കൈരളി ബ്രിസ്ബേൻ "പൊന്നോണം 2018’ 26 ന്
Friday, August 3, 2018 9:29 PM IST
ബ്രിസ്ബേൻ: മലയാള ഭാഷയുടെ ചേലും സംസ്കാരത്തിന്‍റെ നിറച്ചാർത്തുകളും ലളിത സുന്ദരമായി അവതരിപ്പിക്കുന്ന കൈരളിയുടെ ഈ വർഷത്തെ ഓണാഘോഷങ്ങൾ "പൊന്നോണം 2018’ ഓഗസ്റ്റ് 26 ന് ( ഞായർ) ഉച്ച കഴിഞ്ഞു മൂന്നിന് വില്ലാവോങ് unidus കമ്യൂണിറ്റി സെന്‍ററിൽ (204 Sherbrooke Rd, Willawong QLD 4110) വിപുലമായി ആഘോഷിക്കുന്നു.

അംഗങ്ങളുടെ സെമി ക്ലാസിക്കൽ നൃത്തങ്ങൾ, സിനിമാറ്റിക് ഡാൻസുകൾ, ഗാനാവതരണങ്ങൾ , ലഘുനാടകം, വള്ളം കളി, തിരുവാതിര, സാജു കലവറ ഒരുക്കുന്ന ഓണസദ്യ, താലപ്പൊലിയുടെയും ചെണ്ടമേളത്തിന്‍റെയും അകന്പടിയോടെയുള്ള മാവേലിയുടെ വരവേല്പ് തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കുമെന്ന് പ്രസിഡന്‍റ് സാജു ജോസഫ്, സെക്രട്ടറി ജിമ്മി അരിക്കാട്ട് എന്നിവർ അറിയിച്ചു.

ഓണ സദ്യക്ക് ശേഷം 7 മുതൽ പ്രശസ്ത പിന്നണി ഗായകൻ ഫ്രാങ്കോയും കൊമേഡിയൻ കലാഭവൻ സതീഷും നേതൃത്വം നൽകുന്ന മെഗാഷോ അരങ്ങേറും. പിന്നണി ഗായകനും യുവജനങ്ങളുടെ ഹരവുമായ ഫ്രാങ്കോ, കോമഡി ഉത്സവത്തിലൂടെ ജനലക്ഷങ്ങളുടെ ആരാധനാപാത്രവും വിവിധ സ്റ്റേജ് ഷോകളിലെ നിറസാന്നിധ്യവുമായ കലാഭവൻ സതീഷ്, അടിപൊളി പാട്ടുകളിലൂടെ മലയാള മനസിനെ കീഴടക്കിയ പിന്നണി ഗായകൻ ഫഹദ് , ഐഡിയ സ്റ്റാർ സിംഗറിലൂടെ വന്നു മലയാള സിനിമാ ലോകത്തു ഗാനരചയിതാവും പാട്ടുകാരിയുമായി വളർന്ന ഗായത്രി സുരേഷ് എന്നിവരോടൊപ്പം നൃത്തത്തിന് വിസ്മയ കാഴ്ചകൾ തീർക്കാൻ സിനിമ നടിയും നർത്തകിയും ആയ മറീനയും സുപ്രസിദ്ധ കൊറിയോഗ്രാഫർ ജോമോനും ചേരുന്പോൾ ’ പൊന്നോണം 2018’ കൈരളി അംഗങ്ങളുടെ മനം കവരും എന്നതിൽ സംശയമില്ല

മിതമായ നിരക്കിലാണ് നിലവിലുള്ള കമ്മിറ്റി "പൊന്നോണം 2018’ പ്രവേശന ഫീസ് ഏർപ്പെടുത്തിയിട്ടുള്ളത്. മുതിർന്നവർക്ക് 20 രൂപയും കുട്ടികൾക്ക് 10 രൂപയും മാത്രമുള്ള ’പൊന്നോണം 2018’ ലേക്ക് യൂണിവേഴ്സിറ്റി വിദ്യാർഥികൾക്ക് 15 രൂപയുടെ സ്പെഷൽ നിരക്കും ലഭ്യമാണ്. പത്തിലധികം വിദ്യാർഥികൾക്ക് 12 രൂപയ്ക്കു ഗ്രൂപ്പ് ബുക്കിംഗ് ചെയ്യുവാനുള്ള അവസരവും കമ്മിറ്റി ഒരുക്കിയിട്ടുണ്ട്. കൊച്ചു കുട്ടികൾക്കുള്ള ഓണസമ്മാനമായി ഈ വർഷം 5 വയസിൽ താഴെ ഉള്ള എല്ലാ കുട്ടികൾക്കും പ്രവേശനം സൗജന്യമായിരിക്കും. ഓഗസ്റ്റ് 22 നു മുന്പ് പേര് രജിസ്റ്റർ ചെയ്തു സീറ്റുകൾ റിസർവ് ചെയ്യുന്നതാണ്.

മറുനാട്ടിലെ സ്വന്തം തിരക്കുകൾക്കിടയിൽ തങ്ങളുടെ പൈതൃകത്തെ തിരിച്ചറിയുന്ന മലയാളിക്ക്, പൂക്കൂടയിൽ പൂ വാരി നിറച്ച്, പൂമുറ്റം തീർത്ത് അത്തം മുതൽ പത്തുദിവസം ആർത്തുവിളിച്ച് മഹാബലിയെ വരവേല്ക്കാനായി ഒരുക്കിയിരുന്ന പഴയ ഓണാഘോഷത്തിന്‍റെ സ്മരണ തന്‍റെ മക്കൾക്ക് ആകാംവിധത്തിൽ പകർന്നുനല്കാൻ ഈ അവസരം വിനിയോഗിക്കണമെന്ന് "പൊന്നോണം 2018’ സംഘാടകർ അഭ്യർഥിച്ചു.

റിപ്പോർട്ട്: ടോം ജോസഫ്