ബിജെപിയെ പ്രതിസന്ധിയിലാക്കി ലക്ഷ്മി ഹെബ്ബാൾക്കറുടെ വെളിപ്പെടുത്തൽ
Saturday, September 29, 2018 6:47 PM IST
ബംഗളൂരു: എതിർപാളയത്തെ നേതാക്കളെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾ‌ക്കിടെ ബിജെപിയെ പ്രതിക്കൂട്ടിലാക്കി കർണാടക കോൺഗ്രസ് അധ്യക്ഷയും എംഎൽഎയുമായ ലക്ഷ്മി ഹെബ്ബാൾക്കറുടെ വെളിപ്പെടുത്തൽ. ബിജെപിയിൽ ചേരാൻ മന്ത്രിസ്ഥാനവും 30 കോടി രൂപയും വാഗ്ദാനം ചെയ്തെന്നാണ് എംഎൽഎ ആരോപിച്ചത്. അതേസമയം, ആരാണ് വാഗ്ദാനം ചെയ്തതെന്ന് അവർ വെളിപ്പെടുത്താൻ തയാറായില്ല.

ബെലാഗവി ഭൂവികസന ബാങ്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ലക്ഷ്മിയുമായി ഇടഞ്ഞ കോൺഗ്രസ് നേതാവ് സതീഷ് ജാർകിഹോളി ബിജെപി പക്ഷത്തേക്കു കൂടുമാറുമെന്ന തരത്തിൽ അഭ്യൂഹങ്ങൾ പുറത്തുവന്നിരുന്നു. ഇതിനിടെയാണ് ബിജെപി തന്നെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപണവുമായി വനിതാ എംഎൽഎ രംഗത്തെത്തുന്നത്. കോൺഗ്രസ്- ജെഡിഎസ് സഖ്യം ദുർബലപ്പെടുത്തുന്നതിനായി എംഎൽഎമാരെ ചാക്കിലാക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണങ്ങൾക്ക് ശക്തിപകരുന്നതാണ് പുതിയ വെളിപ്പെടുത്തൽ.