സാഹിത്യോത്സവവും പുരസ്കാര സമർപണവും സംഘടിപ്പിച്ചു
ബംഗളൂരു: കൂടാളി പൊതുജന വായനശാല തിരുവനന്തപുരം മഹാകവി പി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ താമരത്തോണി സാഹിത്യോത്സവവും പുരസ്കാര സമർപണവും അനുബന്ധ പരിപാടികളും സംഘടിപ്പിച്ചു.
പുരസ്കാര ദാനചടങ്ങിൽ വായനശാല പ്രസിഡന്റ് സ്വാഗതമാശംസിച്ചു. എം.ചന്ദ്രപ്രകാശ് അധ്യക്ഷത വഹിച്ചു. ഡോ. ദീപേഷ് കരിമ്പുങ്ക മഹാകവി പി അനുസ്മരണ പ്രഭാഷണം നടത്തി. മുഖ്യാതിഥി പള്ളിയറ ശ്രീധരൻ മാസ്റ്റർ പുരസ്കാര വിതരണം നടത്തി.
ചെറുകഥാ വിഭാഗത്തിൽ ബംഗളൂരു മലയാളി ഡോ.കെ.കെ. പ്രേംരാജിന്റെ "കിളികൾ പറന്നുപോകുന്നയിടം' എന്ന സമാഹാരം പുരസ്കാരം നേടി. പ്രേംരാജിന്റെ ചെറുകഥാ രചനാ പാടവം അഭിനന്ദനീയമെന്നും പ്രസ്തുത കൃതി ചെറുകഥാപ്രേമികൾ വായിച്ചിരിക്കേണ്ട സൃഷിയെന്നും അഭിപ്രായമുണ്ടായി.
ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച സമാഹാരങ്ങളായ ചില നിറങ്ങൾ, മാനം നിറയെ വർണ്ണങ്ങൾ, ട്യൂലിപ് പുഷ്പങ്ങളുടെ പാടം എന്നിവയിൽ നിന്നും വ്യത്യസ്തമായ കഥകളാണ് ഈ സമാഹാരത്തിൽ. ഈ കൃതിയും കഥാകാരൻ തന്നെയാണ് ഡിസൈൻ, കവർ ഡിസൈൻ, പ്രസിദ്ധീകരണം എന്നിവയൊക്കെ നിർവഹിച്ചത്.
പ്രേംരാജിന്റെ ഷെഹ്നായി മുഴങ്ങുമ്പോൾ എന്ന നോവൽ ഇതിനകം മൂന്നോളം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇതിന്റെ കന്നഡ, തമിഴ് പതിപ്പുകൾ പ്രസിദ്ധീകരിക്കുന്നതിന്റെ ജോലികൾ ചെയ്തുകൊണ്ടിരിക്കുകയാണ് കഥാകാരൻ.
തുടർന്ന് വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുന്ന മഹദ്വ്യക്തികൾ ആശംസകൾ നേർന്നു. ചടങ്ങിന് വായനശാല സെക്രട്ടറി പി.കരുണാകരൻ മാസ്റ്റർ നന്ദി രേഖപ്പെട്ടത്തി.
ബംഗളൂരു കെട്ടിടദുരന്തം: മരണം ഒന്പതായി
ബംഗളൂരു: ബംഗളൂരു ബാബുസപാളയയിൽ നിര്മാണത്തിലിരുന്ന കെട്ടിടം തകര്ന്നുവീണ് മരിച്ചവരുടെ എണ്ണം ഒന്പതായി. വെള്ളിയാഴ്ച നടത്തിയ തെരച്ചിലിൽ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽനിന്ന് ഒരു മൃതദേഹംകൂടി കണ്ടെടുത്തതോടെയാണു മരണസംഖ്യ ഉയർന്നത്.
ഇനി ആരും കുടുങ്ങിക്കിടക്കുന്നില്ലെന്നാണു വിലയിരുത്തൽ. കനത്ത മഴയ്ക്കിടെ കഴിഞ്ഞ ചൊവ്വാഴ്ച വൈകുന്നേരം നാലോടെയായിരുന്നു കെട്ടിടം തകർന്നുവീണത്. 13 തൊഴിലാളികളെ രക്ഷപ്പെടുത്തിയിരുന്നു. തൊഴിലാളികള്ക്കായി സമീപത്തു നിര്മിച്ച ഷെഡ്ഡിന്റെ മുകളിലേക്കാണ് കെട്ടിടം വീണത്.
സംഭവവുമായി ബന്ധപ്പെട്ട് കെട്ടിടം ഉടമ മുനിരാജ റെഡ്ഢി, മകൻ ഭുവൻ റെഡ്ഢി, കോൺട്രാക്ടർ മുനിയപ്പ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നഗരത്തിലെ നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളിൽ പരിശോധന കർശനമാക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു.
കൊച്ചുവേളി - ബംഗളൂരു റൂട്ടിൽ ദീപാവലി സ്പെഷൽ ട്രെയിൻ
ബംഗളൂരു: ദീപാവലി കഴിഞ്ഞുള്ള തിരക്ക് ഒഴിവാക്കാൻ തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി) - ബംഗളൂരു റൂട്ടിൽ ഇരുദിശകളിലും റെയിൽവേ ഏകദിന സ്പെഷൽ ട്രെയിൻ സർവീസ് നടത്തും. അന്ത്യോദയ ദീപാവലി സ്പെഷൽ എന്നാണ് ട്രെയിനിന്റെ പേര്.
15 ജനറൽ കോച്ചുകൾ ഉണ്ടാകും. ഇതിൽ ഒരെണ്ണം അംഗപരിമിതർക്കായി സംവരണം ചെയ്തതാണ്. ട്രെയിൻ നമ്പർ 06039 കൊച്ചുവേളി - ബംഗളൂരു സ്പെഷൽ നവംബർ നാലിന് വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ബംഗളൂരുവിൽ എത്തും.
തിരികെയുള്ള സർവീസ് (06040) നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12.45ന് ബംഗളൂരുവിൽനിന്നു പുറപ്പെട്ട് പിറ്റേദിവസം രാവിലെ അഞ്ചിന് കൊച്ചുവേളിയിൽ എത്തും.
കൊല്ലം, കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
മഹാകവി പി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ പുരസ്കാരം കെ.കെ. പ്രേംരാജിന്
ബംഗളൂരു: മഹാകവി പി. കുഞ്ഞിരാമൻ ഫൗണ്ടേഷൻ നൽകിവരുന്ന മഹാകവി പി കുഞ്ഞിരാമൻ നായർ താമരത്തോണി സാഹിത്യ പുരസ്കാരം 2021 - 2023 പ്രഖ്യാപിച്ചു. മികച്ച ചെറുകഥാ സമാഹാരത്തിനുള്ള പുരസ്കാരം ബംഗളൂരിലെ അറിയപ്പെടുന്ന എഴുത്തുകാരനും നോവലിസ്റ്റുമായ ഡോ. കെ.കെ. പ്രേംരാജിന്റെ "കിളികൾ പറന്നുപോകുന്നയിടം' കരസ്ഥമാക്കി.
ഈ വർഷം പുറത്തിറങ്ങിയ "ഷെഹ്നായി മുഴങ്ങുമ്പോൾ' എന്ന നോവലിന് ഈ വർഷം മൂന്നോളം പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്. ഈ നോവൽ ഇംഗ്ലീഷിലും ലഭ്യമാണ്. ഇതിന്റെ കന്നഡ, തമിഴ് പതിപ്പുകൾ ഉടൻ പ്രസിദ്ധീകരിക്കുന്നതാണ്.
ഇതിനു മുമ്പ് പ്രസിദ്ധീകരിച്ച ചെറുകഥാ സമാഹാരങ്ങളായ "മാനം നിറയെ വർണങ്ങൾ', "ട്യൂലിപ് പുഷ്പങ്ങളുടെ പാടം' എന്നിവയും പുരസ്കാരങ്ങൾക്ക് അർഹമായിട്ടുണ്ട്. പി. കുഞ്ഞിരാമൻ നായരുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഈ മാസം 27ന് കണ്ണൂർ, കൂടാളി പൊതുവായനശാല ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ കഥാകൃത്ത് ടി. പത്മനാഭൻ പുരസ്കാരം നൽകും.
ബംഗളൂരുവിൽ ആറുനില കെട്ടിടം തകർന്നുവീണു; അഞ്ച് മരണം
ബംഗളൂരു: കനത്ത മഴയ്ക്കിടെ കർണാടകയിൽ നിർമാണത്തിലിരുന്ന ആറുനിലകെട്ടിടം തകർന്നുവീണ് അഞ്ചുപേർ മരിച്ചു. ബംഗളൂരുവിന്റെ കിഴക്കൻ മേഖലയിലെ ഹൊറമാവ് അഗര മേഖലയിൽ ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം.
നിർമാണത്തൊഴിലാളികളാണു മരിച്ചത്. അപകടമുണ്ടാകുന്പോൾ കെട്ടിടത്തിനുള്ളിൽ 20 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 13 പേരെ പുറത്തെത്തിച്ചതായി പോലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ തെരച്ചിൽ തുടരുകയാണ്.
കെട്ടിടം പൂർണമായും തകർന്നുവീണതായി സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. കെട്ടിടം തകർന്നുവീഴുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. കഴിഞ്ഞ ഒരാഴ്ചയായി ബംഗളൂരു നഗരത്തിൽ കനത്തമഴ പെയ്യുകയാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളക്കെട്ടിലാണ്.
ബംഗളൂരുവിൽ കനത്ത മഴ തുടരുന്നു
ബംഗളൂരു: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ബംഗളൂരുവിൽ ഇന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സംസ്ഥാനത്തൊട്ടാകെ തുടരുന്ന കനത്ത മഴയെത്തുടർന്ന് ബംഗളൂരു ജില്ലാ കളക്ടർ നഗരത്തിലെ എല്ലാ സ്കൂളുകൾക്കും അങ്കണവാടികൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നഗരത്തിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജനജീവിതം ദുസഹമായിരിക്കുകയാണ്. പലയിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ടുണ്ട്. രാജരാജേശ്വരി നഗർ, കെങ്കേരി, ഹെബ്ബാള് ജംഗ്ഷൻ, നാഗവാര, ഹൊറമാവ്, ഹെന്നൂർ, കസ്തൂരി നഗർ, രാമമൂർത്തി നഗർ, വിൻഡ്സർ മാനർ അണ്ടർപാസ്-മെഹ്ക്രി സർക്കിള്, ഔട്ടർ റിംഗ് റോഡ് എന്നീ പ്രദേശങ്ങളിലെല്ലാം വെള്ളക്കെട്ട് രൂപപെട്ടിട്ടുണ്ട്.
പലയിടങ്ങളിലും ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലം കർണടകയിലും ഇന്ത്യയുടെ മറ്റ് തീരപ്രദേശങ്ങളിലും വരുംദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യതയുണ്ട്.
ശനിയാഴ്ച വരെ ബംഗളൂരു നഗരത്തിൽ ആകാശം മേഘാവൃതമായിരിക്കുമെന്നും ഇടയ്ക്കിടെയുള്ള മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിച്ചു. ഇന്ന് ഇടിമിന്നലോടുകൂടിയ മഴയും പ്രതീക്ഷിക്കുന്നു.
മലയാളി വിദ്യാർഥിനി ബംഗളൂരുവിൽ മരിച്ചനിലയിൽ
ബംഗളൂരു: ചെറുതോണി കീരിത്തോട് കിഴക്കേപ്പാത്തിക്കൽ ഹരിയുടെ മകൾ അനഘയെ(20) ബംഗളൂരുവിലെ ഹോസ്റ്റലിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇവിടെയുള്ള ധന്വന്തരി നഴ്സിംഗ് കോളജിൽ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയാണ്.
വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ശേഷം കോളജ് ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടതായി ബന്ധുക്കളെ അറിയിക്കുകയായിരുന്നു. മൃതദേഹം ബംഗളൂരു വിക്ടോറിയ ആശുപത്രി മോർച്ചറിയിൽ.
മാതാവ്: രാധ. സഹോദരങ്ങൾ: അനന്തു, അതുൽ.
ബംഗളൂരുവിൽ പറക്കും ടാക്സി വരുന്നു!
ബംഗളൂരു: ബംഗളൂരുവിൽ ട്രാഫിക് തിരക്കുകളിൽ അകപ്പെടാതെ ഇനി ടാക്സിയിൽ പറക്കാം. ഹെലികോപ്റ്റർ പോലെ പറക്കുന്ന ഇലക്ട്രിക് ഫ്ളൈയിംഗ് ടാക്സികൾ താമസിയാതെ ബംഗളൂരുവിൽ യാഥാർഥ്യമാകും.
