വിദേശത്ത് ബ്രാഞ്ചുകൾ തുടങ്ങാൻ എൻഎച്ച്എസ്
Friday, September 14, 2018 11:14 PM IST
ലണ്ടൻ: ബ്രിട്ടനിലെ എൻഎച്ച്എസ് ട്രസ്റ്റുകൾക്ക് വിദേശ രാജ്യങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കാൻ സർക്കാർ അനുമതി നൽകുമെന്ന് സൂചന. ബ്രെക്സിറ്റ് അനന്തര സാന്പത്തിക മാന്ദ്യം മറികടന്ന് എൻഎച്ച്എസുകളുടെ വരുമാനം ഏഴു ബില്യൻ പൗണ്ട് വരെ വർധിപ്പിക്കുകയാണ് ഇത്തരമൊരു നീക്കത്തിന്‍റെ ലക്ഷ്യം.

ഇപ്പോൾ തന്നെ മൂർഫീൽഡ് കണ്ണാശുപത്രിയുടെ ബ്രാഞ്ചുകൾ ദുബായിലും അബുദാബിയിലും പ്രവർത്തിച്ചു വരുന്നു. അവിടെ പരിശീലനം നേടിയവരാണ് ഇവിടെ പ്രവർത്തിക്കുന്നത്. ബ്രിട്ടനിലേതിനു സമാനമായ ചികിത്സാ നിലവാരം ഉറപ്പു നൽകുന്നു.

ഇത്തരത്തിൽ, ആരോഗ്യ രംഗത്ത് വികസന സാധ്യതകളുള്ള ഗൾഫ് രാജ്യങ്ങളും ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളുമാണ് എൻഎച്ച്എസിന്‍റെ വിദേശ വ്യാപനത്തിൽ ആദ്യ പരിഗണനയിലുള്ളത്.

അതേസമയം, നിലവിൽ ബ്രിട്ടനിലുള്ള രോഗികളെ തന്നെ നോക്കാൻ മതിയായ ഡോക്റ്റർമാരും നഴ്സുമാരും ഇല്ലാത്ത അവസ്ഥയാണ് ബ്രിട്ടനിലെ എൻഎച്ച്എസുകൾ നേരിടുന്നത്. വിദേശ ബ്രാഞ്ചുകൾ കൂടി തുടങ്ങുന്നതോടെ സ്ഥിതി കൂടുതൽ വിഷളാകുമെന്ന ആശങ്ക ശക്തമാണ്.

എന്നാൽ, ബ്രിട്ടനിൽ നിന്നുള്ള ജീവനക്കാരെ വിദേശ രാജ്യങ്ങളിലേക്ക് ഡെപ്യൂട്ട് ചെയ്യുന്നതിനു പകരം അതതു രാജ്യങ്ങളിൽ നിന്നു തന്നെ റിക്രൂട്ട്മെന്‍റ് നടത്താനാണ് ആലോചിക്കുന്നത്. അങ്ങനെ വന്നാൽ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ആരോഗ്യ മേഖലാ വിദഗ്ധർക്ക് എൻഎച്ച്എസിൽ ജോലി ചെയ്യാൻ അവസരം കിട്ടും. ഇന്ത്യയിലേതിനെക്കാൾ ഉയർന്ന ശന്പളവും സ്വന്തമാക്കാം.കൂടുതൽ ശന്പളാനുകൂല്യങ്ങൾ കൊടുക്കുമെന്നുള്ളതിനാൽ മലയാളികളുടെ വിദേശത്തേയ്ക്കുള്ള ഒഴുക്ക് കുറയുമെന്നും പറയപ്പെടുന്നു.

റിപ്പോർട്ട്: ജോസ് കുന്പിളുവേലിൽ