ആർഎസ് സി ബുക്ക് ടെസ്റ്റ് 2017: ഒന്നാം ഘട്ട പരീക്ഷ 18 ന്
Wednesday, December 6, 2017 2:36 PM IST
ഫർവാനിയ (കുവൈത്ത്): നബിദിനത്തോടനുബന്ധിച്ച് ആർഎസ്സി നടത്തുന്ന ബുക്ക് ടെസ്റ്റുകൾക്ക് തുടക്കമായി. പ്രവാചകരുടെ പ്രകാശ സമാനമായ ജീവിതവും സന്ദേശവും അനുദിനം കലുഷിതമായിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന്‍റെ ചിന്താധാരയിലേക്ക് ആവാഹിക്കുക എന്ന ദൗത്യവുമായി കഴിഞ്ഞ പത്തു വർഷമായി വ്യവസ്ഥാപിതമായ രീതിയിൽ ബുക്ക് ടെസ്റ്റുകൾ നടന്നു വരുന്നു. ഈ വർഷം ജനറൽ, സ്റ്റുഡൻസ് എന്നീ രണ്ടു വിഭാഗങ്ങളിലായാണ് ടെസ്റ്റ് സംഘടിപ്പിക്കുന്നത്.

പ്രസിദ്ധ അമേരിക്കൻ എഴുത്തുകാരനായ ഇമാം വഹബി ഇസ്മായിൽ രചിച്ച, എ.പി. കുഞ്ഞാമ്മു മലയാളത്തിലേക്ക് വിവർത്തനം നിർവഹിച്ച മുഹമ്മദ് (സ്വ) ദ ലാസ്റ്റ് പ്രോഫിറ്റ്’ എന്ന പുസ്തകവും ന്ധഫീൽ ദ വണ്ടർ’ എന്ന ഇംഗ്ലീഷ് പുസ്തകവുമാണ് ജനറൽ സ്റ്റുഡൻസ് എന്നീ വിഭാഗങ്ങൾക്കായി ബുക്ക് ടെസ്റ്റിനു തെരഞ്ഞെടുത്തിട്ടുള്ളത്. ജനറൽ വിഭാഗത്തിൽ പ്രായ വ്യത്യാസമില്ലാതെ ഏതു രാജ്യത്തുള്ളവർക്കും പങ്കെടുക്കാം.

പുസ്തകത്തോടൊപ്പം ലഭിക്കുന്ന ചോദ്യങ്ങൾക്ക് ഡിസംബർ 18 നകം ഓണ്‍ലൈനിൽ ഉത്തരങ്ങൾ രേഖപ്പെടുത്തണം. ജനറൽ വിഭാഗത്തിൽ 15 ലധികം മാർക്ക് നേടുന്നവരും സ്റ്റുഡന്‍റ്സ് വിഭാഗത്തിൽ 12 ലധികം മാർക്ക് നേടുന്നവരും രണ്ടാംഘട്ട പരീക്ഷക്ക് യോഗ്യരാകും. ഡിസംബർ 22 നാണു രണ്ടാം ഘട്ട പരീക്ഷ. രണ്ടാം ഘട്ട പരീക്ഷയിൽ വിജയികളാകുന്നവർക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ബുക്ക് ടെസ്റ്റിന് രജിസ്റ്റർ ചെയ്യുന്നതിനും പുസ്തകങ്ങൾ നിബന്ധനയോടെ ഓണ്‍ലൈനിൽ വായിക്കുന്നതിനും www.rsconline.com എന്ന വെബ് സൈറ്റ് സന്ദർശിക്കുകയോ 55516476, 55344665, 90098363 എന്നീ നന്പരുകളിൽ ബന്ധപ്പെടുകയോ ചെയ്യാം.

റിപ്പോർട്ട്: സലിം കോട്ടയിൽ