ബംഗളൂരു ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡും സരള ഏവിയേഷനും ചേര്ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്നിന്ന് ഇലക്ട്രോണിക്സ് സിറ്റിയിലേക്കാണ് ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കുന്നത്.
വിമാനത്താവളത്തിൽനിന്നു പറന്നുയർന്നാൽ ഇലക്ട്രോണിക്സ് സിറ്റിയിലേക്കുള്ള 52 കിലോമീറ്റർ ദൂരം വെറും 20 മിനിറ്റിനുള്ളിൽ താണ്ടാൻ കഴിയും. ഒരേസമയം ഏഴു പേർക്ക് ഇതിൽ യാത്ര ചെയ്യാം. വിനോദസഞ്ചാരികളെയും കന്പനി ലക്ഷ്യമിടുന്നു.
പദ്ധതി യാഥാര്ഥ്യമാകാന് രണ്ടു മുതല് മൂന്നു വര്ഷംവരെയെടുക്കും. ബംഗളൂരുവിനു പുറമെ, രാജ്യത്തെ തിരക്കേറിയ നഗരങ്ങളായ മുംബൈ, ഡല്ഹി, പുനെ എന്നിവിടങ്ങളിലും ഫ്ളൈയിംഗ് ടാക്സി സർവീസ് ആരംഭിക്കാൻ കന്പനി പദ്ധതിയിടുന്നുണ്ട്.
വേഗമേറിയതും വൃത്തിയുള്ളതും കൂടുതല് കാര്യക്ഷമവുമായ യാത്ര ഒരുക്കുന്നതിലൂടെ നഗരയാത്രയിൽ വൻ മാറ്റം വരുമെന്നു കന്പനി അവകാശപ്പെടുന്നു.
ബംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ച് അപകടം; കോഴിക്കോട് സ്വദേശി മരിച്ചു
ബംഗളൂരു: ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് കക്കോടിയിൽ കക്കോടി ഹൗസിൽ ജിഫ്രിൻ നസീർ(24) ആണ് മരിച്ചത്. ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി പ്രണവിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റു.
ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. ബംഗളൂരു ഡൊംലൂർ മേൽപാലത്തിനു സമീപം തിങ്കളാഴ്ച പുലർച്ചെയാണ് അപകടം. കനത്ത മഴയ്ക്കിടെ ഇരുവരും സഞ്ചരിച്ച ബൈക്ക് തെന്നി ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
ഐടി ജീവനക്കാരനാണ് ജിഫ്രിൻ. അബ്ദുൽ നസീർ - ബൽക്കീസ് ദമ്പതികളുടെ മകനാണ്. സബാഹ് മുഹമ്മദ്, ജസ്ന നസീർ എന്നിവർ സഹോദരങ്ങളാണ്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം നാട്ടിലേക്കു കൊണ്ടുപോയി.
പുസ്തക പ്രകാശനം നടന്നു
ബംഗളൂരു: ബംഗളൂരു സാഹിത്യവേദി പ്രസിദ്ധീകരിച്ച "കഥ - കവിത ബംഗളൂരു 2024' എന്ന പുസ്തകത്തിന്റെ പ്രകാശനവും "സർഗജാലകം' ത്രൈമാസികയുടെ ഒക്ടോബർ ലക്കം പ്രകാശനവും നാവികസൈനികരുടെ ജീവിതപശ്ചാത്തലത്തിൽ വി. ആർ. ഹർഷൻ എഴുതിയ "കടൽച്ചൊരുക്ക്' എന്ന നോവലിന്റെ കവർപ്രകാശനവും കവി രാജൻ കൈലാസ് നിർവഹിച്ചു.
ഞായറാഴ്ച മത്തിക്കെരെ കോസ്മോപൊളിറ്റൻ ക്ലബിൽ വച്ച് ബംഗളൂരു സാഹിത്യവേദിയും സർഗജാലകം മാസികയും സംയുക്തമായി നടത്തിയ സമ്മേളനത്തിൽ പുസ്തകം ലാലി രംഗനാഥും മാസിക കെ.ആർ. കിഷോറും ആദ്യപ്രതി ഏറ്റുവാങ്ങി.
ബംഗളൂരുവിലെ എഴുത്തുകാരുടെ ഏറ്റവും പുതിയ രചനകളുടെ സമഹാരമായ "കഥ - കവിത ബംഗളൂരു 2024' എന്ന പുസ്തകം എഴുത്തുകാരുടെ പങ്കാളിത്തത്തോടെയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ഇന്ദിര ബാലൻ, ഡോ. സുഷമ ശങ്കർ, വി ആർ ഹർഷൻ, ഹസീന ഷിയാസ്, രമാ പിഷാരടി, സിന കെ എസ്, ജ്യോത്സ്ന പി എസ്, ശ്രീദേവി ഗോപാൽ, എസ് സലിംകുമാർ എന്നിവരുടെ കവിതകളും
ഡോ. കെ.കെ. പ്രേംരാജ്, ആന്റോ തോമസ് ചാലയ്ക്കൽ, ഡോ. കെ.കെ. സുധ, എസ.കെ.നായർ, ലാലി രംഗനാഥ്, രജത് കുറ്റ്യാട്ടൂർ, സത്യാ വിമോദ് എന്നിവരുടെ കഥകളും ഉൾപ്പെടെ 16 എഴുത്തുകാരുടെ രചനകളാണ് സമാഹാരത്തിൽ ഉള്ളത്.
വി.ആർ. ഹർഷന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നോവലിസ്റ്റ് ഡോ. കെ.കെ. പ്രേംരാജ് സ്വാഗതപ്രസംഗം നടത്തി. ജോർജ് ജേക്കബ്, തൊടുപുഴ പദ്മനാഭൻ. മോഹനൻ (ഗ്രോ വുഡ്), കെ. നാരായണൻ, സുരേഷ്, ഷിയാസ്, ശാന്തകുമാർ, രവീന്ദ്രനാഥ് തുടങ്ങിയവർ ആശംസാപ്രസംഗങ്ങൾ നടത്തി.
തുടർന്ന് രാജൻ കൈലാസിന്റെ അധ്യക്ഷതയിൽ നടന്ന കവിയരങ്ങിൽ രാജൻ കൈലാസ്, തൊടുപുഴ പദ്മനാഭൻ, വി.ആർ. ഹർഷൻ, ലാലി രംഗനാഥ്, കെ.എസ്. സിന, ഹസീന ഷിയാസ്, എസ്. സലിംകുമാർ എന്നിവർ കവിതകൾ അവതരിപ്പിച്ചു. വി.കെ. വിജയൻ, ഹെന എന്നിവർ ഗാനങ്ങൾ ആലപിച്ചു.
യുവതിയെ കൊന്നു ഫ്രിഡ്ജിൽവച്ച കേസ്; പ്രതി തൂങ്ങിമരിച്ചനിലയിൽ
ബംഗളൂരു: ബംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം 50 കഷ്ണങ്ങളായി മുറിച്ച് ഫ്രിഡ്ജിൽ സൂക്ഷിച്ച കേസിലെ പ്രതിയെ ഒഡീഷയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.
മുഖ്യപ്രതിയെന്നു സംശയിക്കുന്ന പശ്ചിമബംഗാൾ സ്വദേശി മുക്തിരാജൻ പ്രതാപ് റോയിയെയാണ് ഒഡീഷയിലെ ഭാദ്രാക് ജില്ലയിൽപ്പെട്ട ഭുനിപുർ ഗ്രാമത്തിലെ ശ്മശാനത്തോടു ചേർന്നുള്ള മരക്കൊന്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
ബംഗളൂരുവിലെ മല്ലേശ്വരത്ത് ഒറ്റമുറി അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന പ്രമുഖ മാളിലെ ജീവനക്കാരി ത്രിപുര സ്വദേശിനി മഹാലക്ഷ്മി(29)യാണു കൊല്ലപ്പെട്ടത്. ഭർത്താവുമായി പിരിഞ്ഞ് കഴിയുകയായിരുന്നു മഹാലക്ഷ്മി.
മുക്തിരാജനും മഹാലക്ഷ്മിയും അടുപ്പത്തിലായിരുന്നു. മഹാലക്ഷ്മിക്കു മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയമാണു കൃത്യത്തിലേക്കു നയിച്ചതെന്നാണ് പോലീസ് നൽകുന്ന സൂചന.
രണ്ടു ദിവസമായി മുറിയിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്ന് തൊട്ടടുത്ത താമസക്കാർ മഹാലക്ഷ്മിയുടെ ബന്ധുക്കളെ അറിയിച്ചതോടെ കഴിഞ്ഞ ശനിയാഴ്ചയാണ് കൊലപാതകവിവരം പുറത്തറിയുന്നത്.
ഐലൻഡ് എക്സ്പ്രസിന് സമയമാറ്റം
ബംഗളൂരു: കന്യാകുമാരി - ബംഗളൂരു ഐലൻഡ് എക്സ്പ്രസിന് നേരിയ സമയമാറ്റം. ഒക്ടോബർ ഒന്നു മുതൽ ഈ ട്രെയിൻ രാവിലെ ഏഴിനായിരിക്കും ബംഗളൂരുവിൽ എത്തിച്ചേരുക.
കന്യാകുമാരിയിൽ നിന്ന് രാവിലെ 10.10 -ന് പുറപ്പെടുന്ന ഈ വണ്ടി നിലവിൽ ബംഗളൂരുവിൽ എത്തുന്നത് അടുത്ത ദിവസം രാവിലെ 6.40നാണ്.
മറ്റ് സ്റ്റോപ്പുകളുടെ സമയത്തിൽ മാറ്റമൊന്നുമില്ലെന്നും റെയിൽവേ അധികൃതർ അറിയിച്ചു.
ബംഗളൂരുവിൽ ഓണപ്പൂക്കളം നശിപ്പിച്ചു; മലയാളി യുവതിക്കെതിരേ കേസ്
ബംഗളൂരു: ഓണപ്പൂക്കളം നശിപ്പിച്ചെന്ന പരാതിയിൽ മലയാളി യുവതിക്കെതിരേ ബംഗളൂരു സമ്പിഗെഹള്ളി പോലീസ് കേസെടുത്തു. തന്നിസന്ദ്ര അപ്പാർട്മെന്റ് കോംപ്ലക്സിലെ മലയാളി കൂട്ടായ്മയുടെ പരാതിയിൽ പത്തനംതിട്ട സ്വദേശിനി സിമിനായർക്കെതിരേയാണു കേസ്.
ശനിയാഴ്ച മൊണാർക്ക് സെറിനിറ്റി അപ്പാർട്മെന്റിൽ ഓണാഘോഷത്തിന്റെ ഭാഗമായാണു കുട്ടികളുടെ നേതൃത്വത്തിൽ പൂക്കളം ഒരുക്കിയത്. പുലർച്ചെ നാലിന് പൂക്കളം പൂർത്തിയാക്കി നിമിഷങ്ങൾക്കകമാണു നശിപ്പിച്ചത്.
കോമൺ ഏരിയയിൽ പൂക്കളം ഇട്ടതു ചോദ്യം ചെയ്ത സിമി നായർ, പൂക്കളത്തിനുള്ളിൽ കയറിനിൽക്കുന്നതിന്റെയും തടയാൻ ശ്രമിച്ചവരെ ഭീഷണിപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഏഴു വർഷമായി മലയാളി കൂട്ടായ്മ ഇവിടെ ഓണാഘോഷം നടത്തുന്നുണ്ട്.
ബംഗളൂരുവിൽ ജോലി തട്ടിപ്പ്: ഇരകൾ അധികവും മലയാളികൾ
ബംഗളൂരു: കർണാടകയിൽ ജോലി വാഗ്ദാനം ചെയ്തു പണംതട്ടുന്ന സംഭവങ്ങളിൽ ഇരകളാകുന്നവരിലധികവും മലയാളികൾ. സമൂഹമാധ്യമങ്ങൾ വഴി പരസ്യം നൽകിയാണ് മലയാളികൾ ഉൾപ്പെടുന്ന തട്ടിപ്പുസംഘം ഉദ്യോഗാർഥികളെ കുടുക്കുന്നത്.
സ്വകാര്യസ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലി ഒഴിവിന്റെ പരസ്യംകണ്ട് ബംഗളൂരുവിലെത്തിയ പാലക്കാട് മണ്ണാർക്കാട് സ്വദേശിയും സുഹൃത്തുക്കളും കബളിപ്പിക്കപ്പെട്ട വാർത്തയാണ് ഒടുവിൽ പുറത്തുവന്നത്.
