആവശ്യമായ തുല്യതാ സർട്ടിഫിക്കറ്റ് നേടിയെടുക്കാനും സാധിക്കുന്നു.

എസ്എംസിഎ പ്രസിഡന്‍റ് ജോണ്‍സണ്‍ ദേവസി നീലങ്കാവി അധ്യക്ഷത വഹിച്ചു. ഡിസംബർ ഒന്നിന് 22 വർഷം പൂർത്തിയാക്കിയ എംസ്എംസിഎ കുവൈറ്റിന് കിട്ടിയ ഏറ്റവും വലിയ അംഗീകരമാണ് മലയാളം മിഷനെന്ന് ജോണ്‍സണ്‍ ദേവസി പറഞ്ഞു. ഇതിന് മുൻകൈ എടുത്ത അബാസിയ ഏരിയ കമ്മിറ്റിയെ അദ്ദേഹം അഭിനന്ദിച്ചു.

എസ്എംസിഎ ജനറൽ സെക്രട്ടറി ജോബി ജോസ് തോട്ടുപാട്ട്, ചങ്ങനാശേരി എസ്ബി കോളജ് പ്രിൻസിപ്പൽ ഫാ.ടോമി പടിഞ്ഞാറേവീട്ടിൽ, തോമസ് കുരുവിള, റെജിമോൻ ഇടമന, സാബു സെബാസ്റ്റ്യൻ, ജോഷി ജോസഫ് ഉള്ളാട്ടിൽ, കുമാരി ഏയ്ഞ്ചൽ റോസ് സാജൻ, എസ്എംസിഎ ട്രഷറർ ജോർജ് തോമസ് കാലായിൽ എന്നിവർ പ്രസംഗിച്ചു.

റിപ്പോർട്ട്: സലിം കോട്ടയിൽ