ദുബായ് കെ എംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി മൊബെൽ ഫ്രീസർ കൈമാറും
Tuesday, December 5, 2017 2:30 PM IST
കാസർഗോഡ്: ജീവകാരുണ്യ രംഗത്തും സാമൂഹിക രംഗത്തും വ്യത്യസ്തവും മാതൃകാപരവുമായ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ദുബായ് കെ എംസിസി കാസർഗോഡ് മുൻസിപ്പൽ കമ്മിറ്റി, കാസർഗോഡ് സിഎച്ച് സെന്‍ററിന് നൽകുന്ന മൊബൈൽ ഫ്രീസറും അനുബന്ധ ജനറേറ്ററും ട്രോളിയും കൈമാറൽ ചടങ്ങ് ഡിസംബർ ഏഴ് (വ്യാഴം) നടക്കും.

കാസർഗോഡ് മുനിസിപ്പൽ പ്രദേശങ്ങളിലെ നിർദ്ദനരായ ആളുകൾക്ക് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളാണ് കഴിഞ്ഞ കാലങ്ങളിൽ മുൻസിപ്പൽ ദുബായ് കെ എംസിസി കമ്മിറ്റി നടത്തി വരുന്നത്. ഇതിന്‍റെ ഭാഗമായാണ് മൊബൈൽ ഫ്രീസറും അനുബന്ധ ജനറേറ്ററും ട്രോളിയും കാസർഗോഡ് സിഎച്ച് സെന്‍ററിന് സംഭാവന ചെയ്യാൻ തീരുമാനിച്ചതെന്ന് കെ എംസിസി മുൻസിപ്പൽ നേതാക്കൾ പറഞ്ഞു.

കാസർഗോഡ് മുനിസിപ്പൽ വനിതാ ഭവൻ ഹാളിൽ വൈകുന്നേരം 5.30 ന് നടക്കുന്ന ചടങ്ങിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുസ്ലിം ലീഗിന്‍റെയും യൂത്ത് ലീഗിന്‍റെയും എംഎസ്എഫിന്‍റെയും കെ എംസിസിയുടെയും മറ്റു പോഷക സംഘടനകളുടെയും ജില്ല, മണ്ഡലം, മുൻസിപ്പൽ ഭാരവാഹികൾ സംബന്ധിക്കും.