മോഷ്ടാക്കളുടെ പ്രിയങ്കരമായ കെആർ മാർക്കറ്റ്
Thursday, July 5, 2018 7:19 PM IST
ബംഗളൂരു: നഗരത്തിലെ ഏറ്റവും തിരക്കേറിയ കെആർ മാർക്കറ്റ് മോഷ്ടാക്കളുടെ ഇഷ്ടസങ്കേതമായി മാറുന്നു. പച്ചക്കറികൾ വിൽക്കാനെത്തുന്ന കർ‌ഷകരും വാങ്ങാനെത്തുന്ന വ്യാപാരികളുമാണ് മോഷണങ്ങൾക്ക് ഇരകളാകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി മോഷണങ്ങളുടെ എണ്ണം വർധിക്കുകയാണെന്നും എന്നാൽ, വളരെ കുറച്ചെണ്ണം മാത്രമേ റിപ്പോർട്ട് ചെയ്യപ്പെടുന്നുള്ളൂ എന്നും പോലീസും സമ്മതിക്കുന്നു.

പച്ചക്കറികൾ, പഴങ്ങൾ, പുഷ്പങ്ങൾ എന്നിവയുടെ പ്രധാന വിപണനകേന്ദ്രമായ കെആർ മാർക്കറ്റിൽ ദിവസവും രാവിലെ മാത്രം കോടികളുടെ ക്രയവിക്രയമാണ് നടക്കുന്നത്. പച്ചക്കറികൾ വിറ്റ് പണവുമായി മടങ്ങുന്ന കർഷകരെയും, പണവുമായി വാങ്ങാനെത്തുന്ന വ്യാപാരികളെയുമാണ് മോഷ്ടാക്കൾ ലക്ഷ്യമിടുന്നത്. അടുത്തിടെ പച്ചക്കറി വാങ്ങാൻ ഓട്ടോറിക്ഷയിലെത്തിയ വ്യാപാരിയെ രണ്ടു ബൈക്കുകളിലായെത്തിയ യുവാക്കൾ തടഞ്ഞുനിർത്തി കൊള്ളയടിച്ചിരുന്നു. ഏകദേശം 20,000 രൂപയാണ് അദ്ദേഹത്തിന് നഷ്ടമായത്.

പുലർച്ചെ മൂന്നിന് പ്രവർത്തനമാരംഭിക്കുന്ന കെആർ മാർക്കറ്റിലെ വ്യാപാരം രാത്രി വരെ നീളുന്നതാണ്. മാർക്കറ്റിനുള്ളിൽ പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിടേക്കുള്ള വഴികളിൽ സുരക്ഷ കുറവാണ്. ഇവിടങ്ങളിലാണ് മോഷണങ്ങൾ കൂടുതലും നടക്കുന്നത്. പ്രത്യേക സംഘങ്ങളാണ് എല്ലാ മോഷണങ്ങൾക്കും പിന്നിലെന്നാണ് വ്യാപാരികൾ പറയുന്നത്. ദിവസവും മൂന്നും നാലും മോഷണസംഭവങ്ങളുണ്ടാകാറുണ്ട്. ചുമട്ടുതൊഴിലാളികൾ വരെ ആക്രമണത്തിനിരയാകുന്നുണ്ടെന്നും പലപ്പോഴും ചെറിയ തുകകളാണ് മോഷ്ടിക്കപ്പെടുന്നതെന്നതിനാൽ പരാതിപ്പെടാൻ ആരും മുതിരാറില്ലെന്നും വ്യാപാരികൾ പറയുന്നു.

മോഷണസംഭവങ്ങൾ പെരുകിയ സാഹചര്യത്തിൽ കെആർ മാർക്കറ്റിലെ വ്യാപാരികളുടെ സംഘടനാ നേതാക്കളുമായി പോലീസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നു. മാർക്കറ്റിന്‍റെ വിവിധ ഭാഗങ്ങളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാനും സുരക്ഷാ ഗാർഡുകളെ നിയോഗിക്കാനും പോലീസ് വ്യാപാരികളോട് അഭ്യർഥിച്ചു. മാർക്കറ്റിലേക്കുള്ള റോഡുകളിൽ വരെ സിസിടിവി കാമറകൾ സ്ഥാപിക്കാൻ തയാറാണെന്നും അതേസമയം, സുരക്ഷാ ഗാർഡുകളെ നിയമിക്കാനുള്ള ചെലവ് വഹിക്കാൻ എപിഎംസിയോട് ആവശ്യപ്പെടുമെന്നും വ്യാപാരികൾ അറിയിച്ചു.