മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ഓണാഘോഷ പരിപാടികൾ ശനിയാഴ്ച
Friday, September 14, 2018 10:38 PM IST
മാഞ്ചസ്റ്റർ: യുകെയിലെ പ്രമുഖ അസോസിയേഷനുകളിലൊന്നായ മാഞ്ചസ്റ്റർ മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ( എംഎംസിഎ) കേരളത്തിലെ പ്രളയ ദുരന്ത ബാധിതരെ സഹായിക്കുന്നതിനായി സംഘടിപ്പിച്ചിരിക്കുന്ന ഓണാഘോഷ പരിപാടികളും ചാരിറ്റി സംഗീത സായാഹ്നവും സെപ്റ്റംബർ 15 ന് (ശനി) വിഥിൻഷോ ഫോറം സെന്‍ററിൽ നടക്കും.

എംഎംസിഎയുടെ ഓണാഘോഷ പരിപാടികളും പതിനഞ്ചാം വാർഷിക ആഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കുവാൻ ഫണ്ട് ശേഖരിക്കുകയാണ് ലക്ഷ്യം. കേരളത്തിലെ പ്രളയ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ മറ്റ് സംഘടനകൾക്ക് മാതൃകയായി ഓണാഘോഷവും ഒരു വർഷം നീണ്ട് നില്ക്കുന്ന പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനവും തികച്ചും ലളിതമായി നടത്തി ബാക്കി ലഭിക്കുന്ന തുക ദുരന്തമുഖത്ത് വിറങ്ങലിച്ച് നിൽക്കുന്ന നമ്മുടെ സഹോദരങ്ങളെ സഹായിക്കുവാൻ ടീം എം.എം.സി.എ തീരുമാനിച്ചപ്പോൾ മുഴുവൻ അംഗങ്ങളും ഒറ്റക്കെട്ടായി തീരുമാനത്തെ സ്വാഗതം ചെയ്യുകയാണ് ചെയ്തത്.

കേരളത്തിലെ ദുരിതബാധിതരെ സഹായിക്കുവാൻ വൈകുന്നേരം 4 മുതൽ യു കെയിലെ പ്രശസ്ത ഗായകർ പങ്കെടുക്കുന്ന റെക്സ് ജോസ്, റോയ് മാത്യു, ബെന്നി, ഷിബു, ഷാജു ഉതുപ്പ്, രഞ്ജിത്ത് ഗണേഷ്, തുടങ്ങിയ യു കെയിലെ മികച്ച ഗായകർ ഉൾപ്പെടുന്ന സംഗീത സായാഹ്നവും മാഞ്ചസ്റ്റർ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളം, അശോക് ഗോവിന്ദിന്‍റെ ഹാസ്യവും മറ്റ് കലാപരിപാടികളും ചേർന്നാണ് ചാരിറ്റി സംഗീത സായാഹ്നം സംഘടിപ്പിച്ചിട്ടുള്ളത്. പ്രവേശനം സൗജന്യമാണ്. സുമനസുകൾക്ക് ചാരിറ്റി ഫണ്ടിലേക്ക് തങ്ങളാൽ കഴിയുന്ന തുക സംഭാവന നൽകാവുന്നതാണ്.

ഓണാഘോഷ പരിപാടികൾ രാവിലെ 11ന് പൂക്കളമിട്ട്, ഇൻഡോർ മത്സരങ്ങളോടെ ഫോറം സെന്‍ററിൽ ആരംഭിക്കും. അംഗങ്ങൾക്കായി എംഎംസിഎ ടോഫിക്കും അലീഷാ ജിനോ മെമ്മോറിയൽ ട്രോഫിക്കും വേണ്ടിയുമുള്ള വടംവലി മത്സരവും തുടർന്ന് ഓണസദ്യയും നടക്കും.

ഉച്ചകഴിഞ്ഞു മൂന്നിനു നടക്കുന്ന ഉദ്ഘാടന സമ്മേളനം യുകെയിലെ ഉന്നത സിവിൽ സർവീസുകാരനായ ഡോ.അനൂജ് മാത്യു ഉദ്ഘാടനം ചെയ്യും. പ്രസിഡന്‍റ് അലക്സ് വർഗ്ഗീസ് അധ്യക്ഷത വഹിക്കും. വിഥിൻഷോ & സെയിൽ എം.പി. മൈക്ക് കേൻ, യുക്മ പ്രസിഡന്‍റ് മാമ്മൻ ഫിലിപ്പ്, മാഞ്ചസ്റ്റർ സിറ്റി കൗൺസിലർമാരായ മുൻ മേയർ എഡ്ഡി ന്യൂമാൻ, സാറാ ജഡ്ജ്, ബ്രയാൻ ഒ നീൽ തുടങ്ങിയ വിശിഷ്ട വ്യക്തികൾ ആശംസകൾ നേർന്നു സംസാരിക്കും. സെക്രട്ടറി ജനീഷ് കുരുവിള സ്വാഗതവും ട്രഷറർ സാബു ചാക്കോ നന്ദിയും പറയും. ചടങ്ങിൽ മുൻ പ്രസിഡന്‍റുമാരെ ആദരിക്കും. ജിസിഎസ്ഇയിലേയും എ ലെവലിയേയും വിജയികൾക്ക് അവാർഡുകളും സമ്മാനങ്ങളും അസോസിയേഷന്‍റെ കഴിഞ്ഞ വർഷത്തെ ശിശുദിനാഘോഷ മത്സരങ്ങളുടെയും കായിക മത്സരങ്ങളിലെയും വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്യും. തുടർന്ന് അസോസിയേഷൻ ഡാൻസ് സ്കൂളിലെ കുട്ടികളുടെയും അംഗങ്ങളുടെയും കലാപരിപാടികൾ അരങ്ങേറും.

വൈകുന്നേരം 4 ന് യുകെയിലെ പ്രമുഖ കലാകാരൻമാർ അണിനിരക്കുന്ന സംഗീത സായാഹ്നവും മറ്റ് പരിപാടികളും ഉണ്ടായിരിക്കും. ചാരിറ്റി ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിക്കുന്ന പരിപാടിയിൽ മാഞ്ചസ്റ്റർ മേളം അവതരിപ്പിക്കുന്ന ചെണ്ടമേളം ഉൾപ്പെടെ നിരവധി കലാപരിപാടികൾ ഉണ്ടായിരിക്കും.