ഡൽഹിയിലെ സ്വകാര്യ ആശുപത്രി അധികൃതരുടെ അനാസ്ഥയിൽ മനംനൊന്ത് ഖത്തർ മലയാളി നഴ്സ്
Friday, July 6, 2018 8:08 PM IST
ന്യൂഡൽഹി: സ്വകാര്യ ആശുപത്രിയുടെ അനാസ്ഥമൂലം മനംനൊന്ത മലയാളി നഴ്സ് ആശുപത്രി അധികൃതർക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു. 2008 മുതൽ 2012 വരേയാണ് ഡൽഹി സാകേതിലുള്ള മാക്സ് ഹോസ്പിറ്റലിൽ സുനു നഴ്സായി ജോലി ചെയ്തിരുന്നത്. പുതിയ ജോലി ലഭിച്ചതിനെ തുടർന്ന് ജോലി രാജി വച്ച് ഖത്തറിലേക്ക് പോയി.

പുതിയ ജോലിയിൽ പ്രവേശിക്കുന്ന സമയത്ത് മറ്റു രേഖകളോടൊപ്പം മുന്പു ജോലി ചെയ്തിരുന്ന ആശുപത്രിയിൽ നിന്നും ലഭിച്ച എക്സ്പീരിയൻസ് സർട്ടിഫിക്കറ്റും പുതിയ സ്ഥാപനത്തിനു നൽകിയിരുന്നു. ഗൾഫ്, യൂറോപ്യൻ രാജ്യങ്ങളിൽ ജോലി തേടിയെത്തുന്ന ഉദ്യോഗാർഥികളുടെ വിദ്യാഭ്യാസ രേഖകളുടേയും തൊഴിൽ പരിചയ രേഖകളുടേയും നിജസ്ഥിതി അന്വേഷിച്ച് തൊഴിൽദാതാവിന് വിവരം കൈമാറുന്ന അന്താരാഷ്ട്ര സ്ഥാപനമായ ഡാറ്റാഫ്ലോ സുനു സ്കറിയയുടെ സർട്ടിഫിക്കറ്റിന്‍റെ നിജസ്ഥിതി അറിയുന്നതിനായി മാക്സ് ആശുപത്രിയെ സമീപിച്ചതോടെയാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്.

എക്സ്പീരിയൻസ് സർട്ടിഫിക്കറ്റിന്‍റെ നിജസ്ഥിതി പരിശോധിക്കാനെത്തിയ ഡാറ്റാഫ്ലോയ്ക്ക് ഡൽഹിയിലെ ആശുപത്രി അധികൃതർ, സർട്ടിഫിക്കറ്റിലെ ഒപ്പ് തങ്ങളുടേതല്ലെന്ന തെറ്റായ മറുപടിയാണ് നൽകിയത്. ഇതിനെതുടർന്നു ഖത്തറിലെ ആശുപത്രിയിൽനിന്നും കാരണം കാണിക്കൽ നോട്ടീസ് ലഭിച്ച സുനു, ഉടൻ തന്നെ ഡൽഹിയിലെ ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ടുവെങ്കിലും പിഴവ് തിരുത്തുന്നതിനോ വ്യക്തത വരുത്തുന്നതിനോ അവർ തയാറായില്ല.

ഖത്തറിലെ തൊഴിൽ നഷ്ടപ്പെടുന്നതോടൊപ്പം വ്യാജരേഖകൾ ചമച്ചു എന്ന ക്രിമിനൽ കുറ്റത്തിന് ജയിൽ ശിക്ഷയോ, കടുത്ത പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. മാത്രവുമല്ല ഇത്തരത്തിലുള്ള ഉദ്യോഗാർഥികളെ കരിന്പട്ടികയിൽ പെടുത്തുകയും പിന്നീട് മറ്റൊരു കന്പനിയിലോ ഏതെങ്കിലും ഗൾഫ് രാജ്യത്തോ ജോലി ചെയ്യാൻ അനുവദിക്കുകയുമില്ല.

ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാണിച്ചു കൊണ്ട്, താൻ അവിടെ ജോലി ചെയ്തതിന്‍റെ തെളിവുകൾ സഹിതം മാക്സ് ആശുപത്രിയുമായി പല തവണ പല വ്യക്തികൾ മുഖാന്തരം ബന്ധപ്പെട്ടുവെങ്കിലും തങ്ങളുടെ തെറ്റ് തിരുത്താൻ ആശുപത്രി അധികൃതർ തുടർന്നും തയാറായില്ല. ഇതു സംബന്ധിച്ച് തന്‍റെ ദുരവസ്ഥ വിവരിച്ചു ഖത്തറിലുള്ള ഇന്ത്യൻ എംബസി ഉൾപ്പെടെ പലരേയും സുനു സമീപിച്ചിരുന്നു.

തുടർന്നാണ് പ്രവാസികൾക്ക് സൗജന്യ നിയമസഹായം നൽകുന്ന ഡൽഹി ആസ്ഥാനമായുള്ള പ്രവാസി ലീഗൽ സെൽ എന്ന സംഘടനയെ സുനു സമീപിക്കുന്നത്. ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം സുനുവിനുണ്ടാകുന്ന മുഴുവൻ കഷ്ടനഷ്ടങ്ങളുടേയും പരിപൂർണ ഉത്തരവാദിത്വം ആശുപത്രിക്കായിരിക്കും എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ട് പ്രവാസി ലീഗൽ സെല്ലിന്‍റെ പ്രസിഡന്‍റായ അഡ്വ. ജോസ് എബ്രാഹം മുഖേന ആശുപത്രിക്ക് വക്കീൽ നോട്ടീസ് അയച്ചു.

തുടർന്ന് ആശുപത്രി അധികൃതർ സുനു ഇക്കാലയളവിൽ തങ്ങളുടെ സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു എന്ന് വ്യക്തമാക്കിക്കൊണ്ടുള്ള മറുപടിയും പുതിയ തൊഴിൽ പരിചയ സർട്ടിഫിക്കറ്റും നൽകി. ഈ രേഖകൾ നൽകുന്നതോടെ ജോലി നഷ്ടപ്പെടില്ല എന്നും മറ്റു നിയമക്കുരുക്കുകൾ കൂടാതെ തുടർന്നും ജോലി ചെയ്യാൻ സാധിക്കും എന്നുമുള്ള വിശ്വാസത്തിലാണ് സുനു.

ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലമുണ്ടായ കഷ്ടനഷ്ടങ്ങൾ ചൂണ്ടിക്കാണിച്ചു കൊണ്ട് ആശുപത്രിക്കെതിരെ കൂടുതൽ നിയമനടപടികളുമായി കോടതിയെ സമീപിക്കുമെന്ന് അഡ്വ. ജോസ് എബ്രാഹം അറിയിച്ചു.

റിപ്പോർട്ട് : റെജി നെല്ലിക്കുന്നത്ത്