ഒന്പതാമത് കേളി ഫുട്ബോള്‍ ടൂർണമെന്‍റിന് വെള്ളിയാഴ്ച പന്തുരുളും
Wednesday, September 12, 2018 8:54 PM IST
റിയാദ്: റിയാദിലെ പ്രവാസികളുടെ ഏറ്റവും വലിയ ഫുട്ബോള്‍ മേളയായ ഒന്പതാമത് കേളി ഫുട്ബോൾ ടൂർണമെന്‍റിനു സെപ്റ്റംബര്‍ 14 ന് (വെള്ളി) പന്തുരുളും. പ്രവാസ ഫുട്ബോൾ ചരിത്രത്തിലെ അവിസ്മരണീയമായ എട്ട് ഫുട്ബോള്‍ ടൂര്‍ണമെന്‍റുകള്‍ക്ക് ആദിത്യമരുളിയ കേളി കാലത്തിനനുസരിച്ചുള്ള അത്യാധുനീക സംവിധാനങ്ങളോടെ ഒരുക്കുന്ന ഒന്പതാമത് എഡിഷന്‍റെ മുഖ്യ പ്രായോജകരായ ഡബിള്‍ഹോഴ്സിനോടൊപ്പം മറ്റ് നിരവധി സ്ഥാപനങ്ങളും സഹ പ്രായോജകരാണ്.

ലീഗ്-കം-നോക്കൗട്ട് അടിസ്ഥാനത്തില്‍ നടക്കുന്ന ടൂർണമെന്‍റിൽ റിയാദ് ഇന്ത്യന്‍ ഫുട്ബോള്‍ അസോസിയേഷന്‍ അംഗീകാരമുള്ള എട്ട് പ്രമുഖ ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കും. കേരളത്തില്‍ നിന്നുള്ള പ്രഗല്‍ഭരായ കളിക്കാര്‍ ടൂർണമെന്‍റിൽ വിവിധ ടീമുകള്‍ക്കായി ബൂട്ടണിയും. ഓൺലൈൻ സംവിധാനത്തിലൂടെയാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്ന കളിക്കാരെ ഇത്തവണ രജിസ്റ്റർ ചെയ്യുക. കൂടാതെ കളിയുടെ മേന്മക്കും നല്ലൊരു കായിക സംസ്കാരം വളർത്തിയെടുക്കാനും ഫിഫ ഫെയർ പ്ളേ മാർഗനിർദ്ദേശങ്ങളും ഇത്തവണത്തെ ടൂർണമെന്‍റിന്‍റെ പ്രത്യേകതകളാണ്. ഫൈനല്‍ റൗണ്ടില്‍ എത്തുന്ന ടീമുകള്‍ക്ക് പുറമെ ആദ്യ റൗണ്ടില്‍ പുറത്താകുന്ന ടീമുകള്‍ ഉള്‍പ്പെടെ ടൂര്‍ണമെന്‍റില്‍ കളിക്കുന്ന എല്ലാ ടീമുകള്‍ക്കും പ്രൈസ് മണി ലഭിക്കും. സൗദി റഫറി അലി അൽ ഖഹ്താനിയുടെ നേതൃത്വത്തിലുള്ള ഒന്പതംഗ സംഘത്തിനാണ് മത്സരങ്ങൾ നിയന്ത്രിക്കാനുള്ള ചുമതല.

കാല്‍പന്തുകളിയുടെ പ്രാധാന്യം ഭാവി തലമുറകളിലേക്ക് പകരാനും വളര്‍ന്നു വരുന്ന ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനും ലക്ഷ്യം വച്ച് റിയാദിലെ ഇന്‍റർ നാഷണല്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അഞ്ചാമത് കേളി ഇന്‍റർസ്കൂള്‍ ഫുട്ബോള്‍ ടൂര്‍ണമെന്‍റ് മുഖ്യ ടൂര്‍ണമെന്‍റിനോടൊപ്പം സംഘടിപ്പിക്കുന്നുണ്ട്.

ടൂര്‍ണമെന്‍റിൽ ഫുട്ബോള്‍ പ്രേമികള്‍ക്ക് വിവിധയിനം മത്സരങ്ങളും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ കേളി ഫുട്ബാള്‍ ഫേസ് ബുക്ക് പേജ് വഴി എല്ലാ ആഴ്ചയിലും ഫുട്ബോള്‍ ക്വിസ് മത്സരവും സ്റ്റേഡിയത്തില്‍ സെല്‍ഫി കോര്‍ണറുകളും ഒരുക്കിയതായി സംഘാടകര്‍ അറിയിച്ചു.

അനുസ്യൂതം തുടരുന്ന കേളിയുടെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി, മലപ്പുറം, കണ്ണുര്‍, കൊല്ലം എന്നീ മൂന്നു ജില്ലകള്‍ കേന്ദ്രീകരിച്ച് പാവപ്പെട്ട രോഗികള്‍ക്ക് ആശ്വാസമെത്തിക്കുന്നതിനായി ഒരോ അത്യാധുനിക ഡയാലിസിസ് മെഷീനുകള്‍ സംഭാവന നല്‍കുവാന്‍ നേരത്തെ കേളി തീരുമാനിച്ചിരുന്നു. പ്രളയത്താല്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ മുഴുവന്‍ കേളി അംഗങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരു ദിവസത്തെ വേതനം സംഭാവന ചെയ്തിരുന്നു. രണ്ടാംഘട്ടമെന്ന നിലയില്‍ ടൂർണമെന്‍റിന്‍റെ ഭാഗമായി കൂടുതല്‍ സഹായമെത്തിക്കുക എന്ന ലക്ഷ്യത്തോടെ മത്സരം നടക്കുന്ന സ്റ്റേഡിയത്തില്‍ ഒരു ദുരിതാശ്വാസ സഹായ കൗണ്ടര്‍ ആരംഭിക്കാനും പദ്ധതിയുണ്ടെന്ന് കേളി സെക്രട്ടറി ഷൗക്കത്ത് നിലമ്പൂര്‍ പറഞ്ഞു.