ജിസിസി ഉച്ചകോടിക്ക് കുവൈത്തിൽ തുടക്കമായി
Wednesday, December 6, 2017 2:35 PM IST
കുവൈത്ത് സിറ്റി: വൻതോതിൽ സാമൂഹ്യപരിവർത്തനവും വെല്ലുവിളികളും ഏറെയുണ്ടെങ്കിലും ഗൾഫ് മേഖലയിലെ ശാക്തിക ചേരിയായി ജിസിസി നിലനിൽക്കുമെന്ന് മുപ്പത്തെട്ടാമത് ജിസിസി ഉച്ചകോടി ഉദ്ഘാടനം ചെയ്ത് കുവൈറ്റ് അമീർ ഷെയ്ഖ് സബ അൽ അഹമ്മദ് അൽ ജാബർ അൽ സബ പ്രസ്താവിച്ചു.

മേഖലയിലെ അഖണ്ഡതയും ഐക്യവും ജനങ്ങളുടെ പ്രതീക്ഷയും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുവാൻ നമ്മുടെ ഒത്തൊരുമക്ക് സാധിച്ചുവെന്നും ഗൾഫ് രാഷ്ട്രങ്ങളിലെ വൈദഗ്ധ്യവും ചാതുര്യവും ഒത്തൊരുമയും മുറുകെപ്പിടിക്കുക വഴി പ്രതീക്ഷകളെ അതിശയിപ്പിക്കുന്ന ശോഭനമായ ഭാവിയാണ് മേഖലയെ കാത്തിരിക്കുന്നതെന്നും അമീർ പറഞ്ഞു.

അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹകരണത്തോടെ ഇറാഖിലെയും സിറിയയിലെയും അട്ടിമറിയെ ചെറുക്കുവാൻ സാധിച്ചെങ്കിലും തീവ്രവാദം വലിയ ആപത്തായി വളർന്നുകൊണ്ടിരിക്കുകയാണ്. സൗദിയുടെ നേതൃത്വത്തിൽ നടക്കുന്ന സിറിയയിലെ സമാധാന ശ്രമങ്ങൾ ശുഭകരമായ പരിസമാപ്തിയിലെത്തുവെന്നാണ് പ്രതീക്ഷിക്കുന്നത്. യമനിൽ സമാധാനം നിലനിർത്തുവാൻ നാമെല്ലാവരും ബാധ്യസ്ഥരാണ്. യുദ്ധം കീറിമുറിച്ച യമനിൽ അടിയന്തര സഹായം നൽകുവാൻ സന്നദ്ധമാണെന്നും അമീർ പറഞ്ഞു.

ഉച്ചകോടിയിൽ പങ്കെടുത്ത പ്രതിനിധിസംഘങ്ങൾക്ക് പ്രത്യേക നന്ദിയും അമീർ അറിയിച്ചു.

ജിസിസി ഉച്ചക്കോടി ഒരു ദിവസമായി ചുരുക്കി

കുവൈത്ത് സിറ്റി : രണ്ട് ദിവസമായി നിജപ്പെടുത്തിയ 38മത് ജിസിസി ഉച്ചക്കോടി ഒരു ദിവസത്തേക്ക് ചുരുക്കി ഇന്നലെ രാത്രി പിരിഞ്ഞു. ബയാൻ പാലസിൽ വൈകീട്ട് അഞ്ചിനായിരുന്നു കുവൈത്ത് അമീർ ശൈഖ് സബാ അൽ അഹമ്മദ് അൽ ജാബിർ സമിറ്റ് ഉത്ഘാടനം ചെയ്തത്.

ഏതാനും മാസങ്ങളായി ജിസിസി സഖ്യ രാഷ്ട്രങ്ങൾ തമ്മിൽ നിലനിൽക്കുന്ന അഭിപ്രായ ഭിന്നതയുടെ സാഹചര്യത്തിൽ ആകാംഷയോടെയായിരുന്നു ഉച്ചകോടിയെ ലോകരാജ്യങ്ങൾ നോക്കികണ്ടത്. സമ്മേളനത്തിനെത്തിയ ഖത്തർ അമീർ ഷേയ്ക് തമീം ബിൻ ഹമദ് അൽതാനി, സൗദി വിദേശകാര്യ മന്ത്രി ആദിൽ അൽ ജുബൈർ, ബഹറിൻ ഉപപ്രധാനമന്ത്രി ഷേയ്ക് മുഹമ്മദ് ബിൻ മുബാറക് അൽ ഖലീഫ, ഒമാൻ ഉപപ്രധാനമന്ത്രി ഫഹദ് ബിൻ മഹമൂദ് അൽ സയിദ് എന്നിവരെ കുവൈത്ത് അമീർ നേരിട്ട് സ്വീകരിച്ചു.

രാഷ്ട്രത്തലവനായി ഖത്തർ അമീർ മാത്രമായിരുന്നു സമ്മേളനത്തിന് എത്തിച്ചേർന്നത്. ആരോഗ്യ കാരണങ്ങളാൽ ഒമാൻ ഭാരാനാധികാരി സുൽത്താൻ കാബൂസ് ഉച്ചകോടിയിൽ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഖത്തർ വിഷയമുൾപ്പടെ സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കുമെന്ന് കരുതിയ ഉച്ചകോടിയിൽ യുഎഇ പ്രതിനിധികൾ എത്താതിരുന്നതും ശ്രദ്ധിക്കപ്പെട്ടു.

റിപ്പോർട്ട്: സലിം കോട്ടയിൽ