പുകയില വിൽപനയ്ക്ക് മൂക്കുകയർ; ഇനി ലൈസൻസ് വേണം
Saturday, September 29, 2018 6:46 PM IST
ബംഗളൂരു: സംസ്ഥാനത്ത് പുകയില ഉത്പന്നങ്ങളുടെ വില്പനയ്ക്ക് മൂക്കുകയറിടാൻ സർക്കാർ. വില്പനക്കാർക്ക് പ്രത്യേക ലൈസൻസ് ഏർപ്പെടുത്താനാണ് നീക്കം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെയാണ് ലൈസൻസ് നല്കാൻ ചുമതലപ്പെടുത്തുക. പദ്ധതിയുടെ അന്തിമരൂപം തയാറായിവരികയാണെന്ന് മന്ത്രി യു.ടി. ഖാദർ അറിയിച്ചു.

സംസ്ഥാനത്ത് ലഹരിവസ്തുക്കളുടെ ഉപയോഗവും വില്പനയും നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ലൈസൻസ് ഏർപ്പെടുത്തുന്നത്. ഇതു പ്രകാരം പലഹാരങ്ങളും മിഠായികളും വില്ക്കുന്ന കടകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങളോടു ചേർന്നുള്ള കടകൾ എന്നിവയ്ക്ക് സിഗരറ്റ് ഉൾപ്പെടെയുള്ള പുകയില ഉത്പന്നങ്ങൾ വില്ക്കാൻ അനുവാദമുണ്ടായിരിക്കില്ല. ലൈസൻസ് ഏർപ്പെടുത്തുന്നതോടെ അനധികൃതമായി പുകയില ഉത്പന്നങ്ങൾ വില്ക്കുന്നത് നിയന്ത്രിക്കാനാകുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ലൈസൻസ് ഇല്ലാതെ ഇവ വില്ക്കുന്നത് ശ്രദ്ധയിൽപെട്ടാൽ കർശനനടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.