മൂന്നാം വർഷവും ഹൊല്ലയുടെ കലാവിരുത് ഫ്രാൻസിലേക്ക്
Tuesday, July 31, 2018 11:55 PM IST
ബംഗളൂരു: ചിത്രകാരൻ ദിനേഷ് ഹൊല്ലയുടെ കലാസൃഷ്ടി തുടർച്ചയായ മൂന്നാം വർഷവും ഫ്രാൻസിലേക്ക്. പ്രസിദ്ധമായ ഡീപ്പെ കൈറ്റ് ഫെസ്റ്റിവലിന്‍റെ ഔദ്യോഗിക പോസ്റ്ററായി തെരഞ്ഞെടുത്തിരിക്കുന്നത് ഹൊല്ലയുടെ ചിത്രമാണ്. സെപ്റ്റംബർ എട്ടു മുതൽ 16 വരെ നടക്കുന്ന കൈറ്റ് ഫെസ്റ്റിവലിൽ 48 രാജ്യങ്ങളാണ് പങ്കെടുക്കുന്നത്. ഹൊല്ലയ്ക്കു പുറമേ യുഎസ്, കാനഡ, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ നിന്നും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുമുള്ള കലാകാരന്മാരും പോസ്റ്റർ രൂപകല്പന നടത്തിയിരുന്നു.

ആഗോളതാപനം എന്ന വിഷയമാണ് പോസ്റ്ററിൽ പ്രതിപാദിച്ചിരിക്കുന്നതെന്ന് ഹൊല്ല അറിയിച്ചു. ഒരു ആകാശം, ഒരു ഭൂമി, ഒരു കുടുംബം എന്ന ആശയത്തിൽ അധിഷ്ഠിതമായാണ് പോസ്റ്റർ രൂപകല്പന ചെയ്തത്. പരിസ്ഥിതിസംരക്ഷണം, പ്രകൃതിയോടുള്ള ഉത്തരവാദിത്വം എന്നീ ആവശ്യകതകൾ പോസ്റ്ററിൽ ഉയർത്തിക്കാട്ടുന്നു.

സർവേഷ് റാവുവിന്‍റെ നേതൃത്വത്തിലുള്ള ടീം മംഗളൂരുവാണ് കൈറ്റ് ഫെസ്റ്റിവലിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്. ദിനേഷ് ഹൊല്ലയും സംഘത്തിലുണ്ട്.