കഴിഞ്ഞമാസം 27നാണ് ഇവർ ബംഗളൂരുവിൽ ഇന്റർവ്യൂവിനെത്തിയത്. ലോജിസ്റ്റിക് സ്ഥാപനത്തിൽ അക്കൗണ്ടന്റ് ജോലിക്കായിരുന്നു ഇന്റർവ്യൂ. മലയാളം സംസാരിക്കുന്നവരായിരുന്നു ഓഫീസിലുണ്ടായിരുന്നതെന്നു തട്ടിപ്പിനിരയായവർ പറഞ്ഞു.
ഇന്റർവ്യൂ പാസായെന്ന് അറിയിച്ച് ജോയിനിംഗ് ഫീസ് എന്ന പേരിൽ 3,800 രൂപ വീതം വാങ്ങി. സെപ്റ്റംബർ രണ്ടിനു ജോലിയിൽ പ്രവേശിക്കാനാണ് അറിയിച്ചത്. പിന്നീട് ഫോൺ വിളിച്ചെങ്കിലും ഇന്റർവ്യു ചെയ്തവർ എടുത്തില്ല.
ഒടുവിലാണു തങ്ങൾ തട്ടിപ്പിനിരയായെന്ന് ഉദ്യോഗാർഥികൾക്കു മനസിലായത്. മുന്പും ഇത്തരത്തിലുള്ള തട്ടിപ്പുകൾ ബംഗളൂരുവിലുണ്ടായിട്ടുണ്ട്.
കഴിഞ്ഞവർഷം കേരളത്തിൽനിന്നു ജോലിക്കെത്തിയ യുവാക്കളിൽനിന്ന് 3,000 രൂപ വീതം വാങ്ങിയശേഷം വാഗ്ദാനം ചെയ്ത ജോലി കൊടുക്കാതെ കബളിപ്പിച്ചിരുന്നു.
സമാനമായ തട്ടിപ്പുകൾ ഏറെയുണ്ടായിട്ടും യുവാക്കൾ കബളിപ്പിക്കപ്പെടുന്നതു തുടരുകയാണ്.
ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ പൂജ സ്പെഷൽ ട്രെയിൻ
കൊല്ലം: ഉത്സവകാല തിരക്ക് പ്രമാണിച്ച് ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ പ്രതിവാര പൂജ സ്പെഷൽ ട്രെയിൻ ഓടിക്കാൻ റെയിൽവേ തീരുമാനം. ഒക്ടോബർ ഒന്നു മുതൽ നവംബർ ആറു വരെയാണ് സർവീസ്. നിലവിൽ ഈ റൂട്ടിൽ ഓടിയിരുന്ന ഓണം സ്പെഷലാണ് പൂജ സ്പെഷൽ എന്ന പേരിൽ സർവീസ് ദീർഘിപ്പിച്ചിട്ടുള്ളത്.
06083 കൊച്ചുവേളി - ബംഗളൂരു സ്പെഷൽ ഒക്ടോബർ ഒന്ന്, എട്ട്, 15, 22, 29, നവംബർ അഞ്ച് തീയതികളിൽ കൊച്ചുവേളിയിൽ നിന്ന് വൈകുന്നേരം 6.05ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.55 ന് ബംഗളൂരുവിൽ എത്തും.
തിരികെയുള്ള സർവീസ്(06084) ബംഗളൂരുവിൽ നിന്ന് ഒക്ടോബർ രണ്ട്, ഒമ്പത്, 16, 23, 30, നവംബർ ആറ് തീയതികളിൽ ബംഗളുരുവിൽ നിന്ന് ഉച്ചയ്ക്ക് 12.45 ന് പുറപ്പെട്ട് പിറ്റേദിവസം രാവിലെ 6.45 ന് കൊച്ചുവേളിയിൽ എത്തും.
പാലക്കാട് ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
കോച്ച് കോംപോസിഷനിൽ മാറ്റമൊന്നുമില്ല. റിസർവേഷൻ ഉടൻ ആരംഭിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതർ അറിയിച്ചു.
ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വന്ന ബസ് മറിഞ്ഞു; ഒരു മരണം, നിരവധി പേർക്ക് പരിക്ക്
ബംഗളൂരു: ബംഗളൂരുവിൽനിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ അമൽ ഫ്രാങ്ക്ലിൻ(22) ആണ് മരിച്ചത്.
അപ്പകടത്തിൽ നിരവധിപ്പേർക്കു പരിക്കേറ്റു. ഇവരെ മണിപ്പാൽ ആശുപത്രി ഉൾപ്പടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഹുൻസൂരിൽ ഇന്ന് പുലർച്ചെ 12.45നാണ് അപകടമുണ്ടായത്.
ബംഗളൂരുവിൽനിന്ന് മഞ്ചേരി വഴി പെരിന്തൽമണ്ണയിലേക്കു പോകുകയായിരുന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ ബസാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയിലായിരുന്ന ബസ് നിയന്ത്രണം നഷ്ടപ്പെട്ട് സമീപത്തെ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് രണ്ടുതവണ മറിയുകയായിരുന്നു.
മലയാളി യാത്രക്കാരാണ് ഭൂരിഭാഗവും ബസിലുണ്ടായിരുന്നത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു ബസിലുണ്ടായിരുന്നവർ പറഞ്ഞത്.
ബംഗളൂരുവിൽ ആശുപത്രി ഐസിയുവിൽ തീപിടിത്തം; മലയാളി യുവാവ് മരിച്ചു
ബംഗളൂരു: ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. ന്യുമോണിയ ബാധിച്ച് രണ്ടാഴ്ചയായി ചികിത്സയിലായിരുന്ന കൊല്ലം പുനലൂർ ഇടമൺ 34ൽ ആനൂർ തുമ്പിക്കുന്നത്ത് സുജാതന്റെ (ഭാനു) മകൻ സുജയ് സുജാതൻ (34) ആണ് മരിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് 1.25ന് നോർത്ത് ബംഗളൂരുവിലെ മത്തിക്കെരെയിലുള്ള എംഎസ് രാമയ്യ മെഡിക്കൽ കോളജിലായിരുന്നു സംഭവം. ഒന്നാം നിലയിലുള്ള സിസിയു വാർഡിൽ സുജാതൻ കിടന്നിരുന്ന ബെഡിനു മുകളിലുള്ള എസിയിലാണ് ആദ്യം തീ കണ്ടത്.
പിന്നീട് പ്രദേശമാകെ പുക വ്യാപിക്കുകയായിരുന്നു. ഇതിനിടെ നഴ്സുമാർ സിസിയുവിലുണ്ടായിരുന്ന 12 രോഗികളെ സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റി. മൂന്ന് അഗ്നിരക്ഷാ യൂണിറ്റുകൾ എത്തിയാണു തീയണച്ചത്.
തീപിടിത്തത്തിനു പിന്നാലെയുണ്ടായ പുക ശ്വസിച്ചാണ് സുജയ് മരിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. മൃതദേഹം കാണാൻ ആശുപത്രി അധികൃതർ തങ്ങളെ അനുവദിച്ചില്ലെന്നും മരണവിവരം മറച്ചുവയ്ക്കാൻ അവർ ശ്രമിച്ചതായും ബന്ധുക്കൾ പരാതിപ്പെട്ടു.
അതേസമയം, തീപിടിത്തത്തിൽ സുജയ് മരിച്ചതായുള്ള റിപ്പോർട്ടുകൾ നിഷേധിച്ച ആശുപത്രി അധികൃതർ, തീപിടിത്തത്തിൽ ആളപായമൊന്നും ഉണ്ടായില്ലെന്നും തക്കസമയത്ത് എല്ലാ രോഗികളെയും സുരക്ഷിതകേന്ദ്രത്തിലേക്കു മാറ്റാനായെന്നും വ്യക്തമാക്കി.
എന്നാൽ, സുജയിന്റെ മരണകാരണം വെളിപ്പെടുത്താനും ആശുപത്രി അധികൃതർ തയാറായിട്ടില്ല. രക്ഷാപ്രവർത്തനത്തിനിടെ ഏതാനും നഴ്സുമാർക്കടക്കം പൊള്ളലേറ്റതായി റിപ്പോർട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് അഗ്നിരക്ഷാസേന അറിയിച്ചു.
വർഷങ്ങളായി സുജയ് സുജാതനും മാതാപിതാക്കളും ബംഗളൂരുവിലാണു താമസം. അവിടെ നൂൽ നിർമാണ കന്പനി നടത്തിവരികയായിരുന്നു. എറണാകുളം സ്വദേശിനിയായ രോഹിണിയാണ് ഭാര്യ. മക്കൾ: ആദി, അതിഥി. വിവരമറിഞ്ഞ് ബന്ധുക്കൾ ബംഗളൂരുവിലെത്തിയിട്ടുണ്ട്.
ബംഗളൂരുവിൽ ട്രെയിനിൽ നിന്ന് വീണു പരിക്കേറ്റ മലയാളി യുവാവ് മരിച്ചു
ബംഗളൂരു: സുഹൃത്തുക്കളെ കാണാൻ പോകുന്നതിനിടെ ട്രെയിനിൽ നിന്നു വീണു പരിക്കേറ്റ മലയാളി യുവാവ് മരിച്ചു. ഇടുക്കി കല്ലാർ പട്ടംകോളനി തൂക്കുപാലം എംജി മന്ദിരത്തിൽ റിട്ട.പോസ്റ്റ്മാസ്റ്റർ ജി.സുനിലിന്റെ മകൻ ദേവനന്ദൻ(24) ആണ് മരിച്ചത്.
ഞായറാഴ്ച ബംഗളൂരുവിലെ സുഹൃത്തുക്കളെ കാണാൻ മജസ്റ്റിക്കിൽനിന്ന് സോലദേവനഹള്ളിയിലേക്ക് പോകുന്നതിനിടെയാണ് അപകടം. മൃതദേഹം ശിവാജിനഗർ ബൗറിംഗ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോകും.
സംസ്കാരം തൂക്കുപാലത്തെ വീട്ടുവളപ്പിൽ. മാതാവ്: അനിതാകുമാരി (പ്രധാന അധ്യാപിക, മണ്ണൂർ എൻഎസ്എസ് ഹൈസ്കൂൾ), സഹോദരി: ഡോ.ദേവി സുനിൽ (ജർമനി).
മലയാളി യുവതി ബംഗളൂരുവിൽ തൂങ്ങിമരിച്ച നിലയിൽ
ബംഗളൂരു: മലയാളി യുവതിയെ ബംഗളൂരുവിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് നാദാപുരം സ്വദേശി അശ്വതി(20) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ചിക്കജാല വിദ്യാനഗറിലെ താമസസ്ഥലത്ത് അശ്വതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.
മൃതദേഹം യെലഹങ്ക സർക്കാർ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഓൾ ഇന്ത്യ കെഎംസിസി പ്രവർത്തകരുടെ സഹായത്തോടെ നാട്ടിലേക്ക് കൊണ്ടുപോയി.
ബംഗളൂരു രാജ്യാന്തര വിമാനത്താവളത്തിലെ കഫെ ജീവനക്കാരിയാണ്. സംസ്കാരം പിന്നീട്.
ബംഗളൂരു വിമാനത്താവളത്തില് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു
ബംഗളൂരു: കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തില് സെക്യൂരിറ്റി ജീവനക്കാരനെ കുത്തിക്കൊന്നു. ടെര്മിനല് ഒന്നിന് മുന്നിലാണ് സംഭവം.
തുമക്കുരു മധുഗിരി സ്വദേശി രാമകൃഷ്ണ(48) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് രാമകൃഷ്ണയുടെ നാട്ടുകാരനായ രമേശ് അറസ്റ്റിലായി.
വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന്റെ കാരണം എന്നാണ് പ്രാഥമിക നിഗമനം.
ബംഗളൂരു - എറണാകുളം വന്ദേഭാരത് നീട്ടുമോ?: പ്രതീക്ഷയോടെ കേരളം
കൊല്ലം: ബംഗളൂരുവിൽ നിന്ന് എറണാകുളത്തേക്കും തിരികെയും സർവീസ് നടത്തിയിരുന്ന വന്ദേഭാരത് എക്സ്പ്രസിന്റെ സർവീസ് നീട്ടുമോ എന്ന കാര്യത്തിൽ പ്രതീക്ഷയോടെ കേരളം. ഈ റൂട്ടിൽ ത്രൈവാര വന്ദേ ഭാരത് സർവീസാണ് നിലവിൽ ഓടിക്കൊണ്ടിരുന്നത്.
ജൂലൈ 31-ന് ആരംഭിച്ച സ്പെഷൽ സർവീസ് ഇന്ന് അവസാനിക്കുകയാണ്. തുടർ സർവീസുകൾ ഉണ്ടാകുമോ അതോ സ്ഥിരം സർവീസ് ആക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത ഒന്നുമില്ല. ഇക്കാര്യത്തിൽ ഇന്ന് റെയിൽവെയുടെ പ്രഖ്യാപനം ഉണ്ടാകുമെന്നാണ് കേരളത്തിലെ റെയിൽ യാത്രികർ കരുതുന്നത്.
