ദസറ: ഒരുക്കങ്ങൾ തകൃതി; ഗജപായന 23ന്, ഇത്തവണ വ്യോമപ്രദർശനവും സൈനികപരേഡും
Tuesday, August 14, 2018 11:38 PM IST
മൈസൂരു: ദസറ ആഘോഷങ്ങൾക്ക് രണ്ടു മാസം മാത്രം ശേഷിക്കേ ഒരുക്കങ്ങൾ അതിവേഗം പുരോഗമിക്കുന്നു. ദസറയുടെ ഭാഗമായി നടത്തുന്ന ജംബോ സവാരിക്കായി തെരഞ്ഞെടുക്കപ്പെട്ട ആനകളെ നഗരത്തിലേക്ക് ആനയിക്കുന്ന ഗജപായന ഈമാസം 23, 24 തീയതികളിൽ നടത്തും. 15 ആനകളെയാണ് ആഘോഷത്തിനായി എത്തിക്കുന്നത്. ജംബോ സവാരിക്ക് നേതൃത്വം നല്കുന്ന 12 ആനകളിൽ അർജുനയുടെ നേതൃത്വനത്തിലുള്ള ആദ്യസംഘം മൈസൂരുവിലെ ഹുൻ‌സൂർ താലൂക്കിലുള്ള നാഗപുര താവളത്തിൽ നിന്ന് തിരിക്കും. 23ന് രാവിലെ 11ന് ഹുൻസൂർ താലൂക്കിലെ നാഗപുര ഗിരിജന ആശ്രമ സ്കൂളിൽ മന്ത്രി ജി.ടി. ദേവഗൗഡ പൂജകൾക്കു ശേഷം ഗജപായന ഫ്ലാഗ് ഓഫ് ചെയ്യും. ചടങ്ങിനോടനുബന്ധിച്ച് ഗോത്രസമൂഹത്തിലെ കുട്ടികളുടെ വിവിധ സാംസ്കാരിക പരിപാടികളും നടക്കും.

അർജുനയ്ക്കൊപ്പം ബലരാമ, അഭിമന്യു, കാവേരി, ചൈത്ര, ഗോപി എന്നീ ആനകളും ആദ്യസംഘത്തിലുണ്ട്. ഇവരിൽ ചൈത്ര ബന്ദിപ്പുർ ആനക്യാമ്പിൽ നിന്നാണ് പുറപ്പെടുന്നത്. ഒക്ടോബർ 10 മുതൽ 19 വരെയാണ് ദസറ ആഘോഷങ്ങൾ നടത്തുന്നത്. ഒക്ടോബർ 19നാണ് ജംബോസവാരി. ഇതിനു മുന്നോടിയായി ആനകൾക്ക് പ്രത്യേക ഭക്ഷണവും പരിശീലനവും നല്കും.

പതിവിൽ നിന്നു വ്യത്യസ്തമായി ഇത്തവണ ദസറ ആഘോഷങ്ങളുടെ ഭാഗമായി വ്യോമസേനയുടെ എയർഷോയും സായുധസൈനിക പരേഡും നടത്തുന്നുണ്ട്. ആഘോഷങ്ങളിൽ പങ്കാളികളാകണമെന്ന് അഭ്യർഥിച്ച് മൂന്ന് സൈനികമേധാവികൾക്കും ജില്ലാ ഭരണകൂടം കത്ത് നല്കിയിട്ടുണ്ട്.

കാലവർഷം കനിഞ്ഞതിനാൽ ഇത്തവണ ദസറ ആഡംബരമാക്കാൻ സർക്കാർ തീരുമാനിച്ചിരുന്നു. വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിനായുള്ള വിവിധ പരിപാടികളും ഇത്തവണ സംഘടിപ്പിക്കുന്നുണ്ട്. ഇതിനായി സെപ്റ്റംബറിൽ തന്നെ പ്രചാരണപരിപാടികൾ ആരംഭിക്കും. ഇതോടൊപ്പം, തൊഴിൽരഹിതരായ ചെറുപ്പക്കാർക്കായി ദസറ തൊഴിൽമേള സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി വിവിധ കോർപറേറ്റ് കമ്പനികളെയും വിവിധ സംസ്ഥാനങ്ങളിലെ കമ്പനികളെയും ആഘോഷങ്ങളിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

ഹോർട്ടികൾച്ചർ വകുപ്പിന്‍റെ നേതൃത്വത്തിൽ ഇത്തവണ വിപുലമായ പുഷ്പമേളയാണ് സംഘടിപ്പിക്കുന്നത്. ഇതിനായി ഒരുക്കുന്ന ഗ്ലാസ് ഹൗസിന്‍റെ നിർമാണം ഒരുമാസത്തിനകം പൂർത്തിയാകും. ഫിഷറീസ് വകുപ്പിന്‍റെ നേതൃത്വത്തിലുള്ള അക്വാ ഷോയ്ക്കായി അക്വേറിയങ്ങൾ സ്ഥാപിക്കുന്ന നടപടികളും ആരംഭിച്ചിട്ടുണ്ട്.

ദസറയ്ക്കും അതിനു മുമ്പുമുള്ള പരിപാടികളെക്കുറിച്ചുള്ള പട്ടിക തയാറാക്കിയതായി ഡപ്യൂട്ടി കമ്മീഷണർ അഭിരാം ഡി. ശങ്കർ അറിയിച്ചു. ദസറയ്ക്ക് മുന്നോടിയായി നഗരത്തിലെ അറ്റകുറ്റപ്പണികൾ അടുത്ത മാസം അവസാനത്തോടെ പൂർത്തിയാക്കാൻ നിർദേശം നല്കിയിട്ടുണ്ട്. നഗരത്തിലും ഭക്ഷ്യമേള നടക്കുന്ന സ്കൗട്ട് ആൻഡ് ഗൈഡ്സ് മൈതാനത്തിനു സമീപത്തും ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കാൻ പോലീസിനും നിർദേശം നല്കി. നഗരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാൻ മൈസൂരു കോർപറേഷന് ഡപ്യൂട്ടി കമ്മീഷണർ നിർദേശം നല്കിയിട്ടുണ്ട്.

ദസറ പരിപാടികളെക്കുറിച്ച് അന്തിമതീരുമാനം കൈക്കൊള്ളാൻ മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ അധ്യക്ഷതയിൽ ദസറ ഉന്നതാധികാരസമിതി യോഗം ചേരും. പിന്നീട് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജി.ടി. ദേവഗൗഡയുടെ അധ്യക്ഷതയിൽ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗവും ചേരും.