വിഷു ആഘോഷം സംഘടിപ്പിച്ചു
Wednesday, May 7, 2025 3:59 PM IST
ന്യൂഡൽഹി: ബാലഗോകുലം ദക്ഷിണ മധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തിൽ വിഷു ആഘോഷം ദ്വാരക സെക്ടർ-7ലെ ശ്രീനാരായണ സ്പിരിച്വൽ & കൾചറൽ സെന്ററിൽ വച്ച് നടത്തി.
ആഘോഷപരിപാടികൾക്ക് ബാലഗോകുലം ഡൽഹി എൻസിആർ സഹരക്ഷാധികാരി ജി. മോഹനകുമാർ, ബാലഗോകുലം ദക്ഷിണ മധ്യ മേഖല അധ്യക്ഷൻ വി.എസ്. സജീവ് കുമാർ, പൊതുകാര്യദർശി ഗിരീഷ് എസ്. നായർ, ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് തുടങ്ങിയവർ ചേർന്ന് ഭദ്രദീപം തെളിയിച്ചുകൊണ്ട് തുടക്കം കുറിച്ചു.
ബാലഗോകുലം അധ്യക്ഷ ലഞ്ചു വിനോദ് അധ്യക്ഷത വഹിച്ച്, കാര്യദർശി കെ.സി. സുശീൽ സ്വാഗതം ആശംസിച്ചു കൊണ്ട് തുടങ്ങിയ വിഷു ഗ്രാമോത്സവത്തിൽ വിഷുവിന്റെ പ്രാധാന്യത്തെ കുറിച്ചും ഐതിഹ്യങ്ങളെ കുറിച്ചും സർവ്വശ്രീ പി.കെ. സുരേഷ്, മോഹനകുമാർ, വി.എസ്. സജീവ് കുമാർ, ഗിരീഷ് എസ്. നായർ എന്നിവർ ഗോകുലാംഗങ്ങളുമായി സംവദിച്ചു.
ഗോകുലാംഗങ്ങൾ വിഷു കണിയൊരുക്കുകയും ചടങ്ങിൽ പങ്കെടുത്ത ഗോകുലാംഗങ്ങൾക്ക് ബാലഗോകുലം രക്ഷാധികാരി മോഹൻ കുമാർ വിഷു കൈനീട്ടം നൽകുകയും ചെയ്തു.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും കലാ - കായിക പരിപാടികൾ രാജേന്ദ്രൻ ധന്യ വിപിൻ എന്നിവരുടെ നേതൃത്വത്തിൽ അരങ്ങേറുകയും കുട്ടികൾക്കും പരിപാടികളിൽ വിജയിച്ചവർക്കും സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.
ഗോകുല കുടുംബാംഗങ്ങൾ തയ്യാറാക്കിയ വിഭവ സമൃദ്ധമായ സദ്യയും ഉണ്ടായിരുന്നു. പഹൽഗാം ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായവർക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് ആഘോഷപരിപാടികൾ തുടങ്ങിയത്.
ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി.കെ. സുരേഷ് മുഖ്യാതിഥിയായി പങ്കെടുത്തു.