ആവേശത്തിലേക്ക് കെഫാക് അന്തർജില്ലാ മത്സരങ്ങൾ; കാസർഗോഡ് , കോഴിക്കോട്, തൃശൂർ ജില്ലാ ടീമുകൾക്ക് ജയം
Saturday, December 30, 2017 2:09 PM IST
മിശ്രിഫ്: കെഫാക് അന്തർ ജില്ലാ ഫുട്ബോൾ ടൂർണമെന്‍റിലെ പോരാട്ടങ്ങൾ ആവേശത്തിലേക്ക്. കഴിഞ്ഞ ദിവസം നടന്ന മത്സരങ്ങളിൽ കാസർഗോഡ്, കോഴിക്കോട്, തൃശൂർ ജില്ലാ ടീമുകൾ വിജയിച്ചപ്പോൾ മലപ്പുറവും തിരുവനന്തപുരവും തമ്മിലുള്ള മത്സരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ആദ്യ മത്സരത്തിൽ തൃശൂർ പാലക്കാടിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി തൃശൂരിന് വേണ്ടി കിഷോർ വേണ്ടി ഇരട്ട ഗോൾ നേടി.

രണ്ടാം മത്സരത്തിൽ കാസർഗോഡ് ശക്തരായ എറണാകുളത്തെ ഒരു ഗോളിന് പരാജയപ്പെടുത്തി. രാജേഷാണ് കാസർഗോഡിന്‍റെ വിജയഗോൾനേടിയത് . തുടർന്നു നടന്ന മത്സരത്തിൽ മലപ്പുറവും തിരുവനന്തപുരവും തമ്മിലുള്ള മത്സരം ഗോൾരഹിത സമനിലയിൽ അവസാനിച്ചു . അവസാനമത്സരത്തിൽ കോഴിക്കോട് എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് വയനാടിനെ പരാജയപ്പെടുത്തി. കോഴിക്കോടിന് വേണ്ടി ഷാമിലും, ജാരിസുമാണ് ഗോൾനേടിയത്. മാൻ ഓഫ് ദി മാച്ചായി കിഷോർ (തൃശൂർ), ബിജു (തിരുവനന്തപുരം), ജാരിസ് (കോഴിക്കോട് ) എന്നിവരെയും തെരഞ്ഞെടുത്തു.

തുടർച്ചയായ അവധി ദിവസങ്ങളെ തുടർന്നു തിങ്ങി നിറഞ്ഞ ഗാലറിക്ക് മുന്നിൽ പ്രവാസി ആസ്വാദകർക്ക് ഫുട്ബോൾ വിരുന്നായി മാറിയ മത്സരങ്ങൾ വൈകിട്ട് മൂന്നോടെയാണ് ആരംഭിച്ചത്. കുവൈത്തിലെ പഴയ കളിക്കാർ അണിനിരന്ന ജില്ലാ മാസ്റ്റേർസ് ലീഗിൽ കെഇഎ കാസർഗോഡും എഡിഎഫ്എ എറണാകുളവും കെഡിഎഫ്എ കോഴിക്കോടും എംഫാക് മലപ്പുറവും പാലക്കാടും തിരുവനന്തപുരവും തമ്മിൽ നടന്ന മത്സരങ്ങൾ സമനിലയിൽ അവസാനിച്ചു. മാസ്റ്റേഴ്സ് ലീഗിലെ മത്സരങ്ങളിൽ മാൻ ഓഫ് ഡി മാച്ചായി സാംസണ്‍ (എറണാകുളം) , ബൈജു (തിരുവനന്തപുരം), ഉബൈദ് (മലപ്പുറം) എന്നിവരെയും തെരഞ്ഞടുത്തു.

റിപ്പോർട്ട്: സലിം കോട്ടയിൽ