എറണാകുളത്ത് നിന്ന് ബംഗളൂരുവിലേയ്ക്ക് ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിലും തിരികെ എറണാകുളത്തേയ്ക്ക് വ്യാഴം, ശനി, തിങ്കൾ ദിവസങ്ങളിലുമായിരുന്നു സർവീസ്.
എറണാകുളത്ത് നിന്ന് ഉച്ചയ്ക്ക് 12.50 ന് പുറപ്പെട്ട് രാത്രി പത്തിന് ബംഗളൂരുവിലും തിരികെ രാവിലെ 5.30 -ന് ബംഗളുരു കന്റോൺമെന്റ് സ്റ്റേഷനിൽനിന്നു പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് എറണാകുളത്ത് എത്തുന്നതുമായിരുന്നു നിലവിലെ സമയക്രമം. ഇതനുസരിച്ച് ഇന്ന് വണ്ടി എറണാകുളത്ത് എത്തുന്നതോടെ സർവീസിന് സമാപനമാകും.
റെയിൽവേയുടെ വിലയിരുത്തൽ അനുസരിച്ച് നിലവിൽ ഇരുദിശയിലും സർവീസ് സൂപ്പർ ഹിറ്റാണ്. സീറ്റുകൾ എല്ലാം ഫുൾ ആയിരുന്നു എല്ലാ സർവീസുകളിലും. മിക്ക ദിവസങ്ങളിലും വെയിറ്റിംഗ് ലിസ്റ്റിൻ്റെ എണ്ണവും 100 കടക്കുകയുണ്ടായി.
അതുകൊണ്ട് മാത്രം സർവീസ് നീട്ടുമെന്ന് തന്നെയാണ് യാത്രക്കാരുടെ പ്രതീക്ഷ. വണ്ടി സ്ഥിരം സംവിധാനമാക്കണമെന്ന് ബംഗളുരുവിലെ മലയാളി സംഘടനകളും കേരളത്തിലെ യാത്രക്കാരുടെ സംഘടനകളും റെയിൽവേ മന്ത്രിക്ക് നിവേദനവും നൽകിയിട്ടുണ്ട്.
നിലവിൽ എട്ട് കോച്ചുകളുള്ള വന്ദേ ഭാരത് ട്രെയിനാണ് സർവീസ് നടത്തിയിരുന്നത്. ഓണം അടുത്ത സാഹചര്യത്തിൽ ഈ റൂട്ടിൽ യാത്രികരുടെ എണ്ണം മൂന്നിരട്ടിയായി വർധിക്കുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ കോച്ചുകളുടെ എണ്ണം 16 ആയി ഉയർത്തണമെന്ന ആവശ്യവും ശക്തമാണ്.
ബംഗളുരു കന്റോൺമെന്റിൽ നിന്ന് വണ്ടി പുറപ്പെടുന്നത് രാവിലെ 5.30 നാണ്. ഇത് 6.30 ലേയ്ക്ക് മാറ്റണമെന്നും യാത്രികർ ആവശ്യപ്പെടുന്നു. കന്റോൺമെന്റ് സ്റ്റേഷനിൽ രാവിലെ 5.30 ന് എത്തുന്നതിന് പരിമിതമായ യാത്രാ സൗകര്യങ്ങളെ ഉള്ളൂ.
അതിനാലാണ് വണ്ടി ഒരു മണിക്കൂർ വൈകി പുറപ്പെടണമെന്ന ആവശ്യം ഉയർന്നിട്ടുള്ളത്. ഇക്കാര്യത്തിലും റെയിൽവേയുടെ ഭാഗത്ത് നിന്ന് അനുഭാവപൂർണമായ നിലപാട് യാത്രക്കാർ പ്രതീക്ഷിക്കുന്നുണ്ട്.
ഓണക്കാല തിരക്ക് ഒഴിവാക്കുന്നതിന് ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സെപ്റ്റംബർ 18 വരെ ദ്വൈവാര സ്പെഷൽ ട്രെയിൻ ആരംഭിച്ചിട്ടുണ്ട്. സ്പെഷൽ ഫെയർ സ്പെഷൽ ട്രെയിനുകളായാണ് ഇവ സർവീസ് നടത്തുന്നത്.
ഈ ട്രെയിനുകളിൽ അമിതമായ ടിക്കറ്റ് നിരക്കാണ് ഈടാക്കുന്നതെന്ന ആക്ഷേപവും വ്യാപകമായി ഉയർന്നിട്ടുണ്ട്. മാത്രമല്ല നിലവിൽ സർവീസ് നടത്തിയിരുന്ന കൊച്ചു വേളി - യശ്വന്ത്പുർ ഗരീബ് രഥ് എക്സ്പ്രസ് കാൻസൽ ചെയ്ത ശേഷം അതിന്റെ കോച്ചുകളാണ് സ്പെഷൽ ട്രെയിനിൽ ഉപയോഗിക്കുന്നതെന്നും യാത്രക്കാർ ചൂണ്ടിക്കാട്ടുന്നു.
നിലവിൽ പ്രതിദിനം സർവീസ് നടത്തുന്ന ബംഗളൂരു - കന്യാകുമാരി ഐലന്റ് എക്സ്പ്രസിൽ ജനറൽ കോച്ചുകളുടെ എണ്ണം പരിമിതമാണ്. മിക്കപ്പോഴും രണ്ട് ജനറൽ കമ്പാർട്ട്മെന്റുകളേ ഉണ്ടാകാറുള്ളൂ. ഇത് അഞ്ച് ആയി ഉയർത്തിയാൽ ഈ ട്രെയിനിലെ യാത്രാ ദുരിതത്തിന് ഒരു പരിധി വരെ പരിഹാരമാകും.
ബംഗളൂരുവിൽ "കുറുപ്പ് മോഡൽ' കൊലപാതകം
ബംഗളൂരു: ഇൻഷ്വറൻസ് തുക തട്ടിയെടുക്കാൻ ക്രൃത്രിമ വാഹനാപകടമുണ്ടാക്കി ഭിക്ഷാടകനെ കൊലപ്പെടുത്തിയ കേസിൽ വ്യവസായിയും സഹായിയും പിടിയിൽ. ബംഗളൂരു ഹൊസ്കോട്ടെ സ്വദേശി മുനിസ്വാമി ഗൗഡ, ലോറി ഡ്രൈവർ ദേവേന്ദ്ര നായക എന്നിവരാണ് അറസ്റ്റിലായത്.
കേസിൽ ഒളിവിൽപ്പോയെ മുനിസ്വാമിയുടെ ഭാര്യ ശില്പറാണിക്കായുള്ള തെരച്ചിൽ പോലീസ് ഊർജിതമാക്കി. ഈ മാസം 13ന് ഹാസനിൽ വച്ചാണു കൊലനടത്തിയത്. മുനിസ്വാമിയും ശില്പയും യാചകനുമായി സൗഹൃദം സ്ഥാപിച്ചശേഷം കാറിൽ കയറ്റിക്കൊണ്ടുപോകുകയായിരുന്നു.
വിജനമായ സ്ഥലത്തെത്തിയപ്പോൾ വാഹനത്തിന്റെ ടയറിനു തകരാർ സംഭവിച്ചെന്ന വ്യാജേന കാർ നിർത്തുകയും ടയർ മാറ്റാൻ യാചകന്റെ സഹായം ആവശ്യപ്പെടുകയുമായിരുന്നു. ഇയാൾ ടയർ മാറ്റാൻ ശ്രമിക്കുന്നതിനിടെ, നേരത്തെ തയാറാക്കിയ പദ്ധതിപ്രകാരം അതുവഴി വന്ന ദേവേന്ദ്രയുടെ ലോറിക്കുമുന്നിലേക്ക് മുനിസ്വാമി യാചകനെ തള്ളിയിട്ടു.
തുടർന്ന് മുനിസ്വാമി കൊല്ലപ്പെട്ടെന്നു വാർത്ത പ്രചരിപ്പിക്കുകയും സംസ്കാരച്ചടങ്ങുകൾ നടത്തുകയുമായിരുന്നു. ദിവസങ്ങൾക്കുശേഷം മുനിസ്വാമിയുടെ പേരിലുള്ള ഇൻഷ്വറൻസ് തുക ലഭിക്കാനുള്ള നടപടിക്രമങ്ങൾ ശിൽപ്പ ആരംഭിക്കുകയും ചെയ്തു.
എന്നാൽ, പിടിക്കപ്പെടുമോ എന്ന സംശയത്തെത്തുടർന്ന് തന്റെ ബന്ധുവായ സിദ്ധഘട്ട പോലീസ് ഇൻസ്പെക്ടർ ശ്രീനിവാസിനെ കണ്ട് സഹായമഭ്യർഥിക്കാൻ ഇയാൾ സ്റ്റേഷനിലെത്തി. ശ്രീനിവാസും സംസ്കാരച്ചടങ്ങുകളിൽ പങ്കെടുത്തിരുന്നു.
മരിച്ചയാൾ തിരിച്ചുവന്നതുകണ്ടു ഞെട്ടിപ്പോയ ശ്രീനിവാസ് സത്യാവസ്ഥ ചോദിച്ചറിയുകയും ഹാസൻ പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. തുടർന്ന് ഹാസൻ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തു.
ഹൊസ്കോട്ടെയിൽ ടയർ കടത്തിയിരുന്ന മുനിസ്വാമി സാന്പത്തിക പ്രതിസന്ധി മറികടക്കാനാണ് കൊലപാതകം നടത്തി ഇൻഷ്വറൻസ് തുക തട്ടാൻ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു.
പെൺകുട്ടികളെ വെട്ടിക്കൊന്നു; രണ്ടാനച്ഛനെ തെരഞ്ഞ് പോലീസ്
ബംഗളൂരു: ദാസറഹള്ളയിൽ പ്രായപൂർത്തിയാകാത്ത രണ്ടു പെൺകുട്ടികളെ രണ്ടാനച്ഛൻ കൊലപ്പെടുത്തി. ഉത്തർപ്രദേശ് ഗോരഖ്പുർ സ്വദേശിനികളായ സുഷമ (16), സോണി (14) എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ രണ്ടാനച്ഛനും ഡെലിവറി ജീവനക്കാരനുമായ മോഹൻ ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച വെട്ടുകത്തി സംഭവസ്ഥലത്തുനിന്ന് പോലീസ് കണ്ടെടുത്തു.
വസ്ത്രനിർമാണ ഫാക്ടറി ജീവനക്കാരിയായ പെൺകുട്ടികളുടെ അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മക്കളെ രക്തം വാർന്ന് മരിച്ചനിലയിൽ കണ്ടെത്തിയത്. മക്കളെ ഉപദ്രവിക്കാൻ പ്രതി മുൻപും ശ്രമിച്ചിട്ടുണ്ടെന്നും ഇവർ പോലീസിനു മൊഴി നൽകി.
ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരംകൂടിയ കെട്ടിടം ബംഗളൂരുവിൽ ഉയരും
ബംഗളൂരു: ദക്ഷിണേഷ്യയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറുന്ന ബംഗളൂരു സ്കൈഡെക്ക് പ്രോജക്ടിന് അനുമതി നൽകി കർണാടക സർക്കാർ. 500 കോടി രൂപ ചെലവിൽ ഏകദേശം 250 മീറ്റർ ഉയരത്തിലാണ് സ്കൈഡെക്ക് നിർമിക്കുന്നത്.
കുത്തബ് മിനാറിനേക്കാൾ മൂന്നുമടങ്ങു കൂടുതലായിരിക്കും ഈ ടവറിന്റെ ഉയരം. ബംഗളൂരുവിൽ നിലവിലുള്ള ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സിഎൻടിസി പ്രസിഡൻഷ്യൽ ടവറിന് 160 മീറ്ററാണ് ഉയരം.
ഔട്ടർ ബംഗളൂരുവിലെ നൈസ് റോഡിൽ നിർമിക്കുന്ന സ്കൈഡെക്കിൽ വിനോദസഞ്ചാരികൾക്ക് ലോകോത്തര സൗകര്യങ്ങൾ ഉണ്ടായിരിക്കും. മെട്രോ റെയിലുമായി ടവറിനെ ബന്ധിപ്പിക്കും.
