ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടങ്ങളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഏർപ്പെടുത്തിയ അവാർഡ് ഇടവക തലത്തിലെ മികച്ച പച്ചക്കറി തോട്ടത്തിന് ഷിക്കാഗോ മാർത്തോമ്മ ഇടവകയും പാഴ്സനേജ് തലത്തിലുള്ള മികച്ച തോട്ടത്തിന് ന്യൂജഴ്സി മാർത്തോമ്മാ ഇടവകയുടെ (റാൻഡോൾഫ്) പാഴ്സനേജും കരസ്ഥമാക്കി.
മേയ് 16, 17 തീയതികളിൽ ഫിലാഡൽഫിയ ക്രിസ്തോസ് മാർത്തോമ്മാ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്ന ഭദ്രാസന അസംബ്ലി സമ്മേളനത്തിൽ വച്ച് ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് അവാർഡ് ലഭിച്ച ഇടവകളെ ആദരിക്കുമെന്ന് ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം, പരിസ്ഥിതി കമ്മീഷൻ കൺവീനർമാരുമായ ജോർജ് ഷാമൂവേൽ, ഷാജി എസ്. രാമപുരം എന്നിവർ അറിയിച്ചു.
പാഴ്സനേജ് തലത്തിലുള്ള മികച്ച പച്ചക്കറി തോട്ടത്തിന് അർഹരായ ന്യൂജഴ്സി മാർത്തോമ്മാ ഇടവകയുടെ വികാരി റവ. മാത്യു വർഗീസും കുടുംബവും പാഴ്സനേജ് പരിസരത്ത് നട്ട് വിളയിപ്പിച്ചെടുത്ത വെണ്ട, പടവലം, പാവൽ, കുമ്പളം, പയർ തുടങ്ങി വിവിധയിനം നാടൻ പച്ചക്കറി കൃഷി വിളകൾ തങ്ങളുടെ അധ്വാനത്തിന്റെ ഒരു സാക്ഷ്യപത്രം കൂടിയാണ്.
ഷിക്കാഗോ മാർത്തോമ്മ ഇടവക വികാരിന്മാരായ റവ.ഡോ. എബി എം. തോമസ് തരകൻ, റവ. വൈ. ബിജു എന്നിവരുടെ നേതൃത്വത്തിൽ കൃഷി ചെയ്ത പച്ചക്കറി തോട്ടത്തിനാണ് മികച്ച ഇടവക തലത്തിലുള്ള അവാർഡിന് അർഹത ലഭിച്ചത്.
2023ൽ ഭദ്രാസന പരിസ്ഥിതി കമ്മീഷന്റെ നേതൃത്വത്തിൽ ആരംഭിച്ച ഈ അവാർഡ് ആ വർഷം നേടിയത് യഥാക്രമം വാഷിംഗ്ടൺ മാർത്തോമ്മ ഇടവകയും സെന്റ് ലൂയിസ് മാർത്തോമ്മ പാഴ്സനേജുമാണ്.