ന്യൂഡൽഹി: ദേശീയതലസ്ഥാനത്ത് പ്രവാസികളുടെ ഓണാഘോഷങ്ങൾക്കു ഹൃദ്യവും മനോഹരവുമായ തുടക്കം. വാഴയിലയിൽ പരന്പരാഗതരീതിയിലുള്ള രുചിയൂറുന്ന ഓണസദ്യകളും ഓണപ്പാട്ടുകളും ചെണ്ടമേളങ്ങളും അടക്കമുള്ളവയുടെ പരന്പരകളാണു ഡൽഹിയിലെ ഓണാഘോഷത്തിലെ പ്രധാന ആകർഷണം.
ഡൽഹി കേരള ഹൗസിൽ കേരള സർക്കാരിന്റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച തുടങ്ങിയ ഓണസദ്യ നാളെവരെ തുടരും. വിദേശ എംബസികളിലെ നയതന്ത്രവിദഗ്ധർ, കേന്ദ്രസർക്കാരിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രമുഖർ, പത്രപ്രവർത്തകർ തുടങ്ങി സാധാരണക്കാരായ ഡൽഹി മലയാളികൾക്കെല്ലാം ഓണസദ്യയ്ക്ക് അവസരം ഒരുക്കിയിട്ടുണ്ടെന്ന് കേരളത്തിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രഫ. കെ.വി. തോമസ് പറഞ്ഞു.
റെഡ് എഫ്എം "സൗത്ത് സൈഡ് സ്റ്റോറി’ ഡൽഹിയിലെ കെ.ഡി. യാദവ് റസ്ലിംഗ് ഇൻഡോർ സ്റ്റേഡിയത്തിൽ ശനിയാഴ്ചയും ഇന്നലെയുമായി സംഘടിപ്പിച്ച ഓണാഘോഷത്തിൽ ആയിരക്കണക്കിനാളുകൾ പങ്കെടുത്തു. വിഭവസമൃദ്ധമായ ഓണസദ്യയ്ക്കുപുറമെ ചെണ്ടമേളം, സംഗീതം, നൃത്തം തുടങ്ങി ഓണത്തിന്റെ മേളക്കൊഴുപ്പുകളും ആവേശവും ചോരാതെയാണു ആഘോഷങ്ങൾ. നടി ശോഭന, ടി.എം. കൃഷ്ണ, ജോബ് കുര്യൻ, സൂരജ് സന്തോഷ് തുടങ്ങിയവർ മുതൽ അവിയൽ, രഘു ദീക്ഷിത് പദ്ധതി വരെ ആഘോഷത്തിനു മിഴിവേകി. മലയാളികൾക്കുപുറമെ നൂറുകണക്കിന് ഉത്തരേന്ത്യക്കാരും ആഘോഷങ്ങളിൽ സജീവ പങ്കാളികളായി.
മലയാളിസംഘടനകൾ ഓണാഘോഷം കൊഴുപ്പിക്കാൻ പൂക്കള മത്സരം, ഓണപ്പാട്ട് മത്സരം തുടങ്ങിയ മത്സരങ്ങളും നിരവധി കലാ, സാംസ്കാരിക പരിപാടികളും ഫാഷൻ ഷോകളും സംഘടിപ്പിച്ചിട്ടുണ്ട്. ഡൽഹി മലയാളി അസോസിയേഷനുപുറമെ വിവിധ കലാ, സാംസ്കാരിക, മത സംഘടനകളും വിപുലമായ ഓണപ്പരിപാടികളാണു നടത്തുന്നത്. ഓണക്കോടിക്കായും താത്പര്യമേറെയുണ്ട്. ഡൽഹിയിലെ മിക്ക കേരള റസ്റ്റോറന്റുകളിലും പ്രത്യേക ഓണസദ്യ ആറുവരെ ഒരുക്കിയിട്ടുണ്ട്. പാഴ്സലായുള്ള ഓണസദ്യയ്ക്കും ഡിമാൻഡേറെയാണ്.