കൾച്ചറൽ ഫോറം കണ്ണൂർ ഘടകം സംഘടിപ്പിക്കുന്ന കാന്പയിന് തുടക്കമായി
Saturday, December 30, 2017 2:01 PM IST
ദോഹ : പകയുടെയും സംഘർഷങ്ങളുടെയും ഭൂമി എന്നതിനപ്പുറം സ്നേഹ സൗഹാർദങ്ങളുടെ ഭൂമികയാണ് കണ്ണൂർ. കൾച്ചറൽ ഫോറം കണ്ണൂർ ഘടകം സംഘടിപ്പിക്കുന്ന 'ഇങ്ങള് കേട്ടതല്ല ഞമ്മളെ കണ്ണൂർ' കാന്പയിന് തുടക്കമായി. കണ്ണൂരിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ പരമാവധി നീക്കാനും നാട്ടിലെ മഹത്തായ സാംസ്കാരിക പൈതൃകത്തെയും സ്നേഹ സൗഹാർദത്തെയും അറിയിക്കാനും കാന്പയിൻ സഹായകമാകുമെന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

ജനുവരി 1 മുതൽ 26 വരെ നീണ്ടു നിൽക്കുന്ന കാന്പയിനിന്‍റെ ഭാഗമായി പ്രബന്ധ മത്സരം, കഥ, കവിത മത്സരം, പാചക മത്സരം, കുട്ടികൾക്കുള്ള വ്യത്യസ്തങ്ങളായ മത്സരം തുടങ്ങി വിപുലമായ പരിപാടികൾ നടക്കും. ഖത്തറിലെ പ്രമുഖ കലാ സാംസ്കാരിക പ്രവർത്തകരെ പങ്കെടുപ്പിച്ചു കൊണ്ടുള്ള ടോക്ഷോയും കാന്പയിന്‍റെ ഭാഗമായി നടക്കും.

യോഗത്തിൽ കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ഷാനവാസ് ഖാലിദ്, ജനറൽ സെക്രട്ടറി നിസാർ, സാംസ്കാരിക സെക്രട്ടറി തസ്നീം, കലാവിഭാഗം കോർഡിനേറ്റർ നജ്ല തുടങ്ങിയവർ പങ്കെടുത്തു.