റീട്ടെയിൽ ബിസിനസ് ശക്തിപ്പെടുത്താൻ സിൻഡിക്കേറ്റ് ബാങ്ക്
Saturday, August 18, 2018 7:25 PM IST
ബംഗളൂരു: അടുത്തവർഷം മാർച്ചോടെ റീടെയിൽ ബിസിനസ് വർധിപ്പിക്കാൻ ലക്ഷ്യമിട്ട് സിൻഡിക്കറ്റ് ബാങ്ക്. ഫീ വരുമാനം വർധിപ്പിക്കുക, ഡിജിറ്റൽ ഇടപാടുകൾ വർധിപ്പിക്കുക, ആസ്തി ഗുണമേന്മ മെച്ചപ്പെടുത്തുക, കിട്ടാക്കടങ്ങൾ പിരിച്ചെടുക്കാനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയവയും ബാങ്ക് ലക്ഷ്യമിടുന്നു.

വായ്പ ഏഴു ശതമാനം വളർച്ചയോടെ 1,74,868 കോടി രൂപയിലെത്തി. മുൻഗണനാ മേഖലയ്ക്കുള്ള വായ്പ അഞ്ചു ശതമാനം വർധിച്ച് 70,681 കോടി രൂപയിലെത്തി. ഭവനവായ്പ 15 ശതമാനം വർധിച്ച് 17,425 കോടി രൂപയിലും. റീട്ടെയിൽ വായ്പ 11 ശതമാനം വർധിച്ച് 35,827 കോടി രൂപയിലുമെത്തി.

അതേസമയം, പ്രവർത്തനച്ചെലവ് 1,328 കോടി രൂപയിൽ നിർത്താൻ ബാങ്കിനു സാധിച്ചു. മുൻവർഷം ഇതേ കാലയളവിൽ 1,308 കോടി രൂപയായിരുന്നു പ്രവർത്തനച്ചെലവ്.

മൂലധന പര്യാപ്തത 11.84 ശതമാനമാണ്. ആഭ്യന്തര കാസാ ജൂൺ 30ന് അവസാനിച്ച ക്വാർട്ടറിൽ 33.43 ശതമാനമാണ്. മുൻവർഷം ഇതേ കാലയളവിൽ ഇത് 30.13 ശതമാനമായിരുന്നു. ബാങ്കിന്‍റെ എൻപിഎ മാർച്ചിലെ 13,239 കോടി രൂപയിൽ നിന്ന് 13,011 കോടി രൂപയായിട്ടുണ്ട്. ഗ്രോസ് എൻപിഎ റേഷ്യോ 12.59 ശതമാനവും എൻപിഎ റേഷ്യോ 6.64 ശതമാനവുമാണ്. ബാങ്കിന്‍റെ വകയിരുത്തൽ മുൻവർഷം ഇതേ കാലയളവിലെ 1,410 കോടി രൂപയിൽ നിന്ന് 1,840 കോടി രൂപയായി ഉയർന്നു.