ഭാരതബന്ദ്: സംസ്ഥാനത്ത് ഗതാഗതം സ്തംഭിക്കും
Saturday, September 8, 2018 8:53 PM IST
ബംഗളൂരു: ഇന്ധനവില വർധനയ്ക്കെതിരേ കോൺഗ്രസും പ്രതിപക്ഷപാർട്ടികളും രാജ്യവ്യാപകമായി നാളെ പ്രഖ്യാപിച്ച ഭാരതബന്ദിൽ സംസ്ഥാനത്തെ ബംഗളൂരു അടക്കമുള്ള നഗരങ്ങളിൽ ഗതാഗതം സ്തംഭിക്കാൻ സാധ്യത. സംസ്ഥാനത്തെ വിവിധ ഗതാഗത സംഘടനകൾ ബന്ദിനോട് ഐക്യദാർഡ്യം പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്. കർണാടക ആർടിസിയിലെ സിപിഐ അനുകൂല തൊഴിലാളി സംഘടനയായ കെഎസ്ആർടിസി സ്റ്റാഫ് ആൻഡ് വർക്കേഴ്സ് ഫെഡറേഷൻ ബന്ദിനോടു സഹകരിക്കുമെന്ന് അറിയിച്ച സാഹചര്യത്തിൽ ബിഎംടിസി, കർണാടക ആർടിസി, നോർത്ത്‌വെസ്റ്റ് കെആർടിസി, നോർത്ത് ഈസ്റ്റ് കെആർടിസി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങളുടെയും സർവീസ് മുടങ്ങാനാണ് സാധ്യത.

അതേസമയം, നാളത്തെ സാഹചര്യം പരിശോധിച്ച ശേഷം ബസ് സർവീസുകൾ നടത്തുമെന്ന് ബിഎംടിസിയും കർണാടക ആർടിസിയും അറിയിച്ചിട്ടുണ്ട്. മെട്രോ, ട്രെയിൻ സർവീസുകൾ തടസമില്ലാതെ നടക്കും.

അതേസമയം, ബന്ദിനെ പിന്തുണയ്ക്കുന്ന കാര്യത്തിൽ ടാക്സി ഡ്രൈവർമാരുടെ സംഘടനകൾ രണ്ടു തട്ടിലാണ്. ആപ്പ് അധിഷ്ഠിത ടാക്സി ഡ്രൈവർമാരും ബന്ദിൽ പങ്കെടുക്കുമെന്ന് കർണാടക ടാക്സി ഓണേഴ്സ് ഫെഡറേഷൻ പ്രസിഡന്‍റ് തൻവീർ പാഷ അറിയിച്ചു. നാളെ ഇന്ധനവിലവർധനയ്ക്കെതിരേ ടൗൺ ഹാളിനു സമീപം പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ സംഘടനകളുമായും ചർച്ചകൾ നടത്താതെ സമരത്തോട് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന കാര്യത്തിൽ തീരുമാനമെടുക്കാനാവില്ലെന്ന് ബാംഗളൂർ ടൂറിസ്റ്റ് ടാക്സി ഓപ്പറേറ്റേഴ്സ് അസോസിയേഷൻ പ്രസിഡന്‍റ് കെ. രാധാകൃഷ്ണ ഹൊള്ള അറിയിച്ചു. എയർപോർട്ട് ടാക്സികൾ സാധാരണനിലയിൽ സർവീസ് നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ഫെഡറേഷൻ ഓഫ് കർണാടക ലോറി ഓണേഴ്സും ബന്ദിനു പിന്തുണ അറിയിച്ചിട്ടുണ്ട്.