"ഇസ് ലാമോഫോബിയയെ തടയാൻ ഖുർആൻ പഠനം ജനകീയമാക്കുക'
Wednesday, December 6, 2017 2:39 PM IST
റിയാദ്: ഖുർആനിക സന്ദേശങ്ങളെ തിരിച്ചറിയാത്ത മുസ് ലിംകളാണ് വർധിച്ചുവരുന്ന ഇസ് ലാമോഫോബിയ പ്രചാരണങ്ങൾക്ക് ജീവൻ പകരുന്നതെന്നും ഇസ്ലാമിക മൂല്യങ്ങളെ തമസ്കരിച്ചും വെല്ലുവിളിച്ചും ജീവിക്കുന്ന മുസ് ലിം നാമധാരികൾ പുതിയ കാലത്തിന്‍റെ വെല്ലുവിളിയാണെന്ന് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍റർ ഓഡിറ്റോറിയത്തിൽ ലേണ്‍ ദി ഖുർആൻ പഠന പദ്ധതിയുടെ പുനരാവർത്തന ഘട്ടത്തിലെ ഒന്നാം ഘട്ട പുസ്തക പ്രകാശനത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.

മതേതര മുഖം സ്ഥാപിക്കാൻ വേണ്ടി അവർ നടത്തുന്ന വിമർശനങ്ങൾക്ക് മാധ്യമങ്ങൾ അമിത പ്രാധാന്യം നൽകുന്നത് ഇസ് ലാമിക വിരുദ്ധ ചിന്തക്ക് ജീവൻ പകരുന്നുണ്ടെന്ന് പൊതുസമൂഹം തിരിച്ചറിയണമെന്നും അഭിപ്രായപ്പെട്ടു.

ഖുർആൻ പഠനം പ്രവാസി മലയാളികൾക്കിടയിൽ ജനകീയമാക്കുന്നതിൽ ലേണ്‍ ദി ഖുർആൻ പഠനസംരംഭം സുപ്രധാനമായ പങ്ക് വഹിച്ചിട്ടുണ്ട്. 2001ൽ തുടങ്ങിയ സംരംഭത്തിലൂടെ ഒരാവർത്തി ഖുർആൻ പൂർണമായി പഠിപ്പിച്ചത് റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്‍ററിന്‍റെ നിസ്തുലമായ കാൽവയ്പാണ്.

ഫൈസൽ ബുഖാരിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ പ്രസിഡന്‍റ് കെ.ഐ അബ്ദുൽജലാൽ പ്രകാശന കർമം നിർവഹിച്ചു. സുൽഫിക്കർ തൃശൂർ ഗ്രന്ഥം ഏറ്റുവാങ്ങി. പി.എൻ മുഹമ്മദ്, അസ്കർ വണ്ടൂർ, റസൽ, ഫള്ൽ തിരൂർക്കാട് എന്നിവർ ലേണ്‍ ദി ഖുർആൻ അനുഭവങ്ങൾ വിവരിച്ചു. അബ്ദുറഹ്മാൻ സ്വലാഹി, എം.ഡി ഹുസ്സൻ പുളിക്കൽ, സഅദുദ്ദീൻ സ്വലാഹി, അബ്ദുൽ അസീസ് കോട്ടക്കൽ, കെ.ടി നാസർ പുളിക്കൽ, അബ്ദുൽ വഹാബ് പാലത്തിങ്ങൽ, കെ.സി നാസർ, അംജദ് കുനിയിൽ, നജീബ് ചെറുമുക്ക്, ഇഖ്ബാൽ വേങ്ങര, സക്കീർ തിരുവനന്തപുരം, കബീർ ആലുവ നേതൃത്വം നൽകി. മുജീബുറഹ്മാൻ ഇരുന്പുഴി അബ്ദുസലാം ബുസ്താനി നന്ദി പറഞ്ഞു.

റിപ്പോർട്ട്: ഷക്കീബ് കൊളക്കാടൻ