ഒരു ആഡംബര ഷോപ്പിംഗ് കോംപ്ലക്സ് ഒഴികെ, സ്കൈ ഡെക്കിനുള്ളിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് സൗകര്യങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
12,69,000 കോടി രൂപ ചെലവിൽ ഹെബ്ബാളിൽനിന്ന് ബംഗളൂരുവിലെ സിൽക്ക്ബോർഡ് ജംഗ്ഷനിലേക്കുള്ള ടു വേ ടണലും കർണാടക മന്ത്രിസഭ അംഗീകരിച്ചു.
മേൽപ്പാലത്തിൽ ബൈക്ക് അഭ്യാസം; ബൈക്ക് പാലത്തിൽനിന്ന് തള്ളിയിട്ട് നാട്ടുകാർ!
ബംഗളൂരു: സമൂഹമാധ്യമങ്ങളിൽ താരമാകാൻ എന്തു കാണിക്കാനും മടിയില്ലാത്തവരാണ് പുതുതലമുറക്കാർ. ഇതിൽ ആൺ-പെൺ വ്യത്യാസമില്ല. ഡിജിറ്റൽ കണ്ടന്റിലൂടെ ലക്ഷങ്ങൾ സന്പാദിക്കുന്നവരും എട്ടിന്റെ പണി കിട്ടുന്നവരും ഇക്കൂട്ടത്തിലുണ്ട്.
ബംഗളൂരു നഗരത്തിൽ ബൈക്ക് സ്റ്റണ്ട് നടത്തി ആളാകാൻ നോക്കിയ യുവാക്കളെ നാട്ടുകാർ കൈകാര്യം ചെയ്തതാണു സോഷ്യൽ മീഡിയയിൽ പുതിയ വൈറൽ. തിരക്കേറിയ തുമക്കുരു ദേശീയപാതയിലെ മേല്പ്പാലത്തിലാണ് യുവാക്കൾ ബൈക്ക് സ്റ്റണ്ട് നടത്തുകയും വീഡിയോ ഷൂട്ട് ചെയ്യുകയും ചെയ്തത്.
റോഡ് ബ്ലോക്ക് ആയതോടെ നാട്ടുകാർ ഇടപെട്ട് ബൈക്ക് അഭ്യാസം നിർത്താൻ ആവശ്യപ്പെട്ടു. പക്ഷേ, യുവാക്കൾ പിൻമാറിയില്ല. അതോടെ വാക്കേറ്റമായി. പ്രകോപിതരായ നാട്ടുകാർ ബൈക്ക് പിടിച്ചെടുത്ത് പാലത്തിൽനിന്നു താഴേക്കു തള്ളിയിട്ടു.
തടി കേടാകുമെന്ന ഘട്ടമെത്തിയപ്പോൾ യുവാക്കൾ കേടായ ബൈക്കും തള്ളി സ്ഥലംവിട്ടു. യാത്രക്കാരുടെ ജീവനു ഭീഷണിയുയർത്തിയാണ് യുവാക്കള് ബൈക്ക് സ്റ്റണ്ട് നടത്തിയതെന്നു പ്രാദേശിക മാധ്യമങ്ങള് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.
ബംഗളൂരുവിൽ ടെക്കി യുവാവ് ഹീലിയം വാതകം ശ്വസിച്ചു ജീവനൊടുക്കി
ബംഗുളൂരു: കർണാടകയിലെ പ്രമുഖ ഐടി കമ്പനിയിലെ ടെക്കി യുവാവ് ഹോട്ടൽ മുറിയിൽ ഹീലിയം വാതകം ശ്വസിച്ച് ജീവനൊടുക്കി. ഹാസൻ ജില്ലയിലെ സകലേഷ്പുർ സ്വദേശിയായ യാഗ്നിക്(24) ആണു മരിച്ചത്.
ബംഗളൂരുവിലെ നീലാദ്രി നഗറിലാണു സംഭവം. ഹോട്ടലിൽ റൂമെടുത്ത യാഗ്നിക്, ബലൂണുകളിൽ ഉപയോഗിക്കുന്ന ഹീലിയം വാതകം ശ്വസിച്ച് ജീവിതം അവസാനിപ്പിക്കുകയായിരുന്നുവെന്നു പോലീസ് പറഞ്ഞു.
കുറച്ചുമാസങ്ങളായി വീട്ടിലിരുന്നു ജോലി ചെയ്യകയായിരുന്ന യാഗ്നിക്, എംടെക് പരീക്ഷ എഴുതുന്നതിനായാണ് ബംഗളൂരുവിലെ ഹോട്ടലിൽ മുറിയെടുത്തത്. പീനിയ പ്രദേശത്തുനിന്നാണ് ഇയാൾ ഹീലിയം ഗ്യാസ് കണ്ടെയ്നർ വാങ്ങി ഹോട്ടൽ മുറിയിലേക്കു കൊണ്ടുവന്നത്.
റെയിൽവേയുടെ ഓണസമ്മാനം; ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ സ്പെഷൽ ട്രെയിൻ
ബംഗളൂരു: ഓണക്കാലത്തെ യാത്രത്തിരക്ക് കണക്കിലെടുത്ത് ബംഗളൂരു - കൊച്ചുവേളി റൂട്ടിൽ ഇന്നു മുതൽ റെയിൽവേ സ്പെഷൽ ട്രെയിൻ ഓടിക്കും. ഇരു ദിശകളിലുമായി 13 വീതം സർവീസുകൾ ഉണ്ടാകും.
06239 ബംഗളൂരു - കൊച്ചുവേളി ട്രെയിൻ 20, 22, 25, 27, 29, സെപ്റ്റംബർ ഒന്ന്, മൂന്ന്, അഞ്ച്, എട്ട്, 10, 12, 15, 17 തീയതികളിൽ രാത്രി ഒമ്പതിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം ഉച്ചകഴിഞ്ഞ് 2.15ന് കൊച്ചുവേളിയിൽ എത്തും.
06240 കൊച്ചുവേളി - ബംഗളൂരു സർവീസ് 21, 23, 26, 28, 30, സെപ്റ്റംബർ രണ്ട്, നാല്, ആറ്, ഒമ്പത്, 11, 13, 16, 18 തീയതികളിൽ കൊച്ചു വേളിയിൽ നിന്ന് വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ 10.30 ന് ബംഗളൂരുവിൽ എത്തും.
16 ഏസി ത്രീ ടയർ എക്കണോമി കോച്ചുകളും രണ്ട് ലഗേജ് വാനും ഉണ്ടാകും. ഗരീബ് രഥ് കോച്ചുകളാണ് സ്പെഷൽ ട്രെയിനിന് ഉപയോഗിക്കുന്നത്. സേലം, ഈറോഡ്, തിരുപ്പുർ, പോഡന്നൂർ ജംഗ്ഷൻ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവിടങ്ങളിൽ സ്റ്റോപ്പ് ഉണ്ട്.
ബംഗളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു
ബംഗളൂരു: ബംഗളൂരുവിൽ അഞ്ച് പേർക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. കർണാടക ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടു റാവു ആണ് ഇക്കാര്യം അറിയിച്ചത്.
ഓഗസ്റ്റ് നാല് മുതൽ 15 വരെ ബംഗളൂരുവിലെ ജിഗാനിയിൽ അഞ്ച് പേർക്ക് സിക്ക വൈറസ് ബാധ കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
ആദ്യ കേസ് കണ്ടെത്തിയതിന് ശേഷം, സമീപ പ്രദേശങ്ങളിൽ പരിശോധനകൾ നടത്തി, അഞ്ച് സിക്ക വൈറസ് കേസുകൾ കണ്ടെത്തി. അതനുസരിച്ച്, നിയന്ത്രണങ്ങൾ നടത്തിയിട്ടുണ്ട് എന്ന് അദ്ദേഹം വ്യക്തമാക്കി.
ഓണാവധി: യാത്രാച്ചെലവിൽ ബംഗളൂരു മലയാളികളുടെ കൈ പൊള്ളും
കൊച്ചി: ഇത്തവണ ഓണത്തിന് നാട്ടിലെത്താന് കാത്തിരിക്കുന്ന ബംഗളൂരു മലയാളികള്ക്ക് യാത്രാ ചെലവ് കൈപൊളളിക്കും. അന്തര് സംസ്ഥാന ആഡംബര സ്വകാര്യ ബസുകളുടെ ബംഗളൂരു-കൊച്ചി സെക്ടറിലാണ് നിരക്ക് വര്ധിപ്പിച്ചിരിക്കുന്നത്. ബസ് ടിക്കറ്റിന് 3,000 രൂപയിലധികമാണ് നല്കേണ്ടിവരുന്നത്.
എന്നാല് 2,500 രൂപ മുതല് മുന്കൂറായി വിമാന ടിക്കറ്റ് ബുക്ക് ചെയ്താല് യാത്രാചെലവ് കുറയ്ക്കാനാകും. സെപ്റ്റംബര് 12ന് വൈകുന്നേരം ബംഗളൂരുവില്നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ കൊച്ചിയിലെത്തുന്ന എസി ലക്ഷ്വറി ബസുകളുടെ ടിക്കറ്റ് നിരക്ക് 2,500 രൂപ മുതല് 5,200 രൂപ വരെയാണ്. "മേക്ക് മൈ ട്രിപ്പ്' പോലുള്ള ടിക്കറ്റ് ബുക്കിംഗ് ആപ്പുകള് സെപ്റ്റംബര് 13ന് ടിക്കറ്റ് നിരക്ക് ഇനിയും ഉയരുമെന്ന സൂചനയാണ് നല്കുന്നത്.
എസി ലക്ഷ്വറി ബസുകളിലും സീറ്റു ബുക്കിംഗ് നേരത്തെ ആരംഭിച്ചിരുന്നു. ചില ബസുകളില് ഇപ്പോള് ടിക്കറ്റ് ബുക്ക് ചെയ്താല് 4,000 രൂപയാണ് ഈടാക്കുന്നത്. ഓണ്ലൈന് ബുക്കിംഗിന് 19 സീറ്റുകള് മാത്രമുള്ള ചില ലക്ഷ്വറി ബസുകളില് സ്വകാര്യ ഓപ്പറേറ്റര്മാര് 3,515 രൂപ വരെ ഈടാക്കുന്നുമുണ്ട്.
ലക്ഷ്വറി ബസുകളുടെ ടിക്കറ്റ് നിരക്കുമായി താരതമ്യം ചെയ്യുമ്പോള് ബംഗളൂരു-കൊച്ചി സെക്ടറില് ആ ദിവസങ്ങളിലെ വിമാന ടിക്കറ്റിന്റെ ചാര്ജ് തീരെ കുറവാണ്. ഇന്ഡിഗോ പോലുള്ള വിമാനക്കമ്പനികള് സെപ്റ്റംബര് 12ന് ഏകദേശം ഒരു മണിക്കൂര് വിമാനത്തിന് 2,515 രൂപ മാത്രമാണ് ഈടാക്കുന്നത്.
വൈകുന്നേരത്തെ നോണ്സ്റ്റോപ്പ് ഫ്ളൈറ്റുകള്ക്ക് പോലും 3,090 രൂപയ്ക്ക് (ഇന്ഡിഗോ: രാത്രി ഏഴ് ), 3,195 രൂപയ്ക്ക് (അലയന്സ് എയര്: വൈകിട്ട് 6.20) ടിക്കറ്റുകള് ലഭ്യമാണ്. എയര് ഇന്ത്യ എക്സ്പ്രസിന്റെ 4.45 ന് കൊച്ചിയിലേക്കുള്ള വിമാനത്തിന്റെ ടിക്കറ്റ് നിരക്ക് 3,298 രൂപയുമാണ്.
സെപ്റ്റംബര് 12 വരെ ഇതേ ശ്രേണിയില് തുടരുന്ന ഫ്ളൈറ്റ് ചാര്ജുകള്, സെപ്റ്റംബര് 15 ന് തിരുവോണത്തിന് തൊട്ടുമുമ്പുള്ള വാരാന്ത്യ ദിവസങ്ങളില് വര്ധിക്കും. സെപ്റ്റംബര് 13 മുതല് 3,615 രൂപ മുതല് അലയന്സ് എയര് ടിക്കറ്റുകള് ബുക്ക് ചെയ്യാം.
പ്രത്യേക സര്വീസുകളുമായി കെഎസ്ആര്ടിസി
കെഎസ്ആര്ടിസി സെപ്റ്റംബര് 9 മുതല് 20 വരെ ബംഗളൂരുവിലേക്ക് മൊത്തം 60 അധിക സര്വീസുകള് പ്രഖ്യാപിച്ചു. നോണ് എസി സൂപ്പര് ഡീലക്സ് ബസുകളാണിത്. ഇതിന് ഫ്ളക്സി ചാര്ജുകളും (ആവശ്യാനുസരണം) എന്ഡ്ടുഎന്ഡ് നിരക്ക് സംവിധാനവും ബാധകമായിരിക്കും.
