സൗദിയിലെ യുവ ബിസിനസ് സംരംഭകർക്ക് കിംഗ്സ് യൂണിവേഴ്സിറ്റി ഡി-ലിറ്റ് പുരസ്കാരം
Tuesday, December 5, 2017 2:26 PM IST
റിയാദ്: ബിസിനസ് രംഗത്തും സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ മേഖലയിലുമുള്ള പ്രവർത്തനങ്ങളെ മാനിച്ച് സൗദിയിൽ നിന്നുള്ള നാലു പ്രമുഖരെ അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന കിംഗ്സ് യൂണിവേഴ്സിറ്റി ഡി-ലിറ്റ് നൽകി ആദരിച്ചു.

അൽ ഹുദ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജിംഗ് ഡയറക്ടർ ടി.പി മുഹമ്മദ്, റിയാദ് വില്ലാസ് മാനേജിംഗ് ഡയറക്ടറും കേരള ബിസിനസ് ഫോറം ചെയർമാനുമായ സൂരജ് പാണയിൽ, അദ്വ അൽ ഷുഖ കന്പനിയുടെ ജനറൽ മാനേജർ ഷിബു മാത്യു, അൽ അഹ്ദാബ് ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജിംഗ് ഡയറക്ടർ കെ.പി. സുലൈമാൻ ജിദ്ദ എന്നിവരെയാണ് കിംഗ്സ് യൂണിവേഴ്സിറ്റി ആദരിച്ചത്.

മധുര പോപ്പിസ് ഹോട്ടലിൽ നടന്ന ചടങ്ങിൽ സർവകലാശാല പ്രൊ-വൈസ് ചാൻസലർ ഡോ. സെൽവിൻകുമാറും ദോഹ ബേങ്ക് ഗ്രൂപ്പ് സിഇഒ ഡോ. സീതാരാമനും ചേർന്ന് അവാർഡുകൾ വിതരണം ചെയ്തു.

സൗദിയിലെ ജീവകാരുണ്യ രംഗത്തും വിദ്യാഭ്യാസ രംഗത്തും നൽകിയ സേവനങ്ങൾക്കാണ് ടി.പി. മുഹമ്മദിനേയും കെ.പി. സുലൈമാനേയും അവാർഡിനായി പരിഗണിച്ചത്. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ സൗദിയുടെ മുഖച്ഛായ മാറ്റുന്നതിനായി പ്രയത്നിച്ചതിനാണ് സൂരജ് പാണയിലിനേയും ഷിബു മാത്യൂവിനേയും അവാർഡ് കമ്മിറ്റി അംഗീകരിച്ചത്.

കിംഗ്സ് യൂണിവേഴ്സിറ്റിയുടെ മിഡിൽ ഈസ്റ്റ് കോ ഓർഡിനേറ്റർ അമാനുള്ള വടക്കാങ്ങര, ചീഫ് കോ ഓർഡിനേറ്റർ തങ്കച്ചൻ ശെൽവൻ, അന്താരാഷ്ട്ര മനുഷ്യാവകാശ കമ്മീഷൻ ജനറൽ സെക്രട്ടറി ഡോ. എസ്.വി. പെരുമാൾ, സാമൂഹ്യ പ്രവർത്തകരായ കെ. മുഹമ്മദ് ഈസ ദോഹ, ഡോ. ഷീല ഫിലിപ്പോസ് ദോഹ എന്നിവർ പ്രസംഗിച്ചു.

ഗൾഫിലെ വിവിധ ഭാഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ലൈറ്റ് ടവർ മാനേജിംഗ് ഡയറക്ടർ യൂസുഫ് കരിക്കയിൽ അബുദാബി, യുഎഇ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന അൽ വത്തൻ ഡെയ്ലി മനാമയിലെ ഫോട്ടോ ജേണലിസ്റ്റ് അൻവർ മൊയ്തീൻ, കണ്‍സ്ട്രക്ഷൻ മേഖലയിലെ സേവനങ്ങൾക്ക് എൻജിനിയർ കെ.ജി. ബാബുരാജൻ, മാനേജിംഗ് ഡയറക്ടർ ബി.കെ.ജി ഹോർഡിംഗ് എസ്പിസി ബഹറിൻ, വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖ അധ്യാപകൻ എ.എം. മുഹമ്മദ് അഷ്റഫ് ദോഹ, ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന അബ്ദുൽ റഹ്മാൻ ദോഹ, കരീം വട്ടപറന്പിൽ ദോഹ, ഹംസ വി.വി. ദോഹ എന്നിവരും അവാർഡിനർഹരായി. തമിഴ് മലയാളം സംഗീത മേഖലയിൽ മഹത്തായ സംഭാവനകൾ നൽകിയ പ്രുമഖ സംഗീതജ്ഞൻ കാഞ്ഞങ്ങാട് രാമചന്ദ്രനേയും പാരമൗണ്ട് മ്യൂസിക് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