പുനർവിവാഹം ചെയ്തതിന്‍റെ പേരിൽ പുറത്താക്കാനാവില്ല: യൂറോപ്യൻ കോടതി
Thursday, September 13, 2018 12:57 AM IST
സ്ട്രാസ്ബർഗ്: പുനർവിവാഹം ചെയ്തതിന്‍റെ പേരിൽ ജോലിയിൽ നിന്നു പുറത്താക്കുന്നതു വിവേചനമെന്ന് യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റിസ് വിധി. കത്തോലിക്കാ സഭയിലുള്ള ആശുപത്രിയിൽ നിന്നു പിരിച്ചുവിടൽ ഉത്തരവ് കിട്ടിയ പ്രൊട്ടസ്റ്റന്‍റ് ഫിസിഷ്യന് അനുകൂലമായി പത്തു വർഷത്തെ നിയമ പോരാട്ടത്തിനൊടുവിൽ വിധി വന്നിരിക്കുന്നത്.

വിവാഹമോചിതനായ ഡോക്ടർ പുനർ വിവാഹം കഴിച്ചതാണ് പിരിച്ചുവിടലിനു കാരണമായി ചൂണ്ടിക്കാണിച്ചിരുന്നത്. കത്തോലിക്കാ സഭയുടെ നിയമങ്ങൾ അനുസരിച്ച് വിവാഹ ബന്ധം വേർപെടുത്താനോ വേർപെടുത്തിയ ശേഷം പുനർ വിവാഹം കഴിക്കാനോ സാധിക്കില്ല. ഇതു ലംഘിച്ചു എന്നായിരുന്നു ആരോപണം.

എന്നാൽ, താൻ കത്തോലിക്കാ സഭയിൽപ്പെട്ട ആളല്ലെന്നും പ്രൊട്ടസ്റ്റന്‍റാണെന്നും കത്തോലിക്കാ സഭയുടെ നിയമം മറ്റു മതസ്ഥർക്കു മേൽ അടിച്ചേൽപ്പിക്കുന്നതു വിവേചനമാണെന്നും ഡോക്ടർ വാദിച്ചു.

ലേബർ കോടതിയും സ്റ്റേറ്റ് ലേബർ കോടതിയും ഫെഡറൽ ലേബർ കോടതിയും ഫെഡറൽ കോണ്‍സ്റ്റിറ്റ്യൂഷണൽ കോടതിയും കടന്നാണ് വിഷയം യൂറോപ്യൻ കോർട്ട് ഓഫ് ജസ്റ്റീസിൽ എത്തിയത്. ഇക്കാലയളവിൽ, അന്തിമ വിധി വന്നിട്ടില്ലാത്ത സാഹചര്യത്തിൽ ഫിസിഷ്യൻ ജോലിയിൽ തുടരുകയായിരുന്നു.

നാലു കോടതികളിലും വ്യത്യസ്ത വിധി വന്നു, അതതു കക്ഷികൾ അതിനു മുകളിലുള്ള കോടതിയിൽ അപ്പീലും നൽകി. അങ്ങനെയാണ് കേസ് പത്തു വർഷം ദീർഘിച്ചത്.

റിപ്പോർട്ട് : ജോസ് കുന്പിളുവേലിൽ