ബംഗളൂരു-എറണാകുളം സ്പെഷല് സര്വീസുകള് ദിവസവും വൈകിട്ട് 5.30, 6.30, 7.30, 7.45, 8.30 എന്നീ സമയങ്ങളില് ആരംഭിക്കും. എറണാകുളത്തുനിന്ന് ബംഗളൂരുവിലേക്കുള്ളവ വൈകിട്ട് 5.30, 6.30, 7, 7.30, 8.15 എന്നീ സമയങ്ങളില് പുറപ്പെടും.
ഈ കാലയളവില് ചെന്നൈയിലേക്കും തിരിച്ചും ദിവസവും പ്രത്യേക സര്വീസ് നടത്തും. ചെന്നൈയില് നിന്നും എറണാകുളത്തുനിന്നും ദിവസവും രാത്രി 7.30ന് സൂപ്പര് ഡീലക്സ് ബസ് സര്വീസ് നടത്തുമെന്ന് കെഎസ്ആര്ടിസി അധികൃതര് അറിയിച്ചു.
ബംഗളൂരുവിൽ മലയാളി വിദ്യാർഥിനി ഹോസ്റ്റലിനു മുകളിൽനിന്നു വീണു മരിച്ചു
ബംഗളൂരു: മലയാളി നഴ്സിംഗ് വിദ്യാർഥിനി ഹോസ്റ്റലിനു മുകളിൽനിന്നു വീണു മരിച്ചു. പുതുക്കോട് കീഴതാളിക്കോട് അതുല്യ ഗംഗാധരൻ(19) ആണ് മരിച്ചത്.
ബംഗളൂരു ധന്വന്തരി കോളജിലെ ഒന്നാം വർഷ ബിഎസ്സി നഴ്സിംഗ് വിദ്യാർഥിനിയാണ്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്നാണ് കോളജ് അധികൃതർ വീട്ടുകാരെ അറിയിച്ചത്.
അതുല്യ മൂന്നു സഹപാഠികൾക്കൊപ്പമാണ് ഹോസ്റ്റലിൽ താമസിച്ചിരുന്നത്. സംഭവത്തിൽ ബംഗളൂരു പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് ബന്ധുക്കൾ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോർട്ടത്തിനുശേഷം നാട്ടിലേക്ക് കൊണ്ടുവരും.
ബംഗളൂരുവിൽ യുവതിയെ കഴുത്തറുത്ത് കൊന്നു
ബംഗളൂരു: യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം പ്രതി രക്ഷപ്പെട്ടു. ബംഗളൂരുവിലെ കോറമംഗലയിൽ ആണ് സംഭവം. ബിഹാർ സ്വദേശി കൃതി കുമാരി ആണ് കൊല്ലപ്പെട്ടത്.
കോറമംഗലയിൽ പേയിംഗ് ഗസ്റ്റ് ആയി താമസിക്കുകയാരുന്നു കൃതി. യുവതിയുടെ സുഹൃത്താണ് കുറ്റം നടത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പ്രതിയെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.
ഡെങ്കിപ്പനി; മലയാളി അധ്യാപിക ബംഗളൂരുവില് മരിച്ചു
ബംഗളൂരു: ഡെങ്കിപ്പനി ബാധിച്ച മലയാളി അധ്യാപിക ബംഗളൂരുവില് മരിച്ചു. രാമങ്കരി കവലയ്ക്കല് പി.കെ. വർഗീസിന്റെയും ഷൂബി മോളുടെയും മകള് ആല്ഫിമോളാണ്(24) മരിച്ചത്.
കുറച്ച് ദിവസമായി ബംഗളൂരുവിലെ സെന്റ് ഫിലോമിനാ ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തില് ചികിത്സയിലായിരുന്നു.
ബംഗളൂരുവില് എംഎസ്സി പഠനം പൂർത്തിയാക്കി ദയ കോളജില് അധ്യാപികയായി ജോലി ചെയ്തു വരികയായിരുന്നു ഇവർ.
ഓണത്തിന് ബംഗളൂരു - എറണാകുളം വന്ദേഭാരത്?
ബംഗളൂരു: ഓണത്തിനു നാട്ടിലേക്കുപോകുന്നവർക്കായി ബംഗളൂരു - എറണാകുളം വന്ദേഭാരത് എക്സ്പ്രസ് എത്തുമെന്ന പ്രതീക്ഷയിലാണു മലയാളികൾ.
ആഴ്ചയിൽ മൂന്നു ദിവസം സ്പെഷൽ ട്രെയിനായി ഓടിക്കാൻ ദക്ഷിണ റെയിൽവേ അനുമതി നൽകിയതോടെയാണ് വന്ദേഭാരത് ഓണത്തിനു മുന്പുതന്നെ സർവീസ് തുടങ്ങാൻ വഴിതെളിയുന്നത്.
ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 4.30നു ബംഗളൂരു കെഎസ്ആർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 1.30ന് എറണാകുളം ജംഗ്ഷനിലും ഉച്ചകഴിഞ്ഞു രണ്ടിന് എറണാകുളത്തുനിന്ന് പുറപ്പെട്ട് രാത്രി 11ന് ബംഗളൂരുവിൽ എത്തുന്ന തരത്തിലാണു താത്കാലിക സമയപ്പട്ടിക.
ബംഗളൂരു ക്നാനായ കാത്തലിക്ക് അസോസിയേഷൻ സ്കൂൾ കിറ്റ് വിതരണം ചെയ്തു
ബംഗളൂരു: ബംഗളൂരു ക്നാനായ കാത്തലിക്ക് അസോസിയേഷനും(ബികെസിഎ) ടി.സി പാളയ ഡോൺബോസ്കോ കോളജും സംയുക്തമായി സഹകരിച്ച് "നിർധനരായ കുട്ടികളെ പുഞ്ചിരിക്കുന്ന മുഖത്തോടെ സ്കൂളിലേക്ക് അയക്കുക' എന്ന പദ്ധതിയിലൂടെ 1300 കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
സ്കൂൾ ബാഗ്, നോട്ട് ബുക്ക്സ്, വാട്ടർ ബോട്ടിൽ, ലഞ്ച് ബോക്സ്, ഒരു പാക്കറ്റ് പേനയും പെൻസിലും, ഇറേസർ, പെൻസിൽ വെട്ടി തുടങ്ങിയവ ഉൾപ്പെട്ട കിറ്റാണ് ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലുള്ള അർഹതപ്പെട്ട കുട്ടികൾക്ക് വിതരണം ചെയ്തത്.
ബംഗളൂരുവിന് പുറമേ കോളാർ, റാഞ്ചി, ഒഡീഷ തുടങ്ങിയ സ്ഥലങ്ങളിലും സ്കൂൾ കിറ്റ് വിതരണം ചെയ്യ്തു. ബികെസിഎ പ്രസിഡന്റ് കേണൽ ബേബി ചൂരവേലികുടിലിലിന്റെ നേതൃത്വത്തിലുള്ള ബംഗളൂരുവിലെ ക്നാനായ കാത്തോലിക്കാ സമുദായ അംഗങ്ങൾ ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ സ്കൂൾകിറ്റ് വിതരണത്തിന് നേതൃത്വം നൽകി.
കഴിഞ്ഞ ഡിസംബറിൽ ബംഗളൂരുവിലെ ചേരികളിലും തെരുവോരത്തും ജീവിക്കുന്ന അഞ്ഞൂറു കുടുംബങ്ങൾക്ക് തണുപ്പിനെ പ്രതിരോധിക്കുവാനുള്ള കമ്പിളി വസ്ത്രങ്ങൾ ബികെസിഎ വിതരണം ചെയ്തിരുന്നു.
1986-ൽ ബംഗളൂരുവിലെ രൂപംകൊണ്ട ബികെസിഎ, കർണാടക സൊസൈറ്റീസ് ആക്ട്1961 പ്രകാരം രജിസ്റ്റർ ചെയ്ത അസോസിയേഷനാണ് മുന്നൂറോളം കുടുംബങ്ങൾ ഈ അസോസിയേഷനിലെ അംഗങ്ങളാണ്.
ആർച്ച്ബിഷപ് എമെരിറ്റസ് ഡോ. അൽഫോൻസ് മത്യാസ് ദിവംഗതനായി
ബംഗളൂരു: ബംഗളൂരു അതിരൂപത മുൻ ആർച്ച്ബിഷപ് ഡോ.അൽഫോൻസ് മത്യാസ് (96) ദിവംഗതനായി. ബുധനാഴ്ച വൈകുന്നേരം 5.20ന് ബംഗളൂരു സെന്റ് ജോൺസ് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഏതാനും മാസമായി ചികിത്സയിലായിരുന്നു. സംസ്കാരം പിന്നീട് നടക്കും. 1964 മുതൽ 86 വരെ ചിക്മംഗളൂർ ബിഷപ്പായിരുന്ന ഡോ.അൽഫോൻസ് മത്യാസ് 1986ൽ ബംഗളൂരു ആർച്ച്ബിഷപ്പായി. 1998 വരെ ഈ സ്ഥാനത്ത് തുടർന്നു.
1989ലും 1993ലും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) പ്രസിഡന്റായിരുന്നു. രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുത്തിട്ടുണ്ട്. 1974 മുതൽ 82 വരെ ബംഗളൂരു സെന്റ് ജോൺസ് നാഷണൽ അക്കാദമി ഓഫ് ഹെൽത്ത് സയൻസസിന്റെ ചെയർമാനായിരുന്നു.
കർണാടകയിലെ സൗത്ത് കാനറ ജില്ലയിൽപ്പെട്ട പാംഗാലയിൽ ഡിയെഗോ മത്യാസിന്റെയും ഫിലോമിന ഡിസൂസയുടെയും നാലാമത്തെ മകനായി 1928 ജൂൺ 22ന് ജനിച്ചു.
1945 ജൂണിൽ മംഗളൂരു ജെപ്പു സെമിനാരിയിൽ വൈദികപഠനത്തിനു ചേർന്ന അദ്ദേഹം ശ്രീലങ്കയിലെ കാൻഡിയിൽനിന്ന് തത്വശാസ്ത്ര-ദൈവശാസ്ത്ര പഠനങ്ങൾ പൂർത്തിയാക്കി 1954 ഓഗസ്റ്റ് 24ന് കാൻഡിയിൽവച്ച് മംഗലാപുരം രൂപത വൈദികനായി പൗരോഹിത്യം സ്വീകരിച്ചു.
മംഗലാപുരം ബജ്പെ സെന്റ് ജോസഫ്സ് ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിട്ടായിരുന്നു പൗരോഹിത്യശുശ്രൂഷയുടെ തുടക്കം. 1955ൽ റോമിലേക്കു പോയ അദ്ദേഹം, കാനോനിക നിയമത്തിലും ഇന്റർനാഷണൽ സിവിൽ ലോയിലും ഉപരിപഠനം നടത്തി.
1959ൽ മംഗലാപുരം രൂപതയിൽ തിരിച്ചെത്തി. തുടർന്ന് അന്നത്തെ ബിഷപ് ഡോ.റെയ്മണ്ഡ് ഡിമെല്ലോയുടെ സെക്രട്ടറിയായും രൂപത ചാൻസലറായും സേവനമനുഷ്ഠിച്ചു. 35-ാമത്തെ വയസിലാണ് പുതുതായി രൂപീകൃതമായ ചിക്മംഗളൂർ രൂപതയുടെ പ്രഥമ മെത്രാനായി നിയമിതനാകുന്നത്.
ബംഗളൂരുവിൽ കോളജ് സെക്യൂരിറ്റിയെ വിദ്യാർഥി കുത്തിക്കൊന്നു
ബംഗളൂരു: മദ്യപിച്ച് കോളജിൽ പ്രവേശിക്കുന്നത് തടഞ്ഞ സെക്യൂരിറ്റി ജീവനക്കാരനെ വിദ്യാർഥി കുത്തിക്കൊന്നു. ഇന്നലെ ഉച്ചകഴിഞ്ഞ് ബംഗളൂരു അമൃതഹള്ളിയിലെ സിന്ധി കോളജിലാണ് സംഭവം. സെക്യൂരിറ്റി ഗാർഡായ ജയ് കിഷോർ റായ്(52) ആണു കൊല്ലപ്പെട്ടത്.
സുഹൃത്തുക്കളോടൊപ്പം മദ്യപിച്ചനിലയിൽ എത്തിയ ഭാർഗവ് എന്ന വിദ്യാർഥിയാണ് കൊല നടത്തിയതെന്നു പോലീസ് പറഞ്ഞു. കോളജിൽ ഫെസ്റ്റ് നടന്നുകൊണ്ടിരിക്കുന്നതിനിടെയാണു ഭാർഗവിനും കൂട്ടുകാർക്കും സെക്യൂരിറ്റി ഗാർഡ് പ്രവേശനം നിഷേധിച്ചത്.
