ഇന്ത്യ ചെക്ക് ബന്ധം ശക്തമാക്കും: രാം നാഥ് കോവിന്ദ്
Saturday, September 8, 2018 9:10 PM IST
പ്രാഗ്: ചെക്ക് റിപ്പബ്ളിക്കിലെത്തിയ ഇന്ത്യൻ പ്രസിഡന്‍റ് രാം നാഥ് കോവിന്ദിന് ഉജ്ജ്വല സ്വീകരണം. പ്രസിഡന്‍റ് മലോസ് സേമാൻ പൂർണ സൈനിക ബഹുമതികളോടെയാണ് സ്വീകരിച്ചത്. തുടർന്നു ഇരു നേതാക്കളും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ പ്രതിരോധം, ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തിയിലെ പ്രശ്നങ്ങൾ തുടങ്ങിയവ ചർച്ച ചെയ്തു.

രണ്ട് രാജ്യങ്ങൾ തമ്മിലുള്ള വ്യാപാരബന്ധം വിപുലപ്പെടുത്തുവാനും തീരുമാനമായി. ചെക്ക് റിപ്പബ്ലിക്കിൽ ഏഷ്യയിലെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ. ചെക്ക് കയറ്റുമതിയുടെ മൊത്തം മൂല്യം 600 മില്യണ്‍ യൂറോയുമാണ്. ചെക്ക് ഇൻവെസ്റ്റ്മെന്‍റ് തന്നെ ഇന്ത്യയിൽ വർധിച്ചുവരികയാണ്.

ഇന്ത്യയിൽ നിന്നും 50 കന്പനി പ്രതിനിധികൾ കൂടി പ്രസിഡന്‍റിനൊപ്പം സംഘത്തിലുണ്ട്.പ്രാഗിൽ നടന്ന ബിസിനസ് ഫോറത്തിൽ പ്രതിനിധികൾ പങ്കെടുക്കുകയും ചെയ്തു.ചെക് റിപ്പബ്ലിക്കിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ അസോസിയേഷൻ ചെയർമാൻ കരെൽ ഹാവ്ലിക്ക് ഫോറം സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.

ബംഗളുരുവിൽ ഒരു ചെക്ക് വ്യവസായ ക്ലസ്റ്റർ വികസിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതിയുടെ രൂപരേഖ തദവസരത്തിൽ രാഷ്ട്രപതിക്ക് കൈമാറി. ഭാവിയിൽ ബംഗളുരു ഉപഭൂഖണ്ഡത്തിലെ ചെക്ക് വ്യവസായങ്ങളുടെ ഒരു വ്യാവസായിക കേന്ദ്രമായിരിക്കും. ഇന്ത്യയിലെ നിക്ഷേപത്തെക്കുറിച്ചും ബംഗളുരു ചെക്ക് ഹബാകുന്നതിന്‍റെ പ്രവർത്തനങ്ങളെക്കുറിച്ചും സംസാരിച്ച ചെയർമാൻ രണ്ട് വർഷങ്ങൾക്ക് മുന്പ് തുറന്ന പുഷ് ബാക്ക് ഹബ് എന്നായിരുന്നു ബംഗളുരുവിനെ വിശേഷിപ്പിച്ചത്.ചെക്കിലേയ്ക്കു കയറ്റുമതി ചെയ്യാൻ ടാറ്റ ട്രക്കുകൾ, ഭാരത് ഹെവി യന്ത്ര നിർമാതാക്കളായ ബിഇഎംഎല്ലുമായി ധാരണാപത്രത്തിൽ ഒപ്പുവയ്ക്കുകയും ചെയ്തു.

ഇന്ത്യയുടെ വളർച്ചാ കഥയും ചെക് റിപ്പബ്ലിക്കിന്‍റെ സാങ്കേതികവിദ്യയും നിർമാണവുമാണ് ഇരുരാജ്യങ്ങളെയും തമ്മിൽ സ്വാഭാവിക പങ്കാളികൾ ആക്കിയതെന്നു രാഷ്ട്രപതി കോവിന്ദ് പറഞ്ഞു. ഈ സാന്പത്തിക വർഷത്തിന്‍റെ ആദ്യപാദത്തിൽ ഇന്ത്യൻ സന്പദ്ഘടന 8.2 ശതമാനം വളർച്ച കൈവരിച്ചെന്നും ലോകത്തിലെ അതിവേഗം വളരുന്ന സന്പദ് വ്യവസ്ഥയാണെന്നും അദ്ദേഹം ചൂണ്ടക്കാട്ടി. ഇന്ത്യ ഇപ്പോൾ ലോകത്തിലെ ആറാമത് ഏറ്റവും വലിയ സന്പദ്ഘടനയാണെന്നും 2025 ആകുന്പോഴേക്കും 5 ട്രില്യണ്‍ ഡോളർ സാന്പത്തിക ശക്തിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ത്രിരാഷ്ട്ര സന്ദർശനത്തിനായി സെപ്റ്റംബർ രണ്ടിന് യൂറോപ്പിലെത്തിയ രാം നാഥ് കോവിന്ദ് സൈപ്രസ്, ബൾഗേറിയ എന്നീ രാജ്യങ്ങൾ സന്ദർശിച്ച ശേഷമാണ് ചെക്ക് റിപ്പബ്ളിക്കിൽ എത്തിയത്. ശനിയാഴ്ച സന്ദർശനം പൂർത്തിയാക്കി ഇന്ത്യയിലേയ്ക്ക് മടങ്ങും.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