ലോസ് ആഞ്ചലസിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ആഘോഷം
Saturday, July 19, 2025 1:35 PM IST
ലോസ് ആഞ്ചലസ്: വിശുദ്ധ അൽഫോൻസാമ്മയുടെ നാമധേയത്തിലുള്ള ലോസ് ആഞ്ചലസ് സെയിന്റ് അൽഫോൻസാ സീറോമലബാർ ദേവാലയത്തിൽ വിശുദ്ധയുടെ തിരുനാൾ ഈ മാസം 18 മുതൽ 28 വരെ ഭക്തിആദരപൂർവം കൊണ്ടാടുന്നു.
18ന് ആഘോഷമായ തിരുനാൾ കൊടി കയറ്റത്തിന് ശേഷം ഇടവക വികാരി റവ. ഫാ. ജെയിംസ് നിരപ്പേലിന്റെ മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും നൊവേനയും അർപ്പിക്കപ്പെട്ടു.
ഇടവകയിലെ മരണമടഞ്ഞ വിശ്വാസികൾക്കു വേണ്ടിയാണ് കുർബാന അർപ്പിക്കപ്പെട്ടത്. തുടർന്നുള്ള ദിവസങ്ങളിൽ വിശുദ്ധ കുർബാനയും ഉദ്ദിഷ്ട കാര്യങ്ങൾക്കായുള്ള നൊവേനയും ഉണ്ടായിരിക്കുന്നതാണ്.
ഈ ദിവസങ്ങളിൽ റവ.ഫാ. ഷിന്റോ സെബാസ്റ്റ്യൻ, റവ.ഫാ. ബിനോയ് നരമംഗലത്ത്, റവ.ഫാ. ബിബിൻ എടശേരി, റവ.ഫാ. ദേവസി പൈനാടത്ത്, റവ.ഫാ. ഷിജു മോൻ തോട്ടപ്പുറത്ത്, റവ.ഫാ. ദിലീപ് സെബാസ്റ്റ്യൻ, റവ.ഫാ. ജിജോ ജോസഫ് എന്നീ വൈദികർ കുർബാനയ്ക്കും നൊവേനയ്ക്കും മുഖ്യകാർമികത്വം വഹിക്കും.
പ്രധാന തിരുനാളിന്റെ ഒന്നാം ദിവസമായ ശനിയാഴ്ച റവ. ഫാ. അഖിൽ തോമസ് പച്ചിക്കരയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പാട്ടുകുർബാനയും നൊവേനയും അതേത്തുടർന്ന് സ്നേഹവിരുന്നും യുവജനങ്ങളുടെ കലാപരിപാടിയും ഉണ്ടായിരിക്കുന്നതാണ്.
അന്നേദിവസം തന്നെ പ്രോഡിഗ്വൽ മ്യൂസിക് നയിക്കുന്ന സംഗീതവിരുന്ന് തിരുനാളിന് കൂടുതൽ മികവേകുന്നു. 27നാണ് പ്രധാന തിരുനാളിന്റെ രണ്ടാം ദിവസം. ഫൊറാന വികാരി റവ. ഫാ. ക്രിസ്റ്റി പറമ്പ് കാട്ടിൽ ആയിരിക്കും അന്നത്തെ ആഘോഷമായ കുർബാനയുടെയും ലദീഞ്ഞിന്റെയും മുഖ്യകാർമികൻ.
തുടർന്നുള്ള വിശുദ്ധ അൽഫോൻസാമ്മയുടെ രൂപവും വഹിച്ചുള്ള പ്രദക്ഷിണം തിരുനാളിന്റെ മുഖ്യാകർഷണമായിരിക്കും. ചെണ്ടമേളവും സ്നേഹവിരുന്നും തുടർന്നുണ്ടാകും. 28ന് വിശുദ്ധ കുർബാനയുടെ അനുബന്ധിച്ച് കൊടിയിറങ്ങുന്നതോടുകൂടി തിരുനാൾ സമാപിക്കും.
തിരുനാളിൽ പങ്കുചേരാനും അൽഫോൻസാമ്മയുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം കൈക്കൊള്ളാനും ഇടവക വികാരി റവ.ഫാ. ജെയിംസ് നിരപ്പേൽ, ട്രസ്റ്റിമാരായ ഷാജി മറ്റപ്പള്ളി, ജോജോ ജോസ്, തിരുനാൾ കൺവീനർ ഷെല്ലി മേച്ചേരി എന്നിവർ എല്ലാവരെയും സാദരം ക്ഷണിക്കുന്നതായി അറിയിച്ചു.