തർക്കത്തെത്തുടർന്ന് ഭാർഗവ് അടുത്തുള്ള കടയിൽ പോയി കത്തി വാങ്ങി റായിയുടെ നെഞ്ചിൽ കുത്തുകയായിരുന്നുവെന്നു പറയുന്നു. സുരക്ഷാ ജീവനക്കാരൻ സംഭവസ്ഥലത്തുതന്നെ മരിച്ചു. പ്രതിയെ പിന്നീട് പിടികൂടി.
ബംഗളൂരു മെട്രോയ്ക്കായി മുറിച്ചത് നാലായിരത്തോളം മരങ്ങൾ
ബംഗളൂരു: നമ്മ മെട്രോ വിവിധ മേഖലകളിലേക്കു വ്യാപിപ്പിക്കുന്നതിനായി മുറിച്ചുമാറ്റിയത് നഗരത്തിനു നിറച്ചാർത്തായിരുന്ന നാലായിരത്തോളം മരങ്ങൾ. കഴിഞ്ഞ മൂന്നുവർഷത്തിനിടെയാണ് ഇത്രയും മരങ്ങൾ മുറിച്ചത്.
2021-23ൽ 3,600 മരങ്ങൾ മുറിച്ചുമാറ്റിയിരുന്നു. ഇപ്പോൾ മെട്രോ മൂന്നാംഘട്ടത്തിന്റെ ഭാഗമായുള്ള ഓറഞ്ച് ലൈനിനായി (ജെപി നഗർ നാലാംഫേസ് മുതൽ മൈസൂരു റോഡുവരെ) 2,174 മരങ്ങൾ മുറിക്കുന്നതിനു ബൃഹത് ബെംഗളൂരു മഹാനഗരപാലികെ (ബിബിഎംപി) നിർദേശം നൽകിയിരിക്കുകയാണ്.
നമ്മ മെട്രോയുടെ മറ്റുപാതകൾക്കായി മുറിച്ച മരങ്ങൾക്കുപകരം നട്ട മരങ്ങളും ഇവിടെ മുറിക്കേണ്ടതായിവരും. മരങ്ങൾ മുറിക്കുന്നതായുള്ള പൊതുനോട്ടീസ് ബിബിഎംപി പുറപ്പെടുവിച്ചതിനെത്തുടർന്ന് അഞ്ഞൂറോളം നിർദേശങ്ങളും പരാതികളും ലഭിച്ചിട്ടുണ്ട്.
മൂന്നാംഘട്ടത്തിന്റെ ഭാഗമായി ബംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് ജെപി നഗർമുതൽ കെംപാപുരവരെ 32 കിലോമീറ്റർ പാതയാണ് നിർമിക്കാൻ ലക്ഷ്യമിടുന്നത്.
മധുര-ബംഗളുരു റൂട്ടിൽ വന്ദേഭാരത് സ്പെഷൽ ട്രെയിനുകൾ ഇന്നുമുതൽ
കൊല്ലം: മധുര- ബംഗളുരു റൂട്ടിൽ സ്പെഷൽ വന്ദേ ഭാരത് ട്രെയിനുകൾ ഓടിക്കാൻ റെയിൽവേ ബോർഡ് തീരുമാനം. ഇരു ദിശകളിലുമായി 30 വീതം സർവീസുകൾ ഉണ്ടാകും.
ഇന്നു മുതൽ ജൂലൈ 29 വരെ ഈ സ്പെഷൽ ട്രെയിനുകൾ ഉണ്ടാകും. ചൊവ്വാഴ്ചകളിൽ സർവീസ് നടത്തില്ല. എട്ട് കോച്ചുകളുള്ള ട്രെയിനാണ് സ്പെഷലായി ഓടുന്നത്.
എറണാകുളം - ബംഗളൂരു വന്ദേഭാരത് കോട്ടയംവരെ നീട്ടണമെന്ന് ഫ്രാൻസിസ് ജോർജ്
കോട്ടയം: എറണാകുളം - ബംഗളൂരു വന്ദേഭാരത് കോട്ടയംവരെ നീട്ടണമെന്ന് ഫ്രാൻസിസ് ജോർജ് എംപി. പുതിയതായി ആരംഭിക്കുന്ന വന്ദേഭാരത് കോട്ടയത്തു നിന്നു തുടങ്ങണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യുഡിഎഫ് കോട്ടയം നിയോജക മണ്ഡലം കമ്മിറ്റി നൽകിയ സ്വീകരണത്തിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. സാബു മാത്യു അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ യോഗം ഉദ്ഘാടനം ചെയ്തു.
യുഡിഎഫ് ജില്ലാ കൺവീനർ ഫിൽസൺ മാത്യൂസ്,അഡ്വ. പ്രിൻസ് ലൂക്കോസ്, ഡിസിസി വൈസ് പ്രസിഡന്റ് മോഹൻ കെ. നായർ, ജയചന്ദ്രൻ, സിബി ജോൺ, ടി.സി. റോയ്, ഷൈനി ഫിലിപ്പ്, കെ.ഒ. തോമസ് എന്നിവർ പ്രസംഗിച്ചു.
ബംഗളൂരുവിൽ കാറിനുള്ളിൽ വെടിവച്ച് രണ്ടുപേർ മരിച്ചു
ബംഗളൂരു: കാറിനുള്ളിൽ പരസ്പരം വെടിവച്ച് രണ്ടുപേർ മരിച്ചു. ഹാസൻ സ്വദേശി ഷറഫത്ത് അലി, ബംഗളൂരു സ്വദേശി ആസിഫ് എന്നിവരാണു മരിച്ചത്. ഹാസനിലെ ഹൊയ്സാല നഗറിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
മരിച്ച രണ്ടുപേരുടെ കുടുംബങ്ങൾ സ്ഥലത്തെത്തി ഇരുവരെയും തിരിച്ചറിഞ്ഞു. കാർ നിർത്തി ഇരുവരും സംസാരിച്ചുകൊണ്ടിരിക്കെ ഒരാൾ മറ്റൊരാളെയും തിരിച്ചും വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞു. കാറിനുള്ളിൽനിന്ന് പിസ്റ്റൾ കണ്ടെത്തിയിട്ടുണ്ട്.
താമസസ്ഥലത്തെച്ചൊല്ലി ഇരുവരും തമ്മിൽ കഴിഞ്ഞ കുറച്ചുദിവസങ്ങളായി തർക്കമുണ്ടായിരുന്നു. ഇതേക്കുറിച്ച് സംസാരിക്കാനാണ് ഇരുവരും കാറിൽ കയറിയത്. എന്നാൽ തർക്കം രൂക്ഷമാകുകയും വെടിവയ്പിൽ കലാശിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ഹാസൻ പോലീസ് സൂപ്രണ്ട് മുഹമ്മദ് സുജീതയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം വെടിവയ്പ് നടന്ന സ്ഥലം സന്ദർശിച്ച് തെളിവുകൾ ശേഖരിച്ചു.
തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കു പോയ ബസുകൾ തമിഴ്നാട്ടിൽ തടഞ്ഞു
തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവിലേക്കു പോയ നാല് ബസുകൾ തമിഴ്നാട് തടഞ്ഞു. ബുധനാഴ്ച രാത്രിയാണ് കളിയിക്കവിള അതിർത്തി മേഖലയിലും നാഗർകോവിലിലുമായി ബസുകൾ തടഞ്ഞത്.
ഓൾ ഇന്ത്യ പെർമിറ്റ് എടുത്ത ബസുകൾ തമിഴ്നാട്ടിലൂടെ റൂട്ട് സർവീസായി ഓടുന്നത് തടഞ്ഞുകൊണ്ടു കഴിഞ്ഞദിവസം തമിഴ്നാട് സർക്കാർ ഉത്തരവിറക്കിയിരുന്നു. എണ്ണൂറിലധികം ബസുകൾ ഇത്തരത്തിൽ തമിഴ്നാടിലൂടെ ഓടുന്നുണ്ടെന്ന് ആണ് തമിഴ്നാടിന്റെ വാദം.
ഈ മേഖലയിൽ റൂട്ട് സർവീസ് നടത്തുന്നതിന് തമിഴ്നാട് സർക്കാരിന്റെ പെർമിറ്റ് ആവശ്യമാണ്. ഓൾ ഇന്ത്യ പെർമിറ്റ് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് തമിഴ്നാട് മോട്ടോർവാഹന വകുപ്പ് തിരുവനന്തപുരത്തുനിന്നുള്ള ബസുകൾ തടഞ്ഞത്.
അതേസമയം ബസുകളിലുണ്ടായിരുന്ന യാത്രക്കാർക്ക് തമിഴ്നാട് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ദീർഘദൂര ബസുകളിൽ യാത്ര തുടരാമെന്ന് അധികൃതർ അറിയിച്ചു.
ആമസോൺ പാഴ്സലിനുള്ളിൽ ജീവനുള്ള മൂർഖൻ! ഞെട്ടി ദമ്പതികൾ
ബംഗളൂരു: ആമസോൺ ഓൺലൈൻ സൈറ്റിൽ ഓർഡർ ചെയ്ത ഉത്പന്നത്തിനു പകരം യുവതിക്കു കിട്ടിയത് ഉഗ്രവിഷമുള്ള മൂർഖൻ! ബംഗളൂരുവിലാണു സംഭവം. സർജാപുരിൽ താമസിക്കുന്ന യുവതി എക്സ്ബോക്സ് കൺട്രോളറിനാണ് ഓർഡർ നൽകിത്.
പാഴ്സൽ തുറന്നപ്പോഴാണ് അതിനുള്ളിൽ പത്തിവിരിച്ചുനിൽക്കുന്ന മൂർഖനെ കണ്ടത്! പാന്പ് പാക്കിംഗ് ടേപ്പിൽ കുടങ്ങിയതിനാൽ ഭാഗ്യത്തിനു യുവതി രക്ഷപ്പെടുകയായിരുന്നു. ആദ്യം ഭയന്നുനിലവിളിച്ചെങ്കിലും, സംഭവത്തിന്റെ വീഡിയോ എടുത്ത് യുവതി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു.
ഒരു ബക്കറ്റിനുള്ളിൽ സൂക്ഷിച്ചിരിക്കുന്ന പാതി തുറന്ന ആമസോൺ പാഴ്സൽ വീഡിയോയിൽ കാണാം. അതിനിടെ, പൊതിയുടെ ടേപ്പിൽ കുടുങ്ങിയ മൂർഖൻ രക്ഷപ്പെടാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടർന്ന്, ഉഗ്രവിഷമുള്ള മൂർഖനെ പിടികൂടി വനത്തിൽ വിട്ടയയ്ക്കുകയായിരുന്നു. സംഭവത്തിൽ രൂക്ഷമായ വിമർശനങ്ങളാണ് ആമസോണിനെതിരേ ഉയർന്നത്. ഓൺലൈൻ ഓർഡറിൽ കബളിപ്പിക്കപ്പെട്ട നിരവധി സംഭവങ്ങളും പ്രതികരണങ്ങളായി പങ്കുവച്ചു.
ബംഗളൂരുവിൽ ഡ്രൈവർ രഹിത മെട്രോ: പരീക്ഷണയോട്ടം വിജയം
ബംഗളൂരു: ആർവി റോഡ്-ബൊമ്മസാന്ദ്ര യെലോ ലൈനിൽ നമ്മ മെട്രോയുടെ ഡ്രൈവർരഹിത പരീക്ഷണയോട്ടം വിജയകരം. വ്യാഴാഴ്ചയാണു പരീക്ഷണയോട്ടം നടത്തിയത്.
വരും ദിവസങ്ങളിൽ ട്രാക്ഷൻ ബ്രേക്ക്, മണൽച്ചാക്കുവച്ചുള്ള പരീക്ഷണം, സിഗ്നലിംഗ് തുടങ്ങിയവ പരീക്ഷിക്കും. ഈവർഷം ഡിസംബറോടെ സർവീസ് തുടങ്ങാനാണ് ബിഎംആർസിഎൽ ലക്ഷ്യമിടുന്നത്.
ആർവി റോഡിനെയും ബൊമ്മസാന്ദ്രയെയും ബന്ധിപ്പിക്കുന്ന19 കിലോമീറ്റർ പാതയിലാണ് ഡ്രൈവർരഹിത മെട്രോ സർവീസ് നടത്തുക.
ബംഗളൂരുവിൽ പാന്പുകൾ വിളയാടും കാലം!
ബംഗളൂരു: ഒരാഴ്ചയ്ക്കിടെ ബംഗളൂരു നഗരത്തിലെ വൈൽഡ്ലൈഫ് റെസ്ക്യു സംഘത്തിനു നൂറിലേറെ പരാതികളാണു ലഭിച്ചത്. എല്ലാം വിഷപ്പാന്പു ശല്യത്തെക്കുറിച്ച്. വീടുകൾക്കകത്തും പരിസരപ്രദേശങ്ങളിലും പതിവായി പാമ്പുകളെ കാണുന്നുവെന്നാണു പരാതി.
യെലഹങ്ക, ബൊമ്മനഹള്ളി എന്നിവിടങ്ങളിൽനിന്നാണു കൂടുതൽ പരാതികൾ എത്തിയത്. സന്ധ്യകഴിഞ്ഞാൽ പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയാണെന്നും പാന്പുകളെ പിടിച്ചു കാട്ടിൽ വിടാൻ നടപടി എടുക്കണമെന്നുമാണു തദ്ദേശീയരുടെ ആവശ്യം.
ജീവനക്കാരുടെ കുറവുകാരണം പാമ്പുകളെ പിടിക്കാൻ കൃത്യസമയത്ത് എത്താൻ സാധിക്കുന്നില്ലെന്ന പരാതി റെസ്ക്യു സംഘത്തിനുമുണ്ട്. നഗരത്തിൽ പാന്പുകൾ പെരുകിയിട്ടില്ലെന്നും പ്രജനന സമയമായതിനാലാണ് ഇവയെ കൂടുതലായി കാണുന്നതെന്നും ഫോറസ്റ്റ് ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.
എറണാകുളം - ബംഗളൂരു ഇന്റര് സിറ്റി കോട്ടയത്തേക്ക് നീട്ടുമെന്ന് ഫ്രാന്സിസ് ജോര്ജ്
കോട്ടയം: എറണാകുളം - ബംഗളൂരു ഇന്റര് സിറ്റി ട്രെയിന് കോട്ടയത്തേക്ക് സര്വീസ് നീട്ടുന്നത് ഗൗരവമായി പരിഗണിക്കുമെന്ന് നിയുക്ത എംപി കെ. ഫ്രാന്സിസ് ജോര്ജ്. രാവിലെ 6.28നു പാലരുവി എക്സ് പ്രക്സ് എറണാകുളം ഭാഗത്തേക്ക് പോയാല് 8.30നാണ് വേണാട് എക്സ്പ്രസുള്ളത്. വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.
പലര്ക്കും ട്രെയിനില് കയറാന് പോലും പറ്റുന്നില്ല. ഇന്റര് സിറ്റി കോട്ടയത്തേക്ക് നീട്ടി രാവിലെ എട്ടിന് കോട്ടയത്തുനിന്നും പുറപ്പെടുന്ന രീതിയില് ക്രമീകരിച്ചാല് യാത്രക്കാര്ക്കു പ്രയോജനപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ബംഗളൂരിലുള്ള മലയാളികളുടെയും എറണാകുളം ഭാഗത്തേക്ക് ജോലിക്കു പോകുന്ന യാത്രക്കാരുടെ വളരെക്കാലമായുള്ള ആവശ്യമാണിത്. റെയില്വേ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇക്കാര്യം അടിയന്തര പ്രധാന്യവിഷമായി ഉന്നയിക്കും.
മലബാര് എക്സ്പ്രകസിന് ഏറ്റുമാനൂരില് സ്റ്റോപ്പ് അനുവദിക്കാനും അമൃത് ഭാരത് പദ്ധതിയില് ഉള്പ്പെടുത്തി നിര്മാണ പ്രവര്ത്തനം പുരോഗിമിക്കുന്ന ഏറ്റുമാനൂര് സ്റ്റേഷനിലെ പ്രവര്ത്തനങ്ങള് വേഗത്തിലാക്കാനും ശ്രമിക്കും.
കൂടുതല് ട്രെയിനുകള്ക്ക് ഏറ്റുമാനൂരില് സ്റ്റോപ്പ് അനുവദിക്കനും കൂടുതൽ വന്ദേഭാരത് ട്രെയിനുകള് കോട്ടയം വഴി സർവീസ് ആരംഭിക്കാനും ശ്രമിക്കും. ചെങ്ങന്നൂര് പോലെ ശബരിമല തീര്ഥാടകരുടെ പ്രധാനപ്പെട്ട റെയില്വേ സ്റ്റേഷനായി കോട്ടയത്തെ മാറ്റുമെന്നും ഫ്രാന്സിസ് ജോര്ജ് കൂട്ടിച്ചേർത്തു.
ബംഗളൂരുവിൽ നടന്നുപോകുകയായിരുന്ന യുവതിയുടെ ദേഹത്തേക്ക് ഓട്ടോ ഡ്രൈവർ മുറുക്കിത്തുപ്പി
ബംഗളൂരു: നഗരത്തിലെ ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന യുവതിയുടെ ദേഹത്തേക്കു മുറുക്കിത്തുപ്പിയ ഓട്ടോഡ്രൈവർക്കെതിരേ കേസെടുത്ത് ബംഗളൂരു പോലീസ്. ഓട്ടോഡ്രൈവറുടെ മോശം പെരുമാറ്റത്തിന് ഇരയായ യുവതി എക്സിലൂടെയാണ് ഇക്കാര്യം ചിത്രങ്ങൾ സഹിതം പങ്കുവച്ചത്.
ഇന്ദിരാനഗറിലൂടെ നടക്കുമ്പോള് ഓട്ടോ ഡ്രൈവർ തന്റെ നേരേ തുപ്പി. വെള്ള ഷർട്ടായിരുന്നു താൻ ധരിച്ചിരുന്നത്- എന്ന് യുവതി ചിത്രത്തോടൊപ്പം കുറിച്ചിട്ടുണ്ട്. ചിത്രത്തില് ഇക്കാര്യങ്ങൾ വ്യക്തമാണ്. വെള്ള ഷർട്ടിലും കൈയിലും പാന്റിലും തുപ്പിയിരിക്കുന്നതിന്റെ അടയാളങ്ങള് കാണാം.
യുവതിയുടെ കുറിപ്പ് വൈറലാകുകയും വൻ പ്രതിഷേധം ഉയരുകയും ചെയ്തു. ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട പോലീസ് യുവതിയിൽനിന്നു വിശദാംശങ്ങൾ തേടുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ബംഗളൂരുവില് മലയാളി കുടുംബത്തിന് നേരെ ആക്രമണം; കാർ അടിച്ച് തകർത്തു
ബംഗളൂരു: വാഹനത്തിന് സൈഡ് നല്കിയില്ലെന്ന് ആരോപിച്ച് ബംഗളൂരുവില് മലയാളി കുടുംബത്തിന് നേരെ ആക്രമണം. ഐടി ജീവനക്കാരനായ അഖില് സാബുവിന്റെ കുടുംബത്തിന് നേരെയാണ് ആക്രമണമുണ്ടായത്.
കഴിഞ്ഞ വെള്ളിയാഴ്ച സര്ജാപുരയിലെ പ്രധാന റോഡില്വച്ചാണ് സംഭവം. ബൈക്കില് കാറിനെ പിന്തുടര്ന്നെത്തിയ അക്രമി കാറിന്റെ ഗ്ലാസ് അടിച്ച് തകര്ക്കുകയായിരുന്നു.
ചില്ല് ദേഹത്ത് തറച്ച് വാഹനത്തിലുണ്ടായിരുന്ന മൂന്ന് വയസുള്ള കുഞ്ഞ് അടക്കമുള്ളവര്ക്ക് പരിക്കുണ്ട്. സംഭവത്തില് ബംഗളൂരു സ്വദേശി ജഗദീഷിനെതിരേ പോലീസ് കേസെടുത്തു.
ബംഗളൂരുവിൽ ബൈക്കപകടം; മലയാളി നഴ്സിംഗ് വിദ്യാർഥി മരിച്ചു
ബംഗളൂരു: നെലമംഗലയിൽ ബൈക്കപകടത്തിൽ മലയാളി നഴ്സിംഗ് വിദ്യാർഥി മരിച്ചു. ചങ്ങനാശേരി മാമൂട് സ്വദേശി പുത്തൻപറമ്പിൽ ലിജോയ് ജോസഫിന്റെ മകൻ ആൽബി(20) ആണ് മരിച്ചത്.
ബംഗളൂരു - തുമകൂരു ഹൈവേയിൽ ഞായറാഴ്ച രാവിലെയാണ് അപകടം നടന്നത്. ലോറിയുടെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. സപ്തഗിരി കോളജിലെ രണ്ടാംവർഷ നഴ്സിംഗ് വിദ്യാർഥിയാണ്.
സംസ്കാരം ചൊവ്വാഴ്ച പത്തിന് കൂത്രപള്ളി സെന്റ് മേരീസ് പള്ളിയിൽ നടക്കും. അമ്മ: ജിഷാമോൾ. സഹോദരി: അലീന ട്രീസ ജോസഫ്.
ദുഷ്പേര് കേൾപ്പിച്ച് "നമ്മ മെട്രോ'യും
ബംഗളൂരു: പ്രണയലീലകൾകൊണ്ടും റീൽസ് ചിത്രീകരണംകൊണ്ടും കുപ്രസിദ്ധമാണു ഡൽഹി മെട്രോ. ഡൽഹി മെട്രോയെ അപകീർത്തിപ്പെടുത്തുന്ന നിരവധി വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ വന്നിട്ടുണ്ട്.
അതിനിടെ ഇതുവരെ വലിയ ദുഷ്പേര് കേൾപ്പിക്കാതിരുന്ന ബംഗളൂരുവിലെ നമ്മ മെട്രോയും ഡൽഹിയുടെ പാതയിലാണെന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ. നമ്മ മെട്രോയിലെ യാത്രക്കാരായ കമിതാക്കൾ അടുത്തിടപഴകുന്നതും ചുംബിക്കുന്നതുമായ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
വീഡിയോ പങ്കുവച്ച മെട്രോയിലെ ഒരു യാത്രക്കാരൻ, പൊതുഇടങ്ങളിൽ മറ്റുള്ളവർക്കു ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറിയ ജോഡികൾക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു. പരാതി ഉയർന്നതോടെ പ്രതികരണവുമായി ബംഗളൂരു പോലീസ് രംഗത്തെത്തി.
പരാതി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ദയവായി നിങ്ങളുടെ കോൺടാക്റ്റ് നമ്പർ മെസേജ് ചെയ്യണമെന്നുമാണു പോലീസ് പ്രതികരിച്ചത്. അതേസമയം, വീഡിയോയെ അനുകൂലിച്ചും നിരവധിപ്പേർ രംഗത്തെത്തുന്നുണ്ട്.
ബംഗളൂരു നഗരത്തിൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്
ബംഗളൂരു: കടുത്ത വേനൽച്ചൂടും കുടിവെള്ള ക്ഷാമവും മൂലം ജനം വലയുന്നതിനിടെ ബംഗളൂരു നഗരത്തിന് ആശ്വാസമായി കനത്ത മഴ. തിങ്കളാഴ്ച രാത്രിയിലാണ് കാറ്റിനൊപ്പം കനത്ത മഴ പെയ്തത്. എന്നാൽ, ഒരു മണിക്കൂറിലേറെ നീണ്ടുനിന്ന മഴയെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. ഇതോടെ വിവിധ കേന്ദ്രങ്ങളിൽ ഗതാഗതം താറുമാറായി.
ഇലക്ട്രോണിക് സിറ്റി, ബെല്ലാന്ദുർ, നാഗവാര, കാമാക്ഷിപാളയ, മഹാറാണി അണ്ടർപാസ്, ഹെബ്ബാൾ തുടങ്ങിയ 33 കേന്ദ്രങ്ങളിലാണ് വെള്ളം കയറിയത്. 16 പ്രദേശങ്ങളിൽ മരം കടപുഴകി വീണ് ഗതാഗതം സ്തംഭിച്ചു. നഗരത്തിൽ അടുത്ത രണ്ടു ദിവസത്തേക്ക് മഴമുന്നറിയിപ്പുണ്ട്.
കനത്ത മഴയെത്തുടർന്ന് എട്ട് വിമാനസർവീസുകൾ വഴിതിരിച്ചുവിട്ടതായി കെന്പഗൗഡ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. ഏഴു വിമാനങ്ങൾ ചെന്നൈയിലേക്കും ഒന്ന് കോയന്പത്തൂരിലേക്കുമാണ് വഴിതിരിച്ചുവിട്ടത്.
കനത്ത മഴയെത്തുടർന്ന് നഗരത്തിലെ ഗൊട്ടിഗെരെയിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്നുവീണ് പതിനേഴുകാരിയായ പെൺകുട്ടിക്കും അമ്മയ